പത്തുലക്ഷത്തിന് താഴെ രണ്ടില്‍ കൂടുതല്‍ എയര്‍ബാഗുകളുള്ള കാറുകള്‍
പത്തുലക്ഷത്തിന് താഴെയുള്ള കാറുകളെ വിപണിയില്‍ കൊണ്ടുവരാന്‍ നിര്‍മ്മാതാക്കള്‍ക്ക് പ്രത്യേക താത്പര്യമാണ്. ഇത്തരം കാറുകള്‍ക്കാണ് ഇന്ത്യയില്‍ ആവശ്യക്കാരേറെയും. കുറഞ്ഞ വില മാത്രം പോരാ, ഫീച്ചറുകളുടെ ധാരാളിത്തവും കാറുകളിലുണ്ടായിരിക്കണം. ഇക്കാരണത്താല്‍ സുരക്ഷയെക്കാളുപരി ഫീച്ചറുകള്‍ക്കാണ് ചെറു കാറുകളില്‍ പ്രാധാന്യം.

ഭേദപ്പെട്ട സുരക്ഷയാണ് ആവശ്യമെങ്കില്‍ പത്തുലക്ഷത്തിന് മുകളിലുള്ള കാറുകള്‍ നോക്കുന്നതാണ് നിലവിലെ സാഹചര്യങ്ങളില്‍ ഉത്തമം. എന്നാല്‍ പത്തുലക്ഷത്തിന് താഴെ മോശമല്ലാത്ത സുരക്ഷയേകുന്ന ഏതാനും ചില മോഡലുകള്‍ വിപണിയില്‍ വില്‍പനയ്‌ക്കെത്തുന്നുണ്ടുതാനും. പത്തുലക്ഷത്തിന് താഴെ രണ്ടില്‍ കൂടുതല്‍ എയര്‍ബാഗുകള്‍ ഒരുങ്ങുന്ന കാറുകള്‍ —

ഫോര്‍ഡ്: ഫിഗൊ, ആസ്‌പൈര്‍, ഫ്രീസ്റ്റൈല്‍
സുരക്ഷയുടെ കാര്യത്തില്‍ കടുംപിടുത്തമുള്ള വാഹനനിര്‍മ്മാതാക്കളാണ് ഫോര്‍ഡ്. അതുകൊണ്ടു പത്തുലക്ഷത്തിന് താഴെ വിപണിയില്‍ കൊണ്ടുവന്നിട്ടുള്ള മൂന്ന് കാറുകള്‍ക്കും ആറു എയര്‍ബാഗുകള്‍ വീതമാണ് കമ്പനി നല്‍കുന്നത്.

ഫിഗൊ, ആസ്‌പൈര്‍, ഫ്രീസ്റ്റൈല്‍ മോഡലുകളുടെ ഏറ്റവും ഉയര്‍ന്ന ടൈറ്റാനിയം പ്ലസ് വകഭേദത്തില്‍ മുന്‍, സൈഡ്, കര്‍ട്ടന്‍ എന്നിങ്ങനെ ആറു എയര്‍ബാഗുകള്‍ ഒരുങ്ങുന്നുണ്ട്.

ഫോര്‍ഡ് ഫിഗൊ ടൈറ്റാനിയം പ്ലസ് പെട്രോളിന് 6.83 ലക്ഷം രൂപയാണ് വില. ടൈറ്റാനിയം പ്ലസ് ഡീസല്‍ 7.74 ലക്ഷം രൂപ വില കുറിക്കും. ഫോര്‍ഡ് ആസ്‌പൈര്‍ ടൈറ്റാനിയം പ്ലസ് പെട്രോള്‍, ഡീസല്‍ മോഡലുകള്‍ യഥാക്രമം 7.34 ലക്ഷം, 8.46 ലക്ഷം രൂപ വിലയിലാണ് വില്‍പനയ്‌ക്കെത്തുന്നത്.

ഫോര്‍ഡ് ഫ്രീസ്റ്റൈലിന്റെ കാര്യമെടുത്താല്‍ ഏറ്റവും ഉയര്‍ന്ന ടൈറ്റാനിയം വകഭേദങ്ങള്‍ക്ക് 6.94 ലക്ഷം രൂപയും (പെട്രോള്‍) 7.89 ലക്ഷം രൂപയുമാണ് (ഡീസല്‍) എക്‌സ്‌ഷോറൂം വില. വിലകള്‍ ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി.

ഫോര്‍ഡ് നിരയിലുള്ള ഇക്കോസ്‌പോര്‍ടില്‍ ആറു എയര്‍ബാഗുകളും എന്‍ഡവറില്‍ ഏഴു എയര്‍ബാഗുകളുമുണ്ട്. എന്നാല്‍ ഈ മോഡലുകള്‍ക്ക് പത്തുലക്ഷത്തില്‍ കൂടുതലാണ് വില.

ഹ്യുണ്ടായി: എലൈറ്റ് i20, i20 ആക്ടിവ്
പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ ഹ്യുണ്ടായിയുടെ സമപ്പര്‍ണങ്ങളാണ് എലൈറ്റ് i20, i20 ആക്ടിവ് മോഡലുകള്‍. എലൈറ്റ് i20 -യുടെ ക്രോസ്ഓവര്‍ പതിപ്പാണ് i20 ആക്ടിവ്. ഇരു മോഡലുകളുടെയും ഉയര്‍ന്ന വകഭേദങ്ങളില്‍ ആറു എയര്‍ബാഗുകള്‍ വീതമാണ് ഒരുങ്ങുന്നത്. മുന്‍, സൈഡ്, കര്‍ട്ടന്‍ എയര്‍ബാഗുകള്‍ ഇതില്‍പ്പെടും.

എലൈറ്റ് i20 -യുടെ ആസ്റ്റ (O) വകഭേദത്തിലും i20 ആക്ടവിന്റെ SX വകഭേദത്തിലുമാണ് ആറു എയര്‍ബാഗുകള്‍ ലഭ്യമാവുക. 7.90 ലക്ഷം രൂപയാണ് എലൈറ്റ് i20 ആസ്റ്റ (O) പെട്രോള്‍ മോഡലിന് വില. ഡീസലിന് 9.15 ലക്ഷം രൂപയും.

8.42 ലക്ഷം, 9.77 ലക്ഷം എന്നിങ്ങനെയാണ് i20 ആക്ടിവ് SX പെട്രോള്‍, ഡീസല്‍ വകഭേദങ്ങളുടെ വില. വിലകള്‍ ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി.

സ്‌കോഡ റാപ്പിഡ്
ഏറ്റവും ഉയര്‍ന്ന റാപ്പിഡ് സ്റ്റൈല്‍ വകഭേദത്തില്‍ നാലു എയര്‍ബാഗുകളാണ് സ്‌കോഡ വാഗ്ദാനം ചെയ്യുന്നത്. ഇരട്ട മുന്‍ എയര്‍ബാഗുകളും സൈഡ് എയര്‍ബാഗുകളും ഇതില്‍പ്പെടും.

അതേസമയം റാപ്പിഡിന്റെ പെട്രോള്‍ മാനുവല്‍ പതിപ്പ് മാത്രമെ പത്തുലക്ഷത്തിന് താഴെയുള്ള കാറുകളുടെ പട്ടികയില്‍ ഇടംപിടിക്കുകയുള്ളു. 9.99 ലക്ഷം രൂപയാണ് മോഡലിന്റെ പരിമിതകാല വില. വില ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി.

ടൊയോട്ട യാരിസ്
മുന്‍നിര സുരക്ഷാ ഫീച്ചറുകള്‍ ഉയര്‍ന്ന വകഭേദങ്ങളുടെ മാത്രം കുത്തകയാണെന്ന പതിവ് സങ്കല്‍പം യാരിസില്‍ ടൊയോട്ട പൊളിച്ചെഴുതി. യാരിസിന്റെ പ്രാരംഭ J വകഭേദത്തില്‍ വരെ ഏഴു എയര്‍ബാഗുകളെയാണ് കമ്പനി നല്‍കുന്നത്. മുന്‍, സൈഡ്, കര്‍ട്ടന്‍, നീ എയര്‍ബാഗുകള്‍ ഉള്‍പ്പെടെയാണിത്.

സിവിടി ഗിയര്‍ബോക്‌സും പ്രാരംഭ വകഭേദങ്ങളില്‍ ടൊയോട്ട നല്‍കുന്നുണ്ട്. അതേസമയം യാരിസ് J മാനുവല്‍ വകഭേദം മാത്രമാണ് പത്തുലക്ഷം രൂപയ്ക്ക് താഴെ വിപണിയില്‍ വില്‍പനയ്‌ക്കെത്തുന്നത്. 8.75 ലക്ഷം രൂപയാണ് യാരിസ് J മാനുവല്‍ മോഡലിന് വിപണിയില്‍ വില.


Click it and Unblock the Notifications