പുതിയ കാറുകളിൽ 70 ശതമാനം 'ഗാല്‍വനൈസ്ഡ്' സ്റ്റീല്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രം
കാര്‍ ബോഡി പാനലുകളുടെ നിര്‍മ്മാണത്തില്‍ ഏഴുപതു ശതമാനം ഗാല്‍വനൈസ് സ്റ്റീല്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു. കേന്ദ്ര ഗതാഗത ഹൈവേ മന്ത്രാലയം ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ഉടന്‍ നല്‍കും. 'ഗാല്‍വനൈസേഷന്‍' പ്രക്രിയയിലൂടെ നിര്‍മ്മിക്കപ്പെടുന്ന സ്റ്റീലുകളില്‍ തുരുമ്പു പടരാനുള്ള സാധ്യത കുറവാണ്. അതിനാല്‍ ഏറെക്കാലം കഴിഞ്ഞാലും കാറിന്റെ ദൃഢതയ്ക്ക് കോട്ടം സംഭവിക്കില്ല.

നിലവില്‍ ഇന്ത്യയില്‍ വില്‍പനയ്ക്ക് എത്തുന്ന കാറുകളില്‍ മുപ്പതു ശതമാനം മാത്രമാണ് ഗാല്‍വനൈസ് സ്റ്റീലിന്റെ ഉപയോഗം. എന്നാല്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് കയറ്റുമതി ചെയ്യുന്ന കാറുകളില്‍ ഏഴുപതു ശതമാനം ഗാല്‍വനൈസ് സ്റ്റീല്‍ നിര്‍മ്മാതാക്കള്‍ ഉറപ്പുവരുത്തുന്നുണ്ടെന്നു മന്ത്രാലയം തയ്യറാക്കിയ കുറിപ്പില്‍ പറയുന്നു.

ആഗോളനിലവാരം കണക്കിലെടുത്താല്‍ അമ്പതു ശതമാനമാണ് കാറുകളില്‍ ഉപയോഗിക്കുന്ന ശരാശരി ഗാല്‍വനൈസ് സ്റ്റീല്‍. ബോഡി പാനലുകള്‍ അതിവേഗം തുരുമ്പെടുക്കുന്നത് കാരണം ഇന്ത്യന്‍ കാറുകള്‍ക്ക് പലപ്പോഴും ഫലപ്രദമായ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയുന്നില്ലെന്നു മുംബൈ ഐഐടി ഗവേഷണ സംഘം നടത്തിയ പഠനത്തിലാണ് പുറത്തുവന്നത്.

പഠനവിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പുനെയിലുള്ള ഓട്ടോമൊട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയോടും (ARAI) മനേസറിലുള്ള ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഓട്ടോമൊട്ടീവ് ടെക്‌നോളജിയോടും കേന്ദ്രം ആവശ്യപ്പെട്ടു കഴിഞ്ഞു.

ഇന്ത്യയില്‍ പുറത്തിറങ്ങുന്ന വാഹനങ്ങള്‍ക്ക് സുരക്ഷ കുറവാണെന്ന ആക്ഷേപം തുടച്ചുനീക്കാനുള്ള നടപടിയിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായാണ് 125 സിസിക്ക് മുകളിലുള്ള പുതിയ ഇരുചക്ര വാഹനങ്ങള്‍ക്ക് എബിഎസ് കേന്ദ്രം നിര്‍ബന്ധമാക്കിയത്.

അടുത്തവര്‍ഷം പുതിയ കാറുകള്‍ക്ക് ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം (BNVSAP) കര്‍ശനമാവും. 2019 ഓക്ടോബര്‍ മുതല്‍ പൂര്‍ണ്ണ ഫ്രണ്ടല്‍ ഇംപാക്ട്, ഓഫ്‌സെറ്റ് ഫ്രണ്ടല്‍ ഇംപാക്ട്, സൈഡ് ഇംപാക്ട് എന്നീ ക്രാഷ് ടെസ്റ്റുകള്‍ കടന്നാല്‍ മാത്രമെ പുതിയ കാറുകള്‍ക്ക് ഇന്ത്യയില്‍ വില്‍ക്കാന്‍ അനുമതി ലഭിക്കുകയുള്ളൂ.
Source: Economic Times


Click it and Unblock the Notifications








