ഇനി വൈദ്യുത വാഹനങ്ങള്‍ക്ക് പച്ച നമ്പര്‍ പ്ലേറ്റ്
വൈദ്യുത വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് നിറം പച്ചയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍ നിന്നും പരിസ്ഥിതി സൗഹൃദ വാഹനങ്ങളെ നിരത്തില്‍ വേറിട്ടുനിര്‍ത്താന്‍ പച്ച നമ്പര്‍ പ്ലേറ്റുകള്‍ക്ക് സാധിക്കും. വൈദ്യുത വാഹനങ്ങളുടെ പ്രചാരണാര്‍ത്ഥമാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നടപടി.

പച്ച പ്രതലത്തില്‍ വെള്ള അക്ഷരങ്ങളാടു കൂടിയതാകും സ്വകാര്യ വൈദ്യുത വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ്. അതേസമയം ടാക്‌സി ഉള്‍പ്പെടെ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന വൈദ്യുത വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളില്‍ പച്ച പ്രതലവും മഞ്ഞ അക്ഷരങ്ങളുമാണ് ഉണ്ടാവുക.

ഇന്ത്യന്‍ നിരത്തില്‍ ഓടുന്ന എല്ലാ വൈദ്യുത വാഹനങ്ങള്‍ക്കും പുതിയ ഹരിത നമ്പര്‍ പ്ലേറ്റ് ബാധകമാകും. ഇതു സംബന്ധിച്ച വിജ്ഞാപനം ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ പുറത്തിറക്കും. നിലവില്‍ ടാറ്റയും മഹീന്ദ്രയും മാത്രമാണ് ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങളെ അണിനിരത്തുന്നത്.

ഹരിത നമ്പര്‍ പ്ലേറ്റുകള്‍ പ്രാബല്യത്തില്‍ വരുന്നതോട് കൂടി നിരത്തില്‍ പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ വേറിട്ടു നില്‍ക്കും. ഹരിത നമ്പര്‍ പ്ലേറ്റുകളുടെ ചുവടുപിടിച്ച് മറ്റു ആനുകൂല്യങ്ങളും വൈദ്യുത വാഹനങ്ങള്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ രൂപംകൊടുത്തു കഴിഞ്ഞു.

പാര്‍ക്കിംഗ് ഇടങ്ങളിലും, ടോള്‍ പ്ലാസകളിലും ഹരിത നമ്പര്‍ പ്ലേറ്റ് വാഹനങ്ങള്‍ക്ക് ഇളവ് നല്‍കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. ഇതിനു പുറമെ വൈദ്യുത വാണിജ്യ വാഹനങ്ങളുടെ പെര്‍മിറ്റില്‍ ഇളവു വരുത്താനും കേന്ദ്രസര്‍ക്കാരിന് ആലോചനയുണ്ട്.

ഈ നടപടി നഗരമേഖലകളില്‍ വൈദ്യുത റിക്ഷകളുടെയും വൈദ്യുത ബസുകളുടെയും വൈദ്യുത കാറുകളുടെയും പ്രചാരം കൂട്ടുമെന്നാണ് വിലയിരുത്തല്‍. പതിനാറിനും പതിനെട്ടിനുമിടയില്‍ പ്രായമുള്ളവര്‍ക്ക് ലൈസന്‍സ് കൂടാതെ വൈദ്യുത സ്‌കൂട്ടര്‍ ഓടിക്കാന്‍ അനുമതി നല്‍കുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്.

ഈ പ്രായക്കാര്‍ക്ക് 50 സിസിയില്‍ താഴെയുള്ള വൈദ്യുത സ്‌കൂട്ടറായിരിക്കും ലൈസന്‍സ് കൂടാതെ ഓടിക്കാന്‍ അനുമതി ലഭിക്കുക. എന്നാല്‍ വിപണിയില്‍ 50 സിസിയില്‍ താഴെയുള്ള സ്‌കൂട്ടറുകള്‍ നിലവില്‍ വില്‍പനയിലില്ല.

ശരിക്കും ഏതിനാണ് ചെലവ് കുറവ് — ഇന്ധന കാറുകള്‍ക്കോ, വൈദ്യുത കാറിനോ?
ശരിക്കും ഏതിനാണ് ചെലവ് കുറവ്, പെട്രോള്‍-ഡീസല്‍ കാറുകള്‍ക്കോ, വൈദ്യുത കാറിനോ? സംശയ നിവാരണത്തിനായി മഹീന്ദ്രയുടെ രണ്ട് മോഡലുകള്‍ മാത്രമാണ് ഇന്ത്യയിൽ നിലവിൽ ലഭ്യമാകുന്നത്.മഹീന്ദ്രയുടെ തന്നെ വെരിറ്റോ പെട്രോളുമായി ഇ-വെരിറ്റോയെ ഒന്ന് താരതമ്യം ചെയ്ത് നോക്കാം.

19 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് മഹീന്ദ്ര വെരിറ്റോ പെട്രോളില്‍ കമ്പനി നല്‍കുന്ന വാഗ്ദാനം. എന്നാല്‍ ഇന്ത്യൻ റോഡ് സാഹചര്യത്തില്‍ ഇതു കുറയും. 100 കിലോമീറ്റര്‍ ദൂരം മഹീന്ദ്ര വെരിറ്റോ പെട്രോളില്‍ സഞ്ചരിക്കണമെങ്കില്‍ ഏകദേശം ആറു ലിറ്റര്‍ ഇന്ധനം ആവശ്യമാണ്.

ലിറ്ററിന് 71 രൂപ നിരക്ക് അടിസ്ഥാനപ്പെടുത്തിയാല്‍ 426 രൂപയോളം പെട്രോളിന് ചെലവിടേണ്ടി വരും. ഇനി മഹീന്ദ്ര ഇ-വെരിറ്റോയുടെ കാര്യം നോക്കാം. 18 യൂണിറ്റ് വൈദ്യുതിയാണ് ബാറ്ററി പൂർണമായും ചാർജ്ജ് ചെയ്യാൻ ഇ-വെരിറ്റോയ്ക്ക് ആവശ്യം.

പൂർണമായി ചാര്‍ജ്ജ് ചെയ്ത ബാറ്ററിയില്‍ 110 കിലോമീറ്റര്‍ ദൂരമോടാൻ ഇ-വെരിറ്റോയിൽ പറ്റും. ഇവിടെയും ഇന്ത്യന്‍ റോഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്താല്‍ 100 കിലോമീറ്റര്‍ ദൂരപരിധി ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.യൂണിറ്റിന് അഞ്ചു രൂപയാണ് ആഭ്യന്തര വൈദ്യുതി നിരക്കെങ്കിൽ 90 രൂപ ചെലവില്‍ ഇ-വെരിറ്റോയില്‍ 100 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കും. അതായത്, ഇലക്ട്രിക് കാര്‍ സഞ്ചരിക്കുന്നതിന്റെ അഞ്ചിരട്ടി ചെലവിലാണ് പെട്രോള്‍ കാര്‍ സഞ്ചരിക്കുന്നത്.

വൈദ്യുത കാര്‍ വാങ്ങിയാലോ?
വൈദ്യുത കാറുകള്‍ക്കുമുണ്ട് ചില ദോഷങ്ങള്‍. നിലവില്‍ ചാര്‍ജ്ജിംഗ് പോയിന്റുകളുടെ ലഭ്യതക്കുറവാണ് ഇന്ത്യയില്‍ വൈദ്യുത കാറുകള്‍ക്കുള്ള പ്രധാന വെല്ലുവിളി. വൈദ്യുത കാറുകൾക്ക് പരിപാലന ചെലവു കുറവാണെങ്കിലും ബാറ്ററി ചെലവുകള്‍ ഭീമമാകാം. ഏകദേശം രണ്ടര മുതൽ മൂന്നു ലക്ഷം രൂപയോളമാണ് ബാറ്ററി മാറ്റുന്നതിനുള്ള ചെലവ്.


Click it and Unblock the Notifications