ഹ്യുണ്ടായി വേര്‍ണയ്ക്ക് ഭീഷണിയാകുമോ കിയ സെറാറ്റൊ; ആദ്യ ചിത്രങ്ങള്‍ പുറത്ത്
ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ ഉപഘടകമാണ് കിയ മോട്ടോര്‍സ്. അടുത്തവര്‍ഷം ഔദ്യോഗികമായി കിയ ഇന്ത്യന്‍ തീരമണയും. വിപണിയിലേക്ക് ഇനിയേറെ ദൂരമില്ലെന്ന് 2018 ഓട്ടോ എക്‌സ്‌പോയില്‍ കിയ വ്യക്തമാക്കിയിട്ടുണ്ട്. എസ്പി കോണ്‍സെപ്റ്റ് എസ്‌യുവിയുടെ പ്രൊഡക്ഷന്‍ പതിപ്പിനെ 'ട്രെസോര്‍' എന്ന പേരില്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ ആദ്യനീക്കം.

ട്രെസോറിന് പിന്നാലെ മറ്റു കിയ മോഡലുകളും വിപണിയില്‍ തലയുയര്‍ത്തും. ട്രെസോര്‍ കഴിഞ്ഞാല്‍ സെറാറ്റൊ സെഡാന്‍ വിപണിയില്‍ എത്തുമെന്നാണ് കരുതപ്പെടുന്നത്. ബെംഗളൂരുവില്‍ പരീക്ഷണയോട്ടം നടത്തുന്ന 2018 കിയ സെറാറ്റൊയുടെ ചിത്രങ്ങള്‍ ഈ അഭ്യൂഹം ശക്തപ്പെടുത്തുന്നു.

ഇന്ത്യന്‍ നിരത്തില്‍ മറകളൊന്നും കൂടാതെയാണ് സെറാറ്റൊയുമായുള്ള കിയയുടെ കറക്കം. ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളുടെ പതിവു സിഗ്നേച്ചര്‍ ബട്ടര്‍ഫ്‌ളൈ ഗ്രില്ലില്‍ തുടങ്ങും സെറാറ്റൊയുടെ വിശേഷങ്ങള്‍. കാഴ്ചയില്‍ വീതിയേറിയ ബട്ടര്‍ഫ്‌ളൈ ഗ്രില്ല് 'ഒഴുകി വീഴുന്നതായി' അനുഭവപ്പെടും.

ഒരല്‍പം പിറകിലേക്ക് വലിഞ്ഞു നില്‍ക്കുന്ന ഹെഡ്‌ലാമ്പുകളില്‍ മൂര്‍ച്ചയേറിയ ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും കാണാം. ഭീമന്‍ സെന്‍ട്രല്‍ എയര്‍ഡാമിന് അടിവര നല്‍കുകയാണ് മുന്‍ ബമ്പര്‍. ഫോഗ്‌ലാമ്പുകളും ബമ്പറില്‍ തന്നെ. ബമ്പറിന് ഇരവശത്തുമുള്ള എയര്‍ വെന്റുകള്‍ സെറാറ്റൊയുടെ സ്‌പോര്‍ടി പരിവേഷത്തെ കാര്യമായി സ്വാധീനിക്കുന്നു.

ശരീരനിറത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഡോര്‍ ഹാന്‍ഡിലുകള്‍, മിററുകളില്‍ ഒരുങ്ങിയ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ സെറാറ്റൊയുടെ വിശേഷങ്ങളില്‍ ഉള്‍പ്പെടും. 17 ഇഞ്ച് അലോയ് വീലുകളാണ് സെഡാനില്‍.ടെയില്‍ലാമ്പുകള്‍ ബൂട്ട് ലിഡിലേക്ക് ചേര്‍ന്നണയുന്ന ശൈലി പിന്തുടരുന്നു.

നേരിയ റിഫ്‌ളക്ടറുകളെ പിന്‍ ബമ്പറില്‍ കാണാം. അകത്തളത്തിലേക്ക് വെളിച്ചം വീശാന്‍ പുറത്തുവന്ന ചിത്രങ്ങള്‍ക്ക് പറ്റിയിട്ടില്ല. എന്നാല്‍ പ്രീമിയം ഫീച്ചറുകളെ സെഡാനില്‍ പ്രതീക്ഷിക്കാം. ഏഴു ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം സെഡാനില്‍ എന്തായാലും ഇടംപിടിക്കും.

ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഫീച്ചറുകളും ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം അവകാശപ്പെടും. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വൈദ്യുത സണ്‍റൂഫ് എന്നിവ വിപണിയിലെ മത്സരം കണക്കിലെടുത്തു സെഡാനില്‍ കിയ നല്‍കും.

ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, സെന്‍ട്രല്‍ ലോക്കിംഗ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ആറു എയര്‍ബാഗുകള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവ കിയ സെറാറ്റൊയിലെ സുരക്ഷാ സജ്ജീകരണങ്ങളാണ്.

രണ്ടു എഞ്ചിന്‍ പതിപ്പുകളിലായിരിക്കും കിയ സെറാറ്റൊ ഇന്ത്യയില്‍ എത്തുക. 1.6 ലിറ്റര്‍ പെട്രോള്‍, 1.6 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുകള്‍ സെറാറ്റൊയില്‍ ഒരുങ്ങുമെന്ന് സൂചനയുണ്ട്. ആറു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ മോഡലില്‍ ലഭിക്കും. ഹ്യുണ്ടായി വേര്‍ണ, ഹോണ്ട സിറ്റി, മാരുതി സിയാസ് എന്നിവരാണ് ഇന്ത്യന്‍ വിപണിയില്‍ കിയ സെറാറ്റൊയുടെ എതിരാളികള്‍.


Click it and Unblock the Notifications








