ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് തിരിച്ചുവിളിക്കുന്നു — അറിയേണ്ടതെല്ലാം
ഇന്ത്യയില്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എസ്‌യുവികള്‍ തിരിച്ചുവിളിക്കുന്നു. മുന്‍ ലോവര്‍ കണ്‍ട്രോള്‍ ആമില്‍ നിര്‍മ്മാണപ്പിഴവ് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഫോര്‍ഡ് ഇന്ത്യയുടെ നടപടി. കഴിഞ്ഞ വര്‍ഷം മെയ് - ജൂലായ് കാലയളവില്‍ ചെന്നൈ നിര്‍മ്മാണശാലയില്‍ നിന്നും പുറത്തുവന്ന 4,379 ഇക്കോസ്‌പോര്‍ട് എസ്‌യുവികളിലാണ് (ഫെയ്‌സ്‌ലിപ്റ്റിന് മുമ്പുള്ള മോഡൽ) പ്രശ്‌നസാധ്യത കണ്ടെത്തിയിരിക്കുന്നത്.

ഈ എസ്‌യുവികളിലുള്ള മുന്‍ ലോവര്‍ കണ്‍ട്രോള്‍ ആമുകള്‍ക്ക് കമ്പനി അനുശാസിക്കുന്ന വെല്‍ഡിംഗ് ദൃഢതയില്ല. ഇതു സ്റ്റീയറിംഗ് നിയന്ത്രണത്തെ ബാധിക്കാം. ഇക്കോസ്‌പോര്‍ടിനെ കമ്പനി അടിയന്തരമായി തിരിച്ചുവിളിക്കാന്‍ കാരണമിതാണ്.

ഇതിനു പുറമെ മുന്‍നിര സീറ്റ് റിക്ലൈനര്‍ ലോക്കുകളിലുള്ള തകരാര്‍ മുന്‍നിര്‍ത്തി 1,018 ഇക്കോസ്‌പോര്‍ട് ഉടമകളെ കൂടി കമ്പനി വരുംദിവസങ്ങളില്‍ ബന്ധപ്പെടുമെന്നു ഫോര്‍ഡ് ഇന്ത്യ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം നവംബറിനും ഡിസംബറിനുമിടയില്‍ നിര്‍മ്മിച്ച ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളിലാണ് സീറ്റ് റിക്ലൈനര്‍ പ്രശ്‌നം ഉടലെടുക്കുന്നത്.

പരിശോധന ആവശ്യമായ വാഹന ഉടമകളെ കമ്പനി ഡീലര്‍മാര്‍ വരും ആഴ്ചകളില്‍ നേരിട്ടു വിവരമറിയിക്കും. നിര്‍മ്മാണപ്പിഴവുകള്‍ കമ്പനി സൗജന്യമായി പരിഹരിച്ചു നല്‍കുമെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം നവംബറിലാണ് മാറ്റങ്ങളോടെ പുതിയ ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയില്‍ വില്‍പനയ്ക്ക് എത്തിയത്.

എസ്‌യുവിക്ക് ലഭിക്കുന്ന പ്രചാരം മുന്‍നിര്‍ത്തി ആദ്യം വേണ്ടെന്നുവെച്ച 1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് പെട്രോള്‍ എഞ്ചിനെ ഇക്കോസ്‌പോര്‍ടില്‍ കമ്പനി വീണ്ടും അവതരിപ്പിച്ചു. 1.5 ലിറ്റര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റില്‍ തുടക്കം മുതല്‍ക്കെ ലഭ്യമാണ്.

കഴിഞ്ഞ വര്‍ഷമാണ് ഫിയസ്റ്റ സെഡാന്‍, ഫിഗൊ ഹാച്ച്ബാക്ക് മോഡലുകളെ ഫോര്‍ഡ് തിരിച്ചുവിളിച്ചത്. ഫോര്‍ഡ് കൂടി തിരിച്ചുവിളിക്കല്‍ നടപടികളിലേക്ക് നീങ്ങുമ്പോള്‍ കഴിഞ്ഞ നാലു മാസത്തിനിടെ എല്ലാം വാഹന നിര്‍മ്മാതാക്കളും കൂടി തിരിച്ചുവിളിച്ച ആകെ മോഡലുകളുടെ എണ്ണം ഒന്നരലക്ഷം കടക്കും.

കഴിഞ്ഞ വര്‍ഷം ആകെമൊത്തം 80,500 വാഹനങ്ങളാണ് തിരിച്ചുവിളിക്കപ്പെട്ടത്. മെര്‍സിഡീസ് ബെന്‍സ്, ടൊയോട്ട, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാതാക്കള്‍ സമാനമായ നടപടികളെടുത്തിട്ടുണ്ട്.


Click it and Unblock the Notifications








