TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഓടിക്കൊണ്ടിരുന്ന പുത്തന്‍ ഫോര്‍ഡ് എന്‍ഡവര്‍ കത്തിയമര്‍ന്നു; യാത്രക്കാര്‍ സുരക്ഷിതര്‍!
വാങ്ങി ഒരു മാസം പിന്നിടും മുമ്പെ കത്തിയമര്‍ന്ന് ഫോര്‍ഡ് എന്‍ഡവര്‍ എസ്യുവി. കര്‍ണാടകയിലെ യാദഗിരി ജില്ലയിലാണ് സംഭവം. യാദഗിരി മണ്ഡലത്തില്‍ നിന്നും ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന ഡോക്ടര്‍ ശരണ റെഡ്ഡിയുടെ എന്‍ഡവറാണ് കത്തിയമര്‍ന്നത്.
ഓടിക്കൊണ്ടിരിക്കവെ എഞ്ചിനില്‍ നിന്നും തീപടര്‍ന്നാണ് അപകടം. തീപിടിച്ചതിന് പിന്നാലെ എസ്യുവിയില് നിന്നും യാത്രക്കാര്‍ ചാടി പുറത്തിറങ്ങുകയായിരുന്നു. തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
നിമിഷ നേരത്തിനുള്ളില്‍ എസ്യുവി അഗ്നിഗോളമായി മാറിയെന്ന് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. എന്നാല്‍ പുത്തന്‍ എസ്യുവി പൂര്‍ണമായും കത്തി നശിച്ചു.
പുതിയ എന്‍ഡവര്‍ കത്തിയമര്‍ന്നതിന്റെ ഞെട്ടല്‍ ശരണ റെഡ്ഡിയും മറച്ചുവെച്ചില്ല. നാല്പതു ലക്ഷം രൂപയോളം ഓണ്‍റോഡ് വില കൊടുത്താണ് എന്‍ഡവറിനെ ഇദ്ദേഹം ഒരു മാസം മുമ്പ് വാങ്ങിയത്.
എഞ്ചിന് ബേയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാന്‍ കാരണം. മുമ്പ് 2015 ലും സമാന രീതിയില്‍ പരീക്ഷണയോട്ടം നടത്തിയ പുത്തന്‍ എന്‍ഡവര്‍ (എവറസ്റ്റ്) ഓസ്ട്രേലിയയില്‍ കത്തിയമര്‍ന്നിരുന്നു.
സാങ്കേതിക തകരാറാണ് അപകടത്തിന് പിന്നിലെന്നാണ് ഫോര്‍ഡ് അന്ന് വ്യക്തമാക്കിയത്. എന്തായാലും എന്‍ഡവര്‍ തീപിടിച്ച സംഭവത്തില്‍ ഫോര്‍ഡ് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Image Credit:AppuGouda Talikoti,Prajavani
കാറില്‍ തീപിടിക്കാനുള്ള ഏഴു പ്രധാന കാരണങ്ങള്‍ —
ഇന്ധനചോര്‍ച്ച
അപകടങ്ങള്‍ക്ക് പിന്നാലെ കാറില്‍ തീപടരുന്ന സംഭവങ്ങള്‍ പതിവാണ്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ഫ്യൂവല്‍ ലൈന്‍ തകര്‍ന്ന് ഇന്ധനം ചോരുന്ന സന്ദര്‍ഭം മിക്കപ്പോഴും തീപടരുന്ന സ്ഥിതിഗതികളിലേക്ക് നയിക്കും.
ഫ്യൂവല്‍ ലൈനില്‍ (Fuel Line) നിന്നും ചോര്‍ന്നൊലിക്കുന്ന ഇന്ധനം എഞ്ചിനില്‍ കടക്കുമ്പോഴാണ് തീപിടിക്കാറുള്ളത്. എഞ്ചിനിലെ ഉയര്‍ന്ന താപത്തില്‍ ഇന്ധനം ആളിക്കത്തും. സാധാരണയായി വാഹനം രൂപകല്പന ചെയ്യുമ്പോള്‍ ഇതിനു വേണ്ട മുന്‍കരുതലുകള്‍ നിര്‍മ്മാതാക്കള്‍ സ്വീകരിക്കാറുണ്ട്.
ചെറിയ അപകടങ്ങളെ ഫ്യൂവല്‍ ലൈന്‍ പ്രതിരോധിക്കുമെങ്കിലും ആഘാതം വലുതെങ്കില്‍ ഫ്യൂവല്‍ ലൈന്‍ തകരാനുള്ള സാധ്യത കൂടുതലാണ്.
ബോണറ്റിനടിയില്‍ തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ മറന്നു വെയ്ക്കുക
ബോണറ്റ് തുറന്ന് എഞ്ചിന് ബേ (Engine Bay) വൃത്തിയാക്കിയതിന് ശേഷം തുണിയും മറ്റു ക്ലീനറുകളും ബോണറ്റിനുള്ളില്‍ വെച്ചു പൂട്ടുന്ന ശീലം ചിലര്‍ക്കുണ്ട്. ഈ നടപടിയും കാറില്‍ തീപിടിക്കുന്നതിന് കാരണമാകാറുണ്ട്. എഞ്ചിന് ക്രമാതീതമായി ചൂടാകുമ്പോള്‍ ബോണറ്റിനടിയില്‍ വെച്ചു മറന്ന തുണിയിലും ക്ലീനറിലും തീ കത്തി പിടിച്ചേക്കാം.
വയറിംഗില്‍ കൃത്രിമം
ആഫ്റ്റര്‍മാര്‍ക്ക്റ്റ് ആക്സസറികളോട് മിക്കവര്‍ക്കും വലിയ പ്രിയമാണ്. തിളക്കമാര്‍ന്ന ലാമ്പുകളും ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനങ്ങളും കാറിന്റെ ചന്തം കൂട്ടുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇത്തരം ആക്സസറികള്‍ക്ക് വേണ്ടി ചെയ്യുന്ന വയറിംഗ് കൃത്യമല്ലെങ്കില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിന് വഴിതെളിക്കും.
ചെറിയ ഷോട്ട് സര്‍ക്യൂട്ട് മതി കാറിലെ മുഴുവന്‍ വൈദ്യുത സംവിധാനവും താറുമാറാകാന്‍. കാറില്‍ തീപിടിക്കുന്നതിന് ഷോട്ട് സര്‍ക്യൂട്ടും കാരണമാണ്.
അനധികൃത സിഎന്‍ജി/എല്‍പിജി കിറ്റുകള്‍
പെട്രോള്‍, ഡീസലുകള്‍ക്ക് ബദലായുള്ള സിഎന്‍ജി, എല്‍പിജി കിറ്റുകള്‍ക്ക് ഇന്ന് പ്രചാരമേറുന്നുണ്ട്. സിഎന്‍ജി, എല്‍പിജി കിറ്റുകള്‍ക്ക് പണം ഏറെ ചെലവാകില്ലെന്നത് തന്നെ പ്രചാരത്തിന് കാരണം.
സിലിണ്ടറിലുള്ള സമ്മര്‍ദ്ദമേറിയ വാതകങ്ങളെ പ്രത്യേക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് എഞ്ചിനിലേക്ക് കടത്തി വിടുന്നത്. അതിനാല്‍ ഡെലിവറി ലൈനില്‍ അല്ലെങ്കില്‍ കിറ്റില്‍ ഉണ്ടാകുന്ന ചെറിയ പിഴവ് പോലും വലിയ അപകടങ്ങള്‍ക്ക് വഴിതെളിക്കും. ഗുണനിലവാരം കുറഞ്ഞ കിറ്റെങ്കില്‍ തീ കത്തി പിടിക്കാനുള്ള സാധ്യത കൂടുതലാണ്.
ഡിസൈന്‍ പാളിച്ചകള്‍
ഡിസൈന്‍ പാളിച്ചകളും കാര്‍ തീപിടിക്കാനുള്ള കാരണങ്ങളില്‍ ഒന്നാണ്. ആദ്യ കാലത്ത് ടാറ്റ നാനോയില്‍ തീപിടിക്കുന്ന സംഭവങ്ങള്‍ പതിവായിരുന്നു. ഡിസൈന്‍ പാളിച്ചയാണ് തീപിടുത്തതിന് കാരണമെന്ന തിരിച്ചറിഞ്ഞ ഡിസൈനര്‍മാര്‍ അടിയന്തരമായി പ്രശ്നം പരിഹരിച്ചാണ് നാനോകളെ ശേഷം പുറത്തിറക്കിയത്.
ഗുണനിലവാരം കുറഞ്ഞ ആഫ്റ്റര്‍മാര്‍ക്കറ്റ് എക്സ്ഹോസ്റ്റ്
കാറിന്റെ കരുത്തും എക്സ്ഹോസ്റ്റ് ശബ്ദവും കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ആഫ്റ്റര്‍മാര്‍ക്കറ്റ് എക്സ്ഹോസ്റ്റുകളുടെ പ്രധാന ലക്ഷ്യം. എക്സ്ഹോസ്റ്റ് വാതകങ്ങളെ സുഗമമായി പുറന്തള്ളുന്ന വിധത്തിലാണ് ഇത്തരം എക്സ്ഹോസ്റ്റുകളുടെ രൂപകല്പനയും.
ചില അവസരങ്ങളില്‍ എക്സ്ഹോസ്റ്റ് വാതകങ്ങളുടെ താപം 900 ഡിഗ്രി സെല്‍ഷ്യല്‍ വരെ വര്‍ധിക്കാറുണ്ട്. ആഫ്റ്റര്‍മാര്‍ക്കറ്റ് എക്സ്ഹോസ്റ്റിന് ഗുണനിലവാരം കുറവെങ്കില്‍ കാറില്‍ തീപിടിക്കാനുള്ള സാധ്യത വര്‍ധിക്കും.
എക്സ്ഹോസ്റ്റിലെ 'തീക്കളികള്‍'
സൂപ്പര്‍കാറുകളില്‍ കണ്ടു വരുന്ന ആഫ്റ്റര്‍ബേണ്‍ പ്രതിഭാസത്തെ (എക്സ്ഹോസ്റ്റില്‍ നിന്നും തീ തുപ്പുക) സാധാരണ കാറുകളിലേക്ക് പകര്‍ത്താനുള്ള ശ്രമങ്ങള്‍ ഇന്ത്യയില്‍ തകൃതിയായി നടക്കുന്നുണ്ട്. മറ്റുള്ളവര്‍ക്ക് മുമ്പില്‍ ആളാവാന്‍ വേണ്ടി വ്യാജ ആഫ്റ്റര്‍ബേണ്‍ എക്സ്ഹോസ്റ്റുകളെ കാറില്‍ ഘടിപ്പിച്ചു വിലസുന്നവരാണ് പലരും.
എക്സ്ഹോസ്റ്റ് പൈപിനുള്ളില്‍ ഘടിപ്പിച്ച സ്പാര്‍ക്ക് പ്ലഗ് മുഖേന എക്സ്ഹോസ്റ്റ് വാതകങ്ങളെ കത്തിച്ചാണ് ഇത്തരക്കാര്‍ നിര്‍വൃതി അണയാറുള്ളത്. ഇവിടെയും എക്സ്ഹോസ്റ്റിലുണ്ടാകുന്ന ചെറിയ ഒരു പാളിച്ച മതി തീ കത്തി പിടിക്കാന്‍.
Image Credit: WikiMedia Commons