ടാറ്റയുടെയും മഹീന്ദ്രയുടെയും വൈദ്യുത കാറുകള്‍ വേണ്ടെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കാരണമിതാണ്
പതിനായിരം വൈദ്യുത കാറുകളെ വേണമെന്നാണ് കരാറില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ആദ്യഘട്ടത്തില്‍ 350 ടിഗോര്‍ ഇവികളെ ടാറ്റയും, 150 ഇവെരിറ്റൊ സെഡാനുകളെ മഹീന്ദ്രയും കൈമാറി. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന് കീഴിലുള്ള എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡാണ് ഇരു കമ്പനികളുടെയും വൈദ്യുത കാറുകളെ ഏറ്റെടുത്തത്.

ബാക്കിയുള്ള 9,500 യൂണിറ്റ് പരിസ്ഥിതി സൗഹൃദ വൈദ്യുത കാറുകള്‍ കേന്ദ്രസര്‍ക്കാരിലേക്ക് എത്താനിരിക്കെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പരാതിയും പരിഭവവുമായി രംഗത്തുവന്നിരിക്കുകയാണ്. ടാറ്റയുടെയും മഹീന്ദ്രയുടെയും വൈദ്യുത കാറുകളില്‍ സര്‍ക്കാര്‍ വിഭാഗങ്ങള്‍ സന്തുഷ്ടരല്ല.

വൈദ്യുത കാറുകള്‍ക്ക് ഉപയോഗക്ഷമത കുറവാണെന്നു ഇവര്‍ പറയുന്നു. ഒറ്റ ചാര്‍ജ്ജില്‍ കാറുകള്‍ പിന്നിടുന്ന ദൂരം സംബന്ധിച്ചും ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ടെന്‍ഡര്‍ പ്രകാരമുള്ള സവിശേഷതകള്‍ കാറുകള്‍ക്കില്ലെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.

ഒറ്റ ചാര്‍ജ്ജില്‍ 80-82 കിലോമീറ്റര്‍ പോലുമോടാന്‍ ടിഗോര്‍ ഇവി, ഇവെരിറ്റോ സെഡാനുകള്‍ക്ക് നഗര പരിസ്ഥിതിയില്‍ കഴിയുന്നില്ലെന്നു പരാതിയില്‍ പറയുന്നു. ARAI സാക്ഷ്യപ്പെടുത്തിയ 130 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് കാറുകള്‍ക്ക് വേണമെന്നാണ് ടെന്‍ഡറില്‍ എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ആവശ്യപ്പെട്ടത്.

കാറുകള്‍ക്ക് പരമാവധി 80 കിലോമീറ്റര്‍ വേഗമുണ്ടായിരിക്കണം. 13 സെക്കന്‍ഡുകള്‍ കൊണ്ടു പൂജ്യത്തില്‍ നിന്നും അറുപതു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വൈദ്യുത കാറുകള്‍ക്ക് ശേഷിയുണ്ടാകണമെന്നും ടെന്‍ഡര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഏറ്റവും ശേഷി കുറഞ്ഞ 17 kW ബാറ്ററി സംവിധാനമാണ് കാറുകളിലുള്ളത്. പൊതുവെ 27 - 35 kW ശേഷിയുള്ള വൈദ്യുത കാര്‍ ബാറ്ററി പാക്കുകളാണ് ശരാശരി ഗണത്തില്‍പ്പെടാറ്. കാറുകളുടെ ശേഷി സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ ടാറ്റയും മഹീന്ദ്രയും കേന്ദ്രസര്‍ക്കാരിന് തുടക്കത്തിലെ കൈമാറിയിരുന്നു.

17 kW ബാറ്ററി പാക്കുകള്‍ ഒരുങ്ങുന്ന വൈദ്യുത കാറുകള്‍ ഒറ്റ ചാര്‍ജ്ജില്‍ 100 - 120 കിലോമീറ്റര്‍ ദൂരമോടുമെന്നു വ്യക്തമാക്കിയതിന് ശേഷമാണ് മോഡലുകളുടെ ഉത്പാദനം ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ ആരംഭിച്ചത്.

അതായത് കാറുകളുടെ ശേഷി സംബന്ധിച്ച ചിത്രം കേന്ദ്രത്തിന് തുടക്കത്തിലെ ബോധ്യമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന കല്ലുകടി കരാറിനെ ബാധിക്കുമോയെന്നു ഉറ്റുനോക്കുകയാണ് ഏവരും.

കരാര്‍ പ്രകാരം അടുത്തവര്‍ഷം ജൂണില്‍ പതിനായിരം വൈദ്യുത കാറുകളുടെ വിതരണം ടാറ്റയും മഹീന്ദ്രയും ചേര്‍ന്നു പൂര്‍ത്തിയാക്കണം. നേരത്തെ ഈ വര്‍ഷം ജൂണില്‍ പതിനായിരം വൈദ്യുത കാറുകള്‍ കൈമാറണമെന്നായിരുന്നു ഉടമ്പടി.

എന്നാല്‍ കാറുകളുടെ ഏറ്റെടുക്കല്‍ നടപടി കേന്ദ്രസര്‍ക്കാര്‍ ഒരു വര്‍ഷത്തോളം വൈകിപ്പിച്ചു. ചാര്‍ജ്ജിംഗ് സ്‌റ്റേഷനുകളുടെ അപര്യാപ്തതയാണിതിന് കാരണം. നിലവില്‍ ഫാസ്റ്റ് ചാര്‍ജ്ജിംഗ് സംവിധാനം സര്‍ക്കാര്‍ സ്ഥാപിച്ച ചാര്‍ജ്ജിംഗ് സ്റ്റേഷനുകളില്‍ വിരളമാണ്.

ഇക്കാരണത്താല്‍ മണിക്കൂറുകളെടുക്കും വൈദ്യുത കാറുകള്‍ പൂര്‍ണമായും ചാര്‍ജ്ജ് ചെയ്യാന്‍. കാത്തുനില്‍ക്കാന്‍ സമയമില്ലാത്തതിനാല്‍ ബാറ്ററി പാതി ചാര്‍ജ്ജ് നേടുമ്പോള്‍ തന്നെ ചാര്‍ജ്ജിംഗ് മതിയാക്കുന്നത് സര്‍ക്കാര്‍ വൃത്തങ്ങള്‍ക്കിടയില്‍ പതിവായി കഴിഞ്ഞു.

വൈദ്യുത കാറുകളുടെ മൈലേജ് കുറയാനുള്ള പ്രധാന കാരണമിതാണ്. രാജ്യത്തുടനീളം കൂടുതല്‍ ഫാസ്റ്റ് ചാര്‍ജ്ജിംഗ് വൈദ്യുത സ്റ്റേഷനുകള്‍ സ്ഥാപിച്ചാല്‍ മൈലേജില്ലെന്ന പരാതി കുറയും. എന്തായാലും പരാതികളും പരിഭവങ്ങളും ചര്‍ച്ചകളിലൂടെ പരിഹരിച്ചു മുന്നോട്ടു നീങ്ങിയാല്‍ മാത്രമെ പരിസ്ഥിതി സൗഹൃദ കാറുകള്‍ ഇന്ത്യന്‍ നിരത്തിലോടുകയുള്ളു.
Source: LiveMint


Click it and Unblock the Notifications








