വേര്‍ണയെയും യാരിസിനെയും കടത്തിവെട്ടി ഹോണ്ട സിറ്റി
സി സെഗ്മന്റ് സെഡാന്‍ നിരയില്‍ ശക്തമായ തിരിച്ചുവരവ് നടത്തി ഹോണ്ട സിറ്റി. ജൂലായിലെ വില്‍പന കണക്കെടുപ്പില്‍ ഹ്യുണ്ടായി വേര്‍ണ, ടൊയോട്ട യാരിസ് മോഡലുകളെ പിന്നിലാക്കി ഹോണ്ട സിറ്റി വിജയക്കുതിപ്പ് തുടരുന്നു. 3,709 യൂണിറ്റ് വില്‍പനയാണ് സിറ്റിയില്‍ ഹോണ്ട കുറിച്ചത്. 3,351 യൂണിറ്റുകളുടെ വില്‍പനയുമായി ഹ്യുണ്ടായി വേര്‍ണയാണ് സിറ്റിക്ക് പിന്നില്‍ രണ്ടാമത്.

അതേസമയം മത്സരത്തില്‍ ടൊയോട്ട യാരിസ് ബഹുദൂരം പിറകിലാണ്. യാരിസിന്റെ 1,400 യൂണിറ്റാണ് കഴിഞ്ഞമാസം ടൊയോട്ട വിറ്റത്. മാരുതി സിയാസ് നേടിയതാകട്ടെ 48 യൂണിറ്റ് വില്‍പനയും. പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വരുന്നതു പ്രമാണിച്ചു നിലവിലെ സിയാസ് സെഡാന്റെ ഉത്പാദനം മാരുതി പൂര്‍ണ്ണമായും നിര്‍ത്തിയതാണ് വില്‍പന ഇത്രയധികം ഇടിയാന്‍ കാരണം.

ഓഗസ്റ്റില്‍ സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് അവതരിക്കുന്നതോടു കൂടി മോഡലിന്റെ വില്‍പന കുതിച്ചുയരുമെന്നു പ്രതീക്ഷിക്കാം. ഓഗസ്റ്റിലെ വില്‍പന കണക്കുകളില്‍ സിറ്റിയെ അട്ടിമറിക്കാന്‍ പുതിയ സിയാസിന് കഴിയുമെന്നാണ് വിലയിരുത്തല്‍.

എന്തായാലും സെഡാന്‍ നിരയില്‍ നിലവിലെ താരം ഹോണ്ട സിറ്റിയാണ്. കരുത്തന്‍ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും (118 bhp കരുത്തും 145 Nm torque ഉം) മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളും സിറ്റിയുടെ പ്രചാരം എന്നത്തേയുംപോലെ ഉയര്‍ത്തുന്നു.

പറഞ്ഞുവരുമ്പോള്‍ സിറ്റി സിവിടി മോഡലിനാണ് ഇന്ധനക്ഷമത കൂടുതല്‍. ഇക്കാരണത്താല്‍ സിറ്റി ഓട്ടോമാറ്റിക് മോഡലുകള്‍ക്കാണ് ആവശ്യക്കാരേറെയും. 98.6 bhp കരുത്തും 200 Nm toruqe ഉം പരമാവധിയേകുന്ന 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനും സിറ്റിയിലുണ്ട്.

ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഡീസല്‍ പതിപ്പില്‍ സ്റ്റാന്‍ഡേര്‍ഡ്. വിശാലമായ അകത്തളം, സണ്‍റൂഫ് തുടങ്ങിയ ഫീച്ചറുകള്‍ ഹോണ്ട സിറ്റിയുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നു. 8.91 ലക്ഷം മുതലാണ് വിപണിയില്‍ ഹോണ്ട സിറ്റിയ്ക്ക് വില.

തൊട്ടുപിന്നിലുള്ള വേര്‍ണയും വില്‍പനയില്‍ മോശക്കാരനല്ല. കഴിഞ്ഞവര്‍ഷം പരിഷ്‌കാരങ്ങളോടെ വിപണിയില്‍ എത്തിയ വേര്‍ണ പലപ്പോഴും എലാന്‍ട്രയെയാണ് ഓര്‍മ്മപ്പെടുത്തുക. പ്രതിമാസം 3,000 യൂണിറ്റ് വില്‍പന വേര്‍ണയില്‍ ഹ്യുണ്ടായി മുടങ്ങാതെ നേടുന്നുണ്ട്.

1.4 ലിറ്റര്‍ പെട്രോള്‍, 1.6 ലിറ്റര്‍ പെട്രോള്‍, 1.6 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുകളാണ് വേര്‍ണയിലുള്ളത്. 1.4 ലിറ്റര്‍ പെട്രോള്‍ 99 bhp കരുത്തും 132 Nm torque ഉം പരമാവധി സൃഷ്ടിക്കും. 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിൻ ഉത്പാദിപ്പിക്കുക 121 bhp കരുത്തും 151 Nm torque ഉം.

99 bhp കരുത്തും 132 Nm torque -മാണ് 1.6 ലിറ്റര്‍ ഡീസല്‍ പതിപ്പ് പരമാവധി അവകാശപ്പെടുക. ആറു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ വേര്‍ണയില്‍ ഹ്യുണ്ടായിയും നല്‍കുന്നുണ്ട്. 7.86 ലക്ഷം മുതലാണ് ഹ്യുണ്ടായി വേര്‍ണയ്ക്ക് വില.

യാരിസിന്റെ കാര്യമെടുത്താല്‍, ഇന്ത്യയില്‍ ടൊയോട്ടയുടെ ആദ്യ സി സെഗ്മന്റെ സെഡാനാണിത്. പെട്രോള്‍ മോഡല്‍ മാത്രമെ യാരിസിലുള്ളു. 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന് 108 bhp കരുത്തും 140 Nm torque ഉം പരമാവധി സൃഷ്ടിക്കാന്‍ കഴിയും.

ആറു സ്പീഡ് മാനുവല്‍, സിവിടി ഓപ്ഷനുകള്‍ യാരിസിലുമുണ്ട്. പ്രാരംഭ വകഭേദത്തില്‍ പോലും സിവിടി ഗിയര്‍ബോക്‌സ് തെരഞ്ഞെടുക്കാമെന്നതാണ് യാരിസിന്റെ ഏറ്റവും വലിയ പ്രത്യേകത.

പ്രാരംഭ മോഡലുകള്‍ക്ക് ഏഴു എയര്‍ബാഗുകള്‍ ഉള്‍പ്പെടെ മേല്‍ത്തരം ഫീച്ചറുകളെ നല്‍കാന്‍ യാരിസില്‍ ടൊയോട്ട മടികാട്ടിയിട്ടില്ല. എന്നാല്‍ ഡീസല്‍ എഞ്ചിന്റെ അഭാവം യാരിസിന്റെ പ്രചാരം കുറയ്ക്കുന്നു. 8.75 ലക്ഷം മുതലാണ് ടൊയോട്ട യാരിസിന് വില.


Click it and Unblock the Notifications








