പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരളത്തിനായി മൂന്നുകോടി നല്‍കി ഹോണ്ട
പ്രളയക്കെടുതിയില്‍നിന്നു കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിനു കൈത്താങ്ങുമായി ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട. കേരളത്തെ പുനരുദ്ധരിക്കാന്‍ മൂന്നുകോടി രൂപ ഹോണ്ട ഗ്രൂപ്പ് സംഭാവന ചെയ്തു. ഹോണ്ട കാര്‍സ് ഇന്ത്യ, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (HMSI), ഹോണ്ട മോട്ടോര്‍ ഇന്ത്യ എന്നീ കമ്പനികള്‍ സംയുക്തമായി ചേര്‍ന്ന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്നുകോടി രൂപ നല്‍കിയെന്ന് ഹോണ്ട ഗ്രൂപ്പ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് കമ്പനി പറഞ്ഞു. മഴക്കെടുതി കാരണം 15,000 കോടി രൂപയുടെ നാശനഷ്ടം കേരളത്തിനുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

തുടര്‍ച്ചയായി പെയ്ത മഴയും മണ്ണിടിച്ചിലും കാരണം 370 പേര്‍ക്ക് സംസ്ഥാനത്ത് ജീവന്‍ നഷ്ടപ്പെടുകയുണ്ടായി. പ്രതിസന്ധിഘട്ടത്തില്‍ വാഹനലോകം ഒന്നടങ്കം കേരളത്തിന് പിന്തുണ പ്രഖ്യാപിച്ചു ഇക്കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തുവന്നിരുന്നു.

രണ്ടുകോടി രൂപ കേരളത്തിന് നല്‍കുമെന്ന് ബജാജും പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ ബജാജ് ട്രസ്റ്റുകള്‍ സമാഹരിച്ചു നല്‍കിയ 50 ലക്ഷം രൂപയ്ക്ക് പുറമെയാണിത്. പ്രഖ്യാപിച്ച രണ്ടുകോടിയില്‍ ഒരുകോടി രൂപ മുഖ്യമന്ത്രി പിണറായി വിജയന് ബജാജ് നേരിട്ടു കൈമാറും.

ബാക്കിയുള്ള ഒരുകോടി രൂപ ജാന്‍കിദേവി ബജാജ് ഗ്രാം വികാസ് സന്‍സ്ത പദ്ധതി മുഖേന ദുരിതത്തില്‍പ്പെട്ട ജനങ്ങള്‍ക്ക് ആവശ്യസാധനങ്ങള്‍ അടങ്ങുന്ന കിറ്റുകള്‍ എത്തിക്കാന്‍ കമ്പനി ഉപയോഗപ്പെടുത്തും.

ദക്ഷിണകൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി രൂപ നല്‍കിക്കഴിഞ്ഞു. പ്രളയത്തില്‍ വലഞ്ഞ കേരളത്തിന് ഒരുകോടി രൂപ നല്‍കി ടിവിഎസാണ് വാഹനലോകത്തുനിന്നും കേരളത്തെ സഹായിക്കാന്‍ ആദ്യം മുന്നോട്ടുവന്നത്.

പിന്നാലെ ജര്‍മ്മന്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 30 ലക്ഷം രൂപ സംഭാവന ചെയ്തു.

ബിഎംഡബ്ല്യു, ഫോക്സ്‌വാഗണ്‍, ടാറ്റ മോട്ടോര്‍സ് എന്നീ കമ്പനികളും കേരള ജനതയ്ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എണ്ണമറ്റ വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതിനാല്‍ വിദഗ്ധരടങ്ങുന്ന പ്രത്യേക സംഘത്തെ അതത് നിര്‍മ്മാതാക്കള്‍ കേരളത്തിലെ ഡീലര്‍ഷിപ്പുകളില്‍ നിയോഗിച്ചു കഴിഞ്ഞു.

ഡീലര്‍ഷിപ്പുകളില്‍ എത്തുന്ന വാഹനങ്ങള്‍ എത്രയുംപെട്ടെന്നു റിപ്പയര്‍ ചെയ്തു നല്‍കാന്‍ തങ്ങള്‍ പരമാവധി ശ്രമിക്കുമെന്ന് പത്രക്കുറിപ്പില്‍ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. ഇതിനുവേണ്ടി ഡീലര്‍ഷിപ്പുകളില്‍ സ്‌പെയര്‍പാര്‍ട്‌സുകളുടെ ലഭ്യത കമ്പനികള്‍ ഉറപ്പുവരുത്തും.

മാത്രമല്ല ഇന്‍ഷുറന്‍സ് ക്ലെയിം നടപടികള്‍ ഡീലര്‍ഷിപ്പുകളില്‍ ദ്രുതഗതിയില്‍ നടപ്പിലാകും. വെള്ളക്കെട്ടില്‍ വാഹനം നിന്നുപോയാല്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കരുതെന്നാണ് നിര്‍മ്മാതാക്കള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന പ്രധാന നിര്‍ദ്ദേശം.


Click it and Unblock the Notifications