ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് ഈ മാസം വരും; മോഡലിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്!
പുതിയ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിനായുള്ള കാത്തിരിപ്പിലാണ് വിപണി. മെയ് അവസാനം ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ എത്താനിരിക്കെ മോഡലിന്റെ പരീക്ഷണയോട്ടം കമ്പനി പൂര്‍വ്വാധികം ശക്തിയോടെ തുടരുകയാണ്. ഉയര്‍ന്ന കുന്നിന്‍പ്രദേശങ്ങളില്‍ പരീക്ഷണയോട്ടം നടത്തുന്ന ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിത്രങ്ങള്‍ ഹ്യുണ്ടായിയുടെ ഒരുക്കങ്ങൾ വെളിപ്പെടുത്തുന്നു.

സമുദ്രനിരപ്പില്‍ നിന്നും 2,637 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഊട്ടിയിലെ ദൊഡാബെട്ടയില്‍ നിന്നുമാണ് ചിത്രങ്ങള്‍. മേഖലയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണിത്. എന്തായാലും വരവു പ്രമാണിച്ച് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രീ-ബുക്കിംഗ് ഹ്യുണ്ടായി സ്വീകരിച്ചു തുടങ്ങി.

ഇരുപത്തയ്യായിരം രൂപയാണ് ബുക്കിംഗ് തുക. രൂപഘടനയിലും ഫീച്ചറുകളിലും ഒരുപിടി മാറ്റങ്ങള്‍ കൈവരിച്ചാണ് 2018 ഹ്യുണ്ടായി ക്രെറ്റ വിപണിയില്‍ എത്തുക. പരിഷ്‌കരിച്ച ഹെഡ്‌ലാമ്പുകള്‍, പുതിയ ബമ്പറുകള്‍, ഫോഗ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ പുതിയ ക്രെറ്റയില്‍ ശ്രദ്ധയാകര്‍ഷിക്കും.

പുത്തന്‍ ബമ്പറും ടെയില്‍ലൈറ്റുകളുമാകും പിന്നിലെ പ്രധാന വിശേഷങ്ങള്‍. ഇക്കുറി അകത്തളത്തും കാര്യമായി ഹ്യുണ്ടായി കൈകടത്തിയിട്ടുണ്ട്. പുതിയ 8.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് ഇതില്‍ മുഖ്യം.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി പിന്തുണ ഇന്‍ഫോടെയന്‍മെന്റ് സംവിധാനത്തിനുണ്ടാകും. പ്രായോഗിക മികവുള്ള സെന്റര്‍ കണ്‍സോളാണ് പുതിയ ക്രെറ്റയിലുള്ളതെന്നും സൂചനയുണ്ട്.

സണ്‍റൂഫ്, റെയിന്‍ സെന്‍സിംഗ് വൈപറുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍ എന്നിവ 2018 ക്രെറ്റയില്‍ ഒരുങ്ങാന്‍ സാധ്യതയുണ്ട്. നിലവിലുള്ള തലമുറയ്ക്ക് സമാനമായി മൂന്ന് എഞ്ചിന്‍ പതിപ്പുകളിലാകും പുതിയ ക്രെറ്റയുടെയും ഒരുക്കം.

1.6 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍, 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ പുതിയ ക്രെറ്റയില്‍ ലഭ്യമാകും. 121 bhp കരുത്തും 154 Nm torque ഉം പെട്രോള്‍ എഞ്ചിന്‍ സൃഷ്ടിക്കും. അതേസമയം 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 89 bhp കരുത്തും 224 Nm torque പരമാവധി ഉത്പാദിപ്പിക്കാനാവും.

126 bhp കരുത്തും 256 Nm torque ഉം ഏകുന്നതാണ് 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍. മൂന്ന് എഞ്ചിന്‍ പതിപ്പുകളിലും ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഇടംപിടിക്കും.

ഇതിനു പുറമെ പെട്രോള്‍ പതിപ്പിലും 1.6 ലിറ്റര്‍ ഡീസല്‍ പതിപ്പിലും ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനെ തെരഞ്ഞെടുക്കാനുള്ള അവസരവും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. മാരുതി എസ്-ക്രോസ്, റെനോ ഡസ്റ്റര്‍ എസ്‌യുവികളാണ് ഹ്യുണ്ടായി ക്രെറ്റയുടെ പ്രധാന എതിരാളികള്‍.

പുതിയ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ വില ഹ്യുണ്ടായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 9.5 ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ വില നിലവാരം പുതിയ ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റില്‍ പ്രതീക്ഷിക്കാം.
Spy Image Source: Rushlane


Click it and Unblock the Notifications








