'കാര്‍ പൂളിങ്ങ്' അനധികൃതം; പണംവാങ്ങി യാത്രക്കാരെ കയറ്റിയതിന് പൊലീസ് കാര്‍ പിടിച്ചെടുത്തു
'കാര്‍ പൂളിങ്ങ്' ആശയത്തിന് മെട്രോനഗരങ്ങളില്‍ വലിയ സ്വീകാര്യത ലഭിക്കുകയാണ്. നിശ്ചിത സ്ഥാനത്തെത്താന്‍ പണംകൊടുത്തു സ്വകാര്യ കാറുകളെ ആശ്രയിക്കുന്ന യാത്രാ ഉപാധിയാണ് കാര്‍ പൂളിങ്ങ്. 'ബ്ലാബ്ലാകാര്‍', 'ക്വിക്ക്‌റൈഡ്' പോലുള്ള റൈഡ് ഷെയറിങ്ങ് ആപ്പുകളുടെ പ്രചാരം കാര്‍ പൂളിങ്ങ് ആശയത്തിന് ജനകീയ മുഖംനല്‍കി.

ലളിതമായി പറഞ്ഞാല്‍ കാര്‍ കാലിയടിച്ചു പോകാതെ വഴിയില്‍ യാത്രക്കാരെ കയറ്റി കൂടുതല്‍ പണം സമ്പാദിക്കാനുള്ള അവസരമായി സ്വകാര്യ കാറുടമകള്‍ കാര്‍ പൂളിങ്ങ് ഉപയോഗപ്പെടുത്തുന്നു.

എന്നാല്‍ ഇന്ത്യയില്‍ കാര്‍ പൂളിങ്ങ് അനധികൃതമാണെന്നു റൈഡ് ഷെയറിങ്ങ് ആപ്പുകള്‍ ഉപയോഗിക്കുന്ന ആളുകള്‍ അറിയുന്നില്ല. നിയമത്തിന് മുന്നില്‍ ഇത്തരക്കാര്‍ കുറ്റക്കാരാണ്. കഴിഞ്ഞദിവസം ബെംഗളൂരുവില്‍ ആര്‍ടിഒ ഉദ്യോഗസ്ഥര്‍ പിടികൂടിയ ഹ്യുണ്ടായി എലൈറ്റ് i20 -യും കാര്‍ പൂളിങ്ങ് നടത്തിയതിനാണ് കുടുങ്ങിയത്.

ബെംഗളൂരുവില്‍ നിന്നും ഹൈദരാബാദിലേക്കുള്ള യാത്രയില്‍ യാത്രക്കാരെ പണംസ്വീകരിച്ചു കയറ്റുകയായിരുന്നു ഉടമ. റൈഡ് ഷെയറിങ്ങ് ആപ്പില്‍ യാത്രക്കാരായി ചമഞ്ഞ പൊലീസ് ഉദ്യോഗസ്ഥരാണ് കാറുടമയെ കൈയ്യോടെ പിടികൂടിയത്.

ആപ്പ് മുഖേന കാറില്‍ മൂന്നു സീറ്റുകള്‍ ബുക്ക് ചെയ്യുകയായിരുന്നു ഇവര്‍. 1,600 രൂപയാണ് ഓരോ യാത്രക്കാരനില്‍ നിന്നും എലൈറ്റ് i20 ഉടമ ഈടാക്കിയത്. എലൈറ്റ് i20 പിടിച്ചെടുത്ത പൊലീസ് കാര്‍ പൂളിങ്ങ് നടത്തിയതിന് 2,000 രൂപ ഡ്രൈവര്‍ക്ക് പിഴ ചുമത്തി.

സ്വകാര്യ രജിസ്‌ട്രേഷനുള്ള കാറില്‍ പണംസ്വീകരിച്ചു ആളെ കയറ്റിയതാണ് കുറ്റം. സ്വകാര്യ കാറുകള്‍ക്ക് ടാക്‌സിയായി ഓടാനുള്ള അനുമതി ഇന്ത്യയിലില്ല. ഇക്കാരണത്താല്‍ കാര്‍ പൂളിങ്ങ് രാജ്യത്തു നിയമവിരുദ്ധമാണ്.

ഇതാദ്യമായല്ല പണം സ്വീകരിച്ചു കാര്‍ പൂളിങ്ങ് നടത്തുന്നവര്‍ക്ക് എതിരെ അധികൃതര്‍ നടപടിയെടുക്കുന്നത്. ചെന്നൈയിലും ഹസനിലും സമാന സംഭവങ്ങളില്‍ പൊലീസ് കുറ്റക്കാര്‍ക്ക് എതിരെ പിഴ ചുമത്തിയിട്ടുണ്ട്.

പൂളിങ്ങ് നടത്തുന്ന കാറുകള്‍ അപകടത്തില്‍പ്പെടുന്ന സാഹചര്യത്തില്‍ ഉള്ളില്‍ സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല. അതേസമയം ടാക്‌സി കാറുകളില്‍ യാത്രക്കാര്‍ക്ക് പ്രത്യേക പരിരക്ഷയുണ്ടാകും.

കാര്‍ പൂളിങ്ങ് പോലെ തന്നെ അപരിചിതര്‍ക്ക് സ്വകാര്യ വാഹനങ്ങളില്‍ ലിഫ്റ്റ് കൊടുക്കുന്നതും മോട്ടോര്‍ വാഹന നിയമത്തില്‍ പിഴ ഈടാക്കാവുന്ന കുറ്റമാണ്. പൊതുഗതാഗതം, ചരക്കുനീക്കം എന്നീ ആവശ്യങ്ങള്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്ന് മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 66 -ല്‍ വ്യക്തമായി നിഷ്കർഷിക്കുന്നുണ്ട്.

അതേസമയം രോഗം, അപകടം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളില്‍ നിയമത്തില്‍ ഇളവ് ലഭിക്കും. സ്വകാര്യ വാഹനങ്ങള്‍ ടാക്‌സിയായി ഉപയോഗിച്ചു വാണിജ്യ നികുതി വെട്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തടയിടുകയാണ് ഈ നിയമത്തിന്റെ ലക്ഷ്യം.

മാത്രമല്ല, ഒറ്റപ്പെട്ട റോഡുകളില്‍ ലിഫ്റ്റ് ആവശ്യപ്പെട്ടുള്ള ആസൂത്രിത ആക്രമണങ്ങള്‍ ചെറുക്കാനും ഇത്തരമൊരു നിര്‍ദ്ദേശത്തിന് കഴിയും.
Source: The Hindu


Click it and Unblock the Notifications