ചന്തമുള്ള പിന്നഴകുമായി ഹ്യുണ്ടായി i30 ഫാസ്റ്റ്ബാക്ക് N
പാരിസ് മോട്ടോര്‍ ഷോയ്ക്കായി കാത്തുവെച്ച പുതിയ i30 ഫാസ്റ്റ്ബാക്ക് N മോഡലിന്റെ ചിത്രം ഹ്യുണ്ടായി പുറത്തുവിട്ടു. രൂപഭാവം നിലവിലുള്ള i30 N ഹാച്ച്ബാക്കിന്റേതാണെങ്കിലും ചന്തമേറിയ പിന്നഴകാണ് i30 ഫാസ്റ്റ്ബാക്ക് N മോഡലിന്റെ പ്രധാന സവിശേഷത. ഡിസൈനില്‍ ഹ്യുണ്ടായി i30 N ഹാച്ച്ബാക്കിനെ ഓര്‍മ്മപ്പെടുത്തുന്ന ഫാസ്റ്റ്ബാക്കില്‍ വീതിയേറിയ ഗ്രില്ല് ഒരുങ്ങുന്നു.

പ്രത്യേക N ബ്രാന്‍ഡിംഗ്, ചുവപ്പ് അടിവരയുള്ള ബമ്പര്‍, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവയെല്ലാം പുതിയ i30 ഫാസ്റ്റ്ബാക്ക് N മോഡലിന്റെ വിശേഷങ്ങളാണ്. പിറകില്‍ ഇരട്ട എക്‌സ്‌ഹോസ്റ്റ് കുഴലുകളും ഡിഫ്യൂസറും മേല്‍ക്കൂരയില്‍ നിന്നു ചാഞ്ഞുയരുന്ന സ്‌പോയിലറും ശ്രദ്ധയാകര്‍ഷിക്കും.

പിന്‍ ബമ്പറിലും കാണാം ചുവപ്പ് അടിവര. 18 ഇഞ്ച് അലോയ് വീലുകളാണ് കാറില്‍. അതേസമയം 19 ഇഞ്ച് അലോയ് വീലുകള്‍ ഓപ്ഷനല്‍ ഫീച്ചറായി കമ്പനി സമര്‍പ്പിക്കും.

വലിയ ബ്രേക്ക് ഡിസ്‌ക്കുകള്‍, ഇലക്ട്രോണിക് ലിമിറ്റഡ് സ്ലിപ് ഡിഫറന്‍ഷ്യല്‍, വേരിയബിള്‍ എക്‌സ്‌ഹോസ്റ്റ് വാല്‍വ് സംവിധാനം എന്നിവ പെര്‍ഫോര്‍മന്‍സ് പാക്കേജിന്റെ ഭാഗമായി ഹ്യുണ്ടായി i30 ഫാസ്റ്റ്ബാക്ക് N മോഡലില്‍ തെരഞ്ഞെടുക്കാം.

2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് കാറിന്റെ ഹൃദയം. എഞ്ചിന് 246 bhp കരുത്തും 353 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. പെര്‍ഫോര്‍മന്‍സ് പാക്കേജാണ് കാറിലെങ്കില്‍ കരുത്തുത്പാദനം 271 bhp -യില്‍ എത്തിനില്‍ക്കും.

പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ i30 ഫാസ്റ്റ്ബാക്ക് N -ന് 6.4 സെക്കന്‍ഡുകള്‍ മതി. വീണ്ടും പെര്‍ഫോര്‍മന്‍സ് പാക്കേജാണ് കാറിലെങ്കില്‍ 6.1 സെക്കന്‍ഡുകള്‍കൊണ്ടു കാര്‍ നൂറു കിലോമീറ്റര്‍ വേഗം തൊടും.

ഇന്ത്യയില്‍ i30 ഹാച്ച്ബാക്കിനെ കമ്പനി പരീക്ഷിച്ചു വരികയാണ്. പലതവണ ഇന്ത്യന്‍ നിരത്തുകളില്‍ നിന്നും i30 ഹാച്ച്ബാക്കിനെ ക്യാമറ പകര്‍ത്തിക്കഴിഞ്ഞു. എന്നാല്‍ i30 ഹാച്ച്ബാക്കിന്റെ പെര്‍ഫോര്‍മന്‍സ് പതിപ്പ്, i30 N ഇങ്ങോട്ടെത്താന്‍ സാധ്യത വിരളമാണ്.


Click it and Unblock the Notifications








