40,000 പിന്നിട്ട് ക്രെറ്റ ബുക്കിംഗ് — വില്‍പനയില്‍ തലയുയര്‍ത്തി ഹ്യുണ്ടായി
ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ചിറകിലേറി ഹ്യുണ്ടായി വിജയക്കുതിപ്പ് തുടരുന്നു. ജൂലായില്‍ ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ വിറ്റത് 59,590 യൂണിറ്റ് കാറുകള്‍. 2017 ജൂലായില്‍ 55,315 കാറുകള്‍ വിറ്റ ഹ്യുണ്ടായി ഇത്തവണ 7.7 ശതമാനം വില്‍പന വളര്‍ച്ച കൈവരിച്ചു. കാര്‍ കയറ്റുമതിയില്‍ 31 ശതമാനം വളര്‍ച്ചയാണ് ഹ്യുണ്ടായി കൈയ്യടക്കിയത്.

കഴിഞ്ഞവര്‍ഷം ജൂലായില്‍ 12,308 യൂണിറ്റുകള്‍ കയറ്റുമതി ചെയ്ത കമ്പനി കഴിഞ്ഞമാസം 16,109 യൂണിറ്റ് കാറുകളെ വിദേശ വിപണികളില്‍ എത്തിച്ചു. 2018 ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ്, i20, ഗ്രാന്‍ഡ് i10 മോഡലുകള്‍ ഹ്യുണ്ടായിയുടെ വില്‍പനയില്‍ നിര്‍ണായക സംഭാവനകളേകി.

ഈ മൂന്നു കാറുകളും കൂടി പ്രതിമാസം 35,000 യൂണിറ്റ് വില്‍പന മുടക്കംവരുത്താതെ ഹ്യുണ്ടായിക്ക് നല്‍കി വരികയാണ്. മെയ് മാസം വിപണിയില്‍ അവതരിച്ച ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റാണ് നിലവില്‍ ഹ്യുണ്ടായിയുടെ തുറുപ്പുച്ചീട്ട്. പുതിയ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന് വന്‍പിടിവലിയാണ് വിപണിയില്‍.

രണ്ടുമാസത്തിനകം 40,000 ബുക്കിംഗിന് മേലെ എസ്‌യുവി നേടിക്കഴിഞ്ഞു. 9.43 ലക്ഷം രൂപയില്‍ തുടങ്ങും ക്രെറ്റയുടെ എക്സ്ഷോറൂം വില. ഏറ്റവും ഉയര്‍ന്ന ക്രെറ്റ ഡീസല്‍ വകഭേദത്തിന് വില 15.03 ലക്ഷം രൂപയും.

ഇത്തവണ ക്രെറ്റയുടെ പുറംമോടിയിലും അകത്തളത്തിലും ഒരുപോലെ മാറ്റങ്ങള്‍ ഒരുങ്ങിയിട്ടുണ്ട്. ആറു വകഭേദങ്ങളാണ് ക്രെറ്റയില്‍. E, E പ്ലസ്, S, SX, SX (ഇരട്ട നിറം), SX(O) വകഭേദങ്ങളില്‍ ഹ്യുണ്ടായി ക്രെറ്റ അണിനിരക്കുന്നു.

1.4 ലിറ്റര്‍ ഡീസല്‍, 1.6 ലിറ്റര്‍ പെട്രോള്‍, 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളിലാണ് എസ്‌യുവിയുടെ വരവ്. 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 88.7 bhp കരുത്തുത്പാദിപ്പിക്കും. യഥാക്രമം 121 bhp, 126 bhp എന്നിങ്ങനെയാണ് 1.6 ലിറ്റര്‍ പെട്രോള്‍, 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളുടെ കരുത്തുത്പാദനം.

1.4 ലിറ്റര്‍ എഞ്ചിനില്‍ ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നത്. അതേസമയം 1.6 ലിറ്റര്‍ എഞ്ചിന്‍ പതിപ്പുകളില്‍ ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഭേദപ്പെട്ട NVH നിലകളാണ് 2018 ഹ്യുണ്ടായി ക്രെറ്റ കാഴ്ചവെക്കുന്നത്.

പുതിയ ഇരട്ടനിറവും, പുതുക്കിയ പിന്‍ബമ്പറും പുത്തന്‍ ക്രെറ്റയുടെ ഡിസൈന്‍ സവിശേഷതകളില്‍ എടുത്തുപറയണം. ഏഴു നിറങ്ങളാണ് എസ്‌യുവിയില്‍. വൈറ്റ്, ഓറഞ്ച്, സില്‍വര്‍ ബ്ലൂ, റെഡ്, വൈറ്റ്/ബ്ലാക് (ഇരട്ടനിറം), ഓറഞ്ച്/ബ്ലാക് (ഇരട്ടനിറം) എന്നീ നിറങ്ങളില്‍ മോഡല്‍ ലഭ്യമാകും.

വകഭേദങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എസ്‌യുവിയുടെ അകത്തളത്തില്‍ മാറ്റങ്ങള്‍. ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, തെന്നിനീങ്ങുന്ന മുന്‍ ആംറെസ്റ്റ് എന്നിവ പ്രാരംഭ E വകഭേദത്തിന്റെ പുതുവിശേഷങ്ങളില്‍ ഉള്‍പ്പെടും.

ഏറ്റവും ഉയര്‍ന്ന SX (O) വകഭേദത്തില്‍ വൈദ്യുത സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, ആറു വിധത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, സ്മാര്‍ട്ട് കീ ബാന്‍ഡ്, വയര്‍ലെസ് ചാര്‍ജ്ജിംഗ്, ആറു എയര്‍ബാഗുകള്‍ പോലുള്ള ആധുനിക ഫീച്ചറുകള്‍ ഇടംപിടിക്കുന്നു.

അതേസമയം ഏറ്റവും ഉയര്‍ന്ന SX (O) വകഭേദത്തില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനെ നല്‍കാന്‍ ഹ്യുണ്ടായി കൂട്ടാക്കിയിട്ടില്ല. അതായത് ക്രെറ്റയുടെ ഓട്ടോമാറ്റിക് പതിപ്പില്‍ വൈദ്യുത സണ്‍റൂഫും വയര്‍ലെസ് ചാര്‍ജ്ജിംഗ് പോലുള്ള ഫീച്ചറുകള്‍ ലഭിക്കില്ല. റെനോ ക്യാപ്ച്ചര്‍, മാരുതി എസ്-ക്രോസ്, ഹോണ്ട BR-V എന്നിവരാണ് വിപണിയില്‍ ക്രെറ്റയുടെ എതിരാളികള്‍.


Click it and Unblock the Notifications