സാന്‍ട്രോ ബുക്കിംഗ് 35,000 പിന്നിട്ടു, വില ഉടന്‍ കൂടും
പുതിയ സാന്‍ട്രോ നിരാശപ്പെടുത്തുന്നില്ല. ഫാമിലി കാറായി ഒരിക്കല്‍ കൂടി ഹ്യുണ്ടായി സാന്‍ട്രോ ജനഹൃദയം കീഴടക്കുകയാണ്. ഒക്ടോബര്‍ പത്തു മുതല്‍ ആരംഭിച്ച സാന്‍ട്രോ ബുക്കിംഗ് ഇതിനകം 35,000 പിന്നിട്ടു. ഒക്ടോബര്‍ 23 -നാണ് സാന്‍ട്രോയെ ഹ്യുണ്ടായി വില്‍പനയ്ക്കു കൊണ്ടുവന്നത്.

ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ആദ്യ എഎംടി കാര്‍. സാന്‍ട്രോ എഎംടിയെ തേടിയാണ് 25 ശതമാനത്തിലേറെ ബുക്കിംഗ്. സാന്‍ട്രോ മാനുവല്‍ മോഡലുകള്‍ക്ക് 17,000 -ത്തില്‍പ്പരം ബുക്കിംഗ് ലഭിച്ചുകഴിഞ്ഞു. നിലവില്‍ 10,000 -ത്തില്‍പ്പരം ആളുകള്‍ സാന്‍ട്രോ എഎംടിയ്ക്കായുള്ള കാത്തിരിപ്പിലാണ്.

ഇന്ത്യന്‍ കാര്‍ വിപണി പതിയെ എഎംടി പതിപ്പുകളിലേക്കു ചുവടുമാറുന്നതിന്റെ ഏറ്റവും പുതിയ ഉദ്ദാഹരമാണ് സാന്‍ട്രോ. തിരക്കുനിറഞ്ഞ നഗര ഗതാഗതത്തില്‍ എഎംടി കാറുകള്‍ കൂടുതല്‍ സൗകര്യപ്രദമായി മാറുന്നു. അതേസമയം സിന്‍എജി പതിപ്പുകള്‍ക്കും ആവശ്യക്കാരുണ്ടെന്നു സാന്‍ട്രോയില്‍ വ്യക്തം.

ഇതുവരെ 8,000 ബുക്കിംഗ് സാന്‍ട്രോ സിഎന്‍ജി പതിപ്പിന് ലഭിച്ചു. ഒരുപക്ഷെ ടാക്‌സി മേഖലയിലേക്കായിരിക്കും സാന്‍ട്രോ സിഎന്‍ജി കൂടുതലായി കടന്നുവരിക. പ്രതീക്ഷിച്ചതുപോലെ ഹാച്ച്ബാക്കിന്റെ പെട്രോള്‍ - മാനുവല്‍ പതിപ്പിനാണ് ഏറ്റവുമധികം അന്വേഷണങ്ങളും ആവശ്യക്കാരും.

അഞ്ചു വകഭേദങ്ങളിലായാണ് സാന്‍ട്രോ പെട്രോള്‍ - മാനുവല്‍ പതിപ്പ് വിപണിയില്‍ എത്തുന്നത്. സിഎന്‍ജി - എഎംടി, പെട്രോള്‍ - എഎംടി പതിപ്പുകളില്‍ രണ്ടു വകഭേദങ്ങള്‍ മാത്രമെ ലഭ്യമാവുന്നുള്ളൂ. വകഭേദങ്ങള്‍ അടിസ്ഥാനപ്പെടുത്തി ബുക്കിംഗ് വിലയിരുത്തിയാല്‍ സാന്‍ട്രോയുടെ ഇടത്തരം മോഡലുകളോടാണ് വിപണിക്ക് കൂടുതല്‍ പ്രിയം.

ഫീച്ചറുകള്‍ കുറഞ്ഞ പ്രാരംഭ ഡിലൈറ്റ് (പെട്രോള്‍ - മാനുവല്‍) വകഭേദത്തിന് പ്രചാരം നന്നെ കുറവാണ്. ഉത്സവത്തിരക്കുകള്‍ കെട്ടടങ്ങുന്നതോടെ ഏറ്റവും ഉയര്‍ന്ന ആസ്റ്റ വകഭേദത്തിന് കൂടുതല്‍ ബുക്കിംഗ് ലഭിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
Most Read: ടിയാഗൊയും നെക്‌സോണും രക്ഷിച്ചു — മാരുതിയെയും ഹ്യുണ്ടായിയെയും കാഴ്ച്ചക്കാരാക്കി ടാറ്റ

3.89 ലക്ഷം മുതല്‍ 5.64 ലക്ഷം രൂപ വരെയാണ് സാന്‍ട്രോയ്ക്ക് വിപണിയില്‍ വില. അതേസമയം ബുക്കിംഗ് 50,000 പിന്നിടുന്നപക്ഷം സാന്‍ട്രോയുടെ വില ഹ്യുണ്ടായി കൂട്ടും. 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, കീലെസ് എന്‍ട്രി, പിന്‍ പാര്‍ക്കിംഗ് ക്യാമറ, പവര്‍ വിന്‍ഡോ എന്നിങ്ങനെ ഒട്ടനവധി സൗകര്യങ്ങളും സംവിധാനങ്ങളുമായാണ് സാന്‍ട്രോ ഒരുങ്ങുന്നത്.

ആന്‍ട്രോയ്ഡ്, ആപ്പിള്‍ കാര്‍പ്ലേ, മിറര്‍ ലിങ്ക് സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റി ഓപ്ഷനുകള്‍ സാന്‍ട്രോയിലെ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിനുണ്ട്. ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് ഉള്‍പ്പെടുന്ന സുരക്ഷാ സംവിധാനങ്ങള്‍ സാന്‍ട്രോയിലെ അടിസ്ഥാന ഫീച്ചറുകളില്‍പ്പെടും.

ഉയര്‍ന്ന സാന്‍ട്രോ മോഡലുകള്‍ക്ക് ഇരട്ട എയര്‍ബാഗുകള്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇംപാക്ട് സെന്‍സിംഗ് ഓട്ടോ ഡോര്‍ ലോക്ക് എന്നിവ കൂടുതലായുണ്ട്. 3,610 mm നീളവും 1,645 mm വീതിയും 1,560 mm ഉയരവും പുതിയ സാന്‍ട്രോ കുറിക്കുന്നു. വീല്‍ബേസ് 2,400 mm.

14 ഇഞ്ചാണ് ഹാച്ച്ബാക്കിലെ സ്റ്റീല്‍ വീലുകള്‍. 1.1 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ പതിപ്പിന് പുറമെ സിഎന്‍ജി പതിപ്പിലും സാന്‍ട്രോ വിപണിയില്‍ അണിനിരക്കുന്നുണ്ട്. സാന്‍ട്രോയിലുള്ള 1.1 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 68 bhp കരുത്തും 99 Nm torque ഉം പരമാവധി സൃഷ്ടിക്കും.

അഞ്ചു സ്പീഡാണ് ഹാച്ച്ബാക്കിലുള്ള മാനുവല്‍ ഗിയര്‍ബോക്സ്. ഇന്ത്യയില്‍ ഹ്യുണ്ടായി ആദ്യമായി കൊണ്ടുവരുന്ന എഎംടി കാര്‍ കൂടിയാണ് സാന്‍ട്രോ. മാനുവല്‍, എഎംടി മോഡലുകളില്‍ 20.3 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.


Click it and Unblock the Notifications








