ഫോര്‍ച്യൂണറുമായി കൊമ്പുകോര്‍ക്കാന്‍ ഇസുസു MU-X ഫെയ്‌സ്‌ലിഫ്റ്റ്
കഴിഞ്ഞ വര്‍ഷമാണ് MU-7 എസ്‌യുവിക്ക് പകരം MU-X മോഡലിനെ ഇസുസു ഇന്ത്യയില്‍ അവതരിപ്പിച്ചത്. ജാപ്പനീസ് നിര്‍മ്മാതാക്കളുടെ ഫ്‌ളാഗ്ഷിപ്പ് സമര്‍പ്പണം. എന്നാല്‍ MU-X എസ്‌യുവിയുടെ പുതുമ മാറുന്നതിന് മുമ്പെ പുത്തന്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇസുസു.

ഇന്ത്യന്‍ നിരത്തില്‍ പരീക്ഷണയോട്ടം നടത്തുന്ന ഇസുസു എസ്‌യുവി കമ്പനിയുടെ നീക്കം പകല്‍ വെളിച്ചത്തേക്ക് കൊണ്ടുവരികയാണ്. ഉത്പാദന സജ്ജമായ പുതിയ എസ്‌യുവി ഉടന്‍ വില്‍പനയ്‌ക്കെത്തും. കനത്ത രീതിയില്‍ മറച്ചുപിടിച്ചാണ് MU-X ഫെയ്‌സ്‌ലിഫ്റ്റിനെയും കൊണ്ടുള്ള കമ്പനിയുടെ പരീക്ഷണയോട്ടം.

കഴിഞ്ഞ വര്‍ഷം മുതല്‍ തെക്കു കിഴക്കന്‍ ഏഷ്യന്‍ വിപണികളില്‍ പുതിയ എസ്‌യുവി വില്‍പനയ്ക്ക് എത്തുന്നുണ്ട്. പുറംമോടിയിലും അകത്തളത്തിലും മാറ്റങ്ങളോടെയാണ് MU-X ഫെയ്‌സ്‌ലിഫ്റ്റിന്റെ ഒരുക്കം.

എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ക്ക് ഒപ്പമുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും പരിഷ്‌കരിച്ച മുന്‍ ബമ്പറും മാറ്റങ്ങളില്‍ മുഖ്യം. ടെയില്‍ലാമ്പുകള്‍ എല്‍ഇഡി യൂണിറ്റായിരിക്കും. പിറകിലെ ബമ്പറും കമ്പനി പുതുക്കി. അലോയ് വീലുകള്‍ക്ക് പുതിയ ഘടനയാണ്.

എസ്‌യുവിയുടെ അകത്തളത്തില്‍ പ്രീമിയം പരിവേഷത്തിന് വേണ്ടി തടി നിര്‍മ്മിത ഘടകങ്ങളാണ് ഇസുസു ഉപയോഗിക്കുന്നത്. സെന്റര്‍ കണ്‍സോളില്‍ പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഒരുങ്ങും. ഫീച്ചറുകളുടെയും സുഖസൗകര്യങ്ങളുടെയും കാര്യത്തില്‍ നിലവിലെ തലമുറയെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് കടത്തിവെട്ടും.

ഡിസൈന്‍ പരിഷ്‌കാരങ്ങളുണ്ടെങ്കിലും സാങ്കേതികവശത്തു എസ്‌യുവിക്ക് മാറ്റങ്ങളുണ്ടാകില്ല. നിലവിലുള്ള 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ MU-X ഫെയ്‌സ്‌ലിഫ്റ്റില്‍ തുടരും. എഞ്ചിന് 174 bhp കരുത്തും 380 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

അഞ്ചു സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. വിദേശ വിപണികളില്‍ ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സോടെയാണ് MU-X വില്‍പനയ്‌ക്കെത്തുന്നത്. ഒരുപക്ഷെ പുതിയ പതിപ്പില്‍ ആറു സ്പീഡ് ഗിയര്‍ബോക്‌സ് ഇസുസു നല്‍കിയേക്കാം.

പുറംരാജ്യങ്ങളില്‍ 148 bhp കരുത്തും 350 Nm torque ഉം അവകാശപ്പെടുന്ന 1.9 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനും MU-X എസ്‌യുവിയില്‍ ഇസുസു ലഭ്യമാക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ 1.9 ലിറ്റര്‍ എഞ്ചിന്‍ പതിപ്പിനെ ഇസുസു അവതരിപ്പിക്കില്ല.

ഇന്ത്യന്‍ വിപണിയില്‍ ഫോര്‍ഡ് എന്‍ഡവര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍, വരാന്‍ പോകുന്ന മഹീന്ദ്ര XUV700 തുടങ്ങിയ മോഡലുകളാണ് ഇസുസു MU-X എസ്‌യുവിയുടെ എതിരാളികള്‍.
Spy Image Source: GaadiWaadi


Click it and Unblock the Notifications








