ജീപ് കോമ്പസ് ട്രെയില്‍ഹൊക്ക് ബുക്കിംഗ് ആരംഭിച്ചു — അറിയേണ്ടതെല്ലാം
പ്രതിമാസം ശരാശരി 2,500 യൂണിറ്റുകളുടെ വില്‍പന; കോമ്പസ് തരംഗം വിപണിയില്‍ നിന്നും വിട്ടുപോയിട്ടില്ലെന്ന് ഓരോ മാസവും ജീപ് തെളിയിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന കോമ്പസ് ട്രെയില്‍ഹൊക്ക് പതിപ്പിനെ ഇന്ത്യയില്‍ എത്തിക്കാനുള്ള നീക്കത്തിലാണ് കമ്പനി.

ഔദ്യോഗിക വരവിന് മുന്നോടിയായി പുതിയ കോമ്പസ് പതിപ്പിന്റെ ബുക്കിംഗ് ജീപ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു. അമ്പതിനായിരം രൂപയാണ് ബുക്കിംഗ് തുക.

ജൂലായ് ആദ്യപാദത്തോടെ കോമ്പസ് ട്രെയില്‍ഹൊക്ക് പതിപ്പ് വിപണിയില്‍ എത്തും. പുതിയ കോമ്പസ് പതിപ്പിന്റെ വില ഔദ്യോഗിക അവതരണവേളയില്‍ മാത്രമെ ജീപ് പ്രഖ്യാപിക്കുകയുള്ളു.

പുത്തന്‍ ഫീച്ചറുകളും കോസ്മറ്റിക് അപ്‌ഡേറ്റുകളുമാണ് പുതിയ കോമ്പസ് ട്രെയില്‍ഹൊക്ക് എഡിഷന്റെ ആകര്‍ഷണം. മികവേറിയ ഓഫ്‌റോഡിംഗ് കരുത്താണ് ട്രെയില്‍ഹൊക്ക് പതിപ്പിന്. രൂപത്തിലും ഭാവത്തിലും പരുക്കന്‍.

സാധാരണ കോമ്പസുകളെക്കാളും 20 mm അധിക ഉയരത്തിലാണ് കോമ്പസ് ട്രെയില്‍ഹൊക്കിന്റെ ഒരുക്കം. 4,398 mm നീളവും, 2,033 mm വീതിയും, 1,529 mm ഉയരവും കോമ്പസ് ട്രെയില്‍ഹൊക്ക് പതിപ്പിനുണ്ട്.

216 mm ആണ് വരാനിരിക്കുന്ന മോഡലിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. രാജ്യാന്തര വിപണികളിലുള്ള കോമ്പസ് ട്രെയില്‍ഹൊക്ക് പതിപ്പില്‍ ജീപ്പിന്റെ ആക്ടിവ് ഡ്രൈവ് ലോ-റേഞ്ച് നാലു വീല്‍ ഡ്രൈവ് സംവിധാനം ഒരുങ്ങുന്നുണ്ട്.

പുതിയ റോക്ക് മോഡലും മോഡലില്‍ എടുത്തുപറയണം. പരിഷ്‌കരിച്ച മുന്‍, പിന്‍ബമ്പറുകള്‍ പുതിയ എസ്‌യുവിയുടെ പരുക്കന്‍ വിശേഷങ്ങളാണ്.

ട്രെയില്‍ഹൊക്കിലുള്ള ആന്റി ഗ്ലെയര്‍ ബ്ലാക് ഹൂഡ് ഡീക്കല്‍, സ്‌കിഡ് പ്ലേറ്റ് പ്രൊട്ടക്ഷന്‍, ഫോഗ്‌ലാമ്പ് ബെസലുകള്‍ എന്നിവ ഡിസൈനില്‍ ശ്രദ്ധയാകര്‍ഷിക്കും.

പുതിയ അലോയ് വീലുകളും ഡ്യൂവല്‍ ടോണ്‍ നിറവും ട്രെയില്‍ഹൊക്കിന് മാറ്റുപകരും. ഇതൊക്കെയാണെങ്കിലും എഞ്ചിനില്‍ കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല.

നിലവിലുള്ള 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ തന്നെയാകും ട്രെയില്‍ഹൊക്ക് പതിപ്പിന്റെയും വരവ്. എഞ്ചിന് പരമാവധി 171 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കാനാവും.

മാനുവല്‍ ഗിയര്‍ബോക്‌സിന് പകരം ഒമ്പതു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രെയില്‍ഹൊക്കില്‍. ഏകദേശം 24 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില ജീപ് കോമ്പസ് ട്രെയില്‍ഹൊക്കില്‍ പ്രതീക്ഷിക്കാം.


Click it and Unblock the Notifications








