രണ്ടും കല്‍പിച്ച് കിയ, കൊറോള ആള്‍ട്ടിസിനോട് മത്സരിക്കാന്‍ പുതിയ ഒപ്റ്റിമ — ചിത്രങ്ങള്‍ പുറത്ത്
രണ്ടും കല്‍പിച്ചാണ് ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ കിയ. ഇന്ത്യയില്‍ ആദ്യമെത്താന്‍ പോകുന്ന SP കോണ്‍സെപ്റ്റ് എസ്‌യുവിയെ 2018 ഓട്ടോ എക്‌സ്‌പോയില്‍ കിയ അവതരിപ്പിച്ചു കഴിഞ്ഞു. ട്രെസോര്‍ എന്ന പേരില്‍ ആദ്യ കിയ എസ്‌യുവി ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തും. ട്രെസോറിന്റെ പിന്നാലെ വരി വരിയായി മോഡലുകളെ രാജ്യത്തു കൊണ്ടുവരാനാണ് കിയയുടെ നീക്കം.

ഇതിലൊന്ന് സെറാറ്റൊ സെഡാനാണെന്നു ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. പരീക്ഷണയോട്ടം നടത്തുന്ന കിയ സെറാറ്റൊ സെഡാന്‍ ഇക്കാര്യം ആവര്‍ത്തിക്കുന്നു. സിറ്റി, സിയാസ് മോഡലുകളോട് കിയ സെറാറ്റൊ മത്സരിക്കും. എന്നാല്‍ കേവലം ഇടത്തരം ശ്രേണിയില്‍ മാത്രമായി ഒതുങ്ങാന്‍ ഹ്യുണ്ടായിയുടെ ഉപഘടകമായ കിയയ്ക്ക് താത്പര്യമില്ല.

സ്‌കോഡ ഒക്ടാവിയയും ടൊയോട്ട കൊറോള ആള്‍ട്ടിസും ഹ്യുണ്ടായി എലാന്‍ട്രയും നിറഞ്ഞു നില്‍ക്കുന്ന പ്രീമിയം സെഡാന്‍ നിരയിലേക്കും കിയയ്ക്ക് നോട്ടമുണ്ട്. ഈ ആഗ്രഹം കൊണ്ടായിരിക്കണം ആരോരുമറിയാതെ ഒപ്റ്റിമയുമായി കിയ ഇങ്ങുവന്നത്.

പരീക്ഷണയോട്ടത്തിനിറങ്ങിയ കിയ ഒപ്റ്റിമയുടെ ചിത്രങ്ങള്‍ ഇന്ത്യന്‍ കാര്‍ ലോകത്ത് ശ്രദ്ധനേടുകയാണ്. വലുപ്പമേറിയ രൂപമാണ് ഒപ്റ്റിമയുടെ മുഖ്യാകര്‍ഷണം. ഡിസൈന്‍ പക്വത വെളിപ്പെടുത്തുന്ന വരകള്‍ കാറില്‍ ധാരാളമുണ്ട്.

മറ്റു കിയ മോഡലുകള്‍ക്ക് സമാനമായി വീതിയേറിയ ബട്ടര്‍ഫ്‌ളൈ ശൈലിയാണ് ഗ്രില്ല് പിന്തുടരുന്നത്. സെന്‍ട്രല്‍ എയര്‍ഡാമിന് അടിവരയിടുന്ന മുന്‍ ബമ്പറും എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും ശ്രദ്ധയാകര്‍ഷിക്കുന്നതില്‍ പിന്നില്‍ പോകില്ല.

ശരീര നിറത്തിനോട് ചേര്‍ന്നു നില്‍ക്കുന്ന ഡോര്‍ ഹാന്‍ഡിലുകള്‍, മിററുകളില്‍ ഒരുങ്ങിയ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍ പോലുള്ള ഫീച്ചറുകള്‍ ഒപ്റ്റിമയുടെ വിശേഷങ്ങളില്‍പ്പെടും.

ബൂട്ട് ലിഡിലേക്ക് ചേര്‍ന്നണയുന്ന വിധത്തിലാണ് ടെയില്‍ലാമ്പുകളുടെ ഒരുക്കം. പിന്‍ ബമ്പറില്‍ റിഫ്‌ളക്ടറുകള്‍ കാണാം. മോഡലിന്റെ അകത്തളത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല.

എന്നാല്‍ രാജ്യാന്തര വിപണികളില്‍ അണിനിരക്കുന്ന ഒപ്റ്റിമയില്‍ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ, 10 സ്പീക്കര്‍ ഹര്‍മന്‍ ഓഡിയോ സംവിധാനം, ആപ്പിള്‍കാര്‍ പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ തുടങ്ങിയ ഫീച്ചറുകള്‍ ഒരുങ്ങുന്നുണ്ട്.

പെട്രോള്‍ എഞ്ചിന്‍ മാത്രമെ നിലവില്‍ ഒപ്റ്റിമയിലുള്ളു. 2.4 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.6 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, 2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ പതിപ്പുകളാണ് കിയ ഒപ്റ്റിമയില്‍ ഒരുങ്ങുന്നത്.

എന്നാല്‍ ഇന്ത്യന്‍ വരവ് യാഥാര്‍ത്ഥ്യമായാല്‍ എലാന്‍ട്രയിലുള്ള 1.6 ഡീസല്‍ എഞ്ചിന്‍ സെഡാനില്‍ പ്രതീക്ഷിക്കാം. ആറു സ്പീഡ് ഓട്ടോമാറ്റിക്, ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഒപ്റ്റിമയില്‍ ലഭ്യമാണ്.
Spy Image Source: Carwale


Click it and Unblock the Notifications








