അഞ്ചു സ്റ്റാര്‍ പൊന്‍തിളക്കത്തില്‍ മഹീന്ദ്ര ആള്‍ട്യുറാസ് G4, സുരക്ഷയില്‍ ഫോര്‍ച്യൂണറിന് സമാനം
പടികള്‍ ഓരോന്നായി മുകളിലേക്കു മഹീന്ദ്ര കയറുകയാണ്. മൈക്രോ എസ്‌യുവി KUV100 NXT -യില്‍ തുടങ്ങി ആള്‍ട്യുറാസ് G4 വരെ എത്തിനില്‍ക്കുന്നു ഇന്ത്യന്‍ നിര്‍മ്മാതാക്കളുടെ യൂട്ടിലിറ്റി വാഹന നിര. മറാസോയും ആള്‍ട്യുറാസ് G4 ഉം മുന്നോട്ടുള്ള യാത്രയില്‍ കമ്പനിയുടെ പങ്കായം തുഴയും. നിരയില്‍ അവസാനം കടന്നുവന്നിരിക്കുന്ന ആള്‍ട്യുറാസ് G4 മഹീന്ദ്രയെ സംബന്ധിച്ചു നിര്‍ണ്ണായകമാണ്.

സാങ്‌യോങ് റെകസ്റ്റണ്‍ അടിസ്ഥാനമായി ഒരുങ്ങുന്ന ആള്‍ട്യുറാസ്, ടൊയോട്ട ഫോര്‍ച്യൂണറിന്റെ പ്രീമിയം വിപണിയാണ് ലക്ഷ്യമിടുന്നത്. വില നോക്കിയാല്‍ ആള്‍ട്യുറാസിനാണ് മേല്‍ക്കൈ. 26.95 ലക്ഷം രൂപയ്ക്കു രണ്ടു വീല്‍ ഡ്രൈവ് പതിപ്പിനെയും 29.95 ലക്ഷം രൂപയ്ക്ക് നാലു വീല്‍ ഡ്രൈവ് പതിപ്പിനെയും മഹീന്ദ്ര വിപണിയില്‍ കൊണ്ടുവരുന്നു.

സൗകര്യങ്ങളിലും സംവിധാനങ്ങളിലും പഞ്ഞമില്ലാതെത്തുന്ന ആള്‍ട്യുറാസ് G4, സുരക്ഷയുടെ കാര്യത്തിലും നിരാശപ്പെടുത്തില്ല. രാജ്യാന്തര വിപണികളില്‍ ഇന്‍ഫേര്‍ണൊ എന്ന പേരില്‍ അറിയപ്പെടുന്ന ആള്‍ട്യുറാസ് G4, കൊറിയന്‍ ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാമില്‍ (K-NCAP) അഞ്ചു സ്റ്റാര്‍ തിളക്കമാണ് നേടിയിട്ടുള്ളത്.

നാലാംതലമുറ സാങ്‌യോങ് G4 റെക്‌സ്റ്റണ്‍ ആധാരമാകുന്ന ആള്‍ട്യുറാസ് G4, മഹീന്ദ്രയുടെ ഏറ്റവും ഉയര്‍ന്ന മോഡലാണ്. റെക്‌സ്റ്റണിന്റെ ദൃഢതയും കരുത്തും മഹീന്ദ്ര എസ്‌യുവിക്കുമുണ്ട്. ഒമ്പതു എയര്‍ബാഗുകളാണ് ആള്‍ട്യുറാസില്‍ ഇടംപിടിക്കുന്നത്.

ഡ്രൈവര്‍ സീറ്റ്, പാസഞ്ചര്‍ സീറ്റ്, ഡ്രൈവര്‍ നീ പ്രൊട്ടക്ഷന്‍, സൈഡ് എയര്‍ബാഗുകള്‍, കര്‍ട്ടന്‍ എയര്‍ബാഗുകള്‍ എന്നിവയെല്ലാം ഇതില്‍പ്പെടും. ആക്ടിവ് റോള്‍ഓവര്‍ പ്രൊട്ടക്ഷനുള്ള ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ബ്രേക്ക് അസിസ്റ്റ് സംവിധാനം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനം, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്നല്‍; സുരക്ഷാ സംവിധാനങ്ങളുടെ നീണ്ട നിര തന്നെയുണ്ട് മഹീന്ദ്ര ആള്‍ട്യുറാസ് G4 -ല്‍.

ദൃഢത കൂടിയ ക്യാബിന്‍ ഉള്ളില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും. ഹൈ സ്‌ട്രെങ്ത് സ്റ്റീല്‍ നിര്‍മ്മിത ക്വാഡ് ഫ്രെയിം ഘടനയാണ് ആള്‍ട്യുറാസിന് അടിത്തറ പാകുന്നത്. വശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബീമുകളും മുന്‍ ക്രമ്പിള്‍ സോണുകളും ആഘാതം അകത്തളത്തിലേക്കു കടക്കുന്നത് പ്രതിരോധിക്കും.

K-NCAP സുരക്ഷാ പരിശോധനയുടെ ഭാഗമായി ഫ്രണ്ടല്‍ ക്രാഷ് ടെസ്റ്റ്, സൈഡ് ഇംപാക്ട് ക്രാഷ് ടെസ്റ്റ്, ഓഫ്‌സെറ്റ് ഫ്രണ്ടല്‍ ഇംപാക്ട് ടെസ്റ്റ്, ബ്രേക്കിംഗ് ടെസ്റ്റ്, പെഡസ്ട്രിയന്‍ പ്രൊട്ടക്ഷന്‍ ടെസ്റ്റ്, സീറ്റ് സ്റ്റബിലിറ്റി ടെസ്റ്റ് എന്നിവ മഹീന്ദ്ര ആള്‍ട്യുറാസ് G4 വിജയകരമായി അഭിമുഖീകരിക്കുകയുണ്ടായി.

ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ഇമൊബിലൈസര്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ മുതലായവ എസ്‌യുവിയിലെ അടിസ്ഥാന ഫീച്ചറുകളാണ്. എസ്‌യുവിയില്‍ തുടിക്കുന്ന 2.2 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന് 178 bhp കരുത്തും 420 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

മെര്‍സിഡീസില്‍ നിന്നുള്ള ഏഴു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ആള്‍ട്യുറാസ് ഉപയോഗിക്കുന്നത്. അകത്തളത്തില്‍ ആഢംബരത്തിനും സൗകര്യങ്ങള്‍ക്കും കമ്പനി യാതൊരു കുറവും വരുത്തുന്നില്ല.

സീറ്റുകള്‍ക്കും സെന്റര്‍ കണ്‍സോളിനും സ്റ്റീയറിംഗ് വീലിനും തുകല്‍ ആവരണമുണ്ട്. പിന്‍നിര യാത്രക്കാര്‍ക്കുള്ള സീറ്റുകളിലും തുകല്‍ അപ്‌ഹോള്‍സ്റ്ററിയാണ് കമ്പനി ഉപയോഗിക്കുന്നത്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഓപ്ഷനുകളുള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എസ്‌യുവിയുടെ മറ്റൊരാകര്‍ഷണമാണ്.

ഇരട്ട പോഡുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, എട്ടു വിധത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, സണ്‍റൂഫ്, തിളങ്ങുന്ന ഗ്ലോവ് ബോക്‌സ്, മഴ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന വൈപ്പറുകള്‍, ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം എന്നിവയെല്ലാം ഏഴു സീറ്റര്‍ ആള്‍ട്യുറാസിന്റെ സവിശേഷതകളില്‍പ്പെടും.
മധ്യനിര സീറ്റുകള്‍ 60:40 അനുപാതത്തിലും മൂന്നാംനിര സീറ്റുകള്‍ 50:50 അനുപാതത്തിലും വിഭജിക്കാം. വിപണിയില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, സ്‌കോഡ കൊഡിയാക്ക്, ഹോണ്ട CR-V എന്നിവരുമായാണ് മഹീന്ദ്ര എസ്‌യുവിയുടെ മത്സരം.


Click it and Unblock the Notifications








