മഹീന്ദ്ര മറാസോ ബുക്കിംഗ് തുടങ്ങി, സെപ്തംബര്‍ മൂന്നിന് വിപണിയില്‍
മഹീന്ദ്ര മറാസോ എംപിവി സെപ്തംബര്‍ മൂന്നിന് വിപണിയില്‍ വരാനിരിക്കെ മോഡലിന്റെ അനൗദ്യോഗിക ബുക്കിംഗ് ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചു. നഗരങ്ങളെയും ഡീലര്‍ഷിപ്പുകളെയും അടിസ്ഥാനപ്പെടുത്തി 10,000 മുതല്‍ 20,000 രൂപ വരെയാണ് മറാസോ എംപിവിയുടെ ബുക്കിംഗ് തുക. നാസിക്കിലെ നിര്‍മ്മാണശാലയില്‍ നിന്നാണ് പുതിയ മറാസോ എംപിവികളെ മഹീന്ദ്ര പുറത്തിറക്കുന്നത്.

ടൊയോട്ട ഇന്നോവ ക്രിസ്റ്റയോടു മത്സരിക്കാന്‍ ഒരുങ്ങുന്ന മറാസോയ്ക്ക് വിപണിയില്‍ ആവശ്യമായ ഇടം ഇതിനകം കമ്പനി കണ്ടെത്തി കഴിഞ്ഞു. ജൂലായില്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ വില്‍പനയില്‍ സംഭവിച്ച നേരിയ ഇടിവിന് പിന്നിലും മഹീന്ദ്ര മറാസോയുടെ തിളക്കം കാരണമായെന്നു പറയേണ്ടിവരും.

പ്രാരംഭ ഇന്നോവ ക്രിസ്റ്റ വകഭേദങ്ങള്‍ക്കും ഉയര്‍ന്ന എര്‍ട്ടിഗ വകഭേദങ്ങള്‍ക്കും ഇടയിലായാകും മറാസോയ്ക്ക് മഹീന്ദ്ര വില നിശ്ചയിക്കുക. മറാസോയെ കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഡീലര്‍ഷിപ്പുകളില്‍ പുതിയ എംപിവികള്‍ വന്നുതുടങ്ങിയെന്നാണ് വിവരം.

അതേസമയം മഹീന്ദ്ര പുറത്തുവിട്ട മോഡലിന്റെ ഒരുപിടി ടീസര്‍ ചിത്രങ്ങള്‍ മറാസോയിന്മേലുള്ള പ്രതീക്ഷ വര്‍ധിപ്പിച്ചു കഴിഞ്ഞു. സ്പാനിഷ് ഭാഷയില്‍ സ്രാവെന്നര്‍ത്ഥമുള്ള മറാസോ, സ്രാവില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട എയറോഡൈനാമിക് ആകാരമാകും അവകാശപ്പെടുക.

സ്രാവിന്റെ മുന്‍ പല്ലുകളെ അനുകരിക്കുന്ന ഗ്രില്ലും വാലറ്റത്തെ ഓര്‍മ്മപ്പെടുത്തുന്ന പിന്‍ഭാഗവും മറാസോയുടെ ഡിസൈന്‍ സവിശേഷതകളില്‍പ്പെടും. മിഷിഗണില്‍ സ്ഥിതി ചെയ്യുന്ന മഹീന്ദ്രയുടെ വടക്കെ അമേരിക്കന്‍ ടെക്‌നിക്കല്‍ കേന്ദ്രം രൂപകല്‍പന നിര്‍വഹിച്ച ആദ്യ മോഡല്‍ കൂടിയാണ് മറാസോ.

ഇനിയങ്ങോട്ടുള്ള ഭാവി മോഡലുകളെ ഇവിടെ നിന്നായിരിക്കും മഹീന്ദ്ര വിഭാവനം ചെയ്യുക. XUV500 -യ്ക്ക് സമാനമായ ഡാഷ്‌ബോര്‍ഡ് ഘടനയാണ് മഹീന്ദ്ര മറാസോ അവകാശപ്പെടുന്നത്. കമ്പനി പുറത്തുവിട്ട ചിത്രങ്ങളില്‍ ഇക്കാര്യം വ്യക്തം.

ഡാഷ്‌ബോര്‍ഡിന് പിയാനൊ ബ്ലാക് ശൈലിയാണ് ലഭിക്കുന്നത്. ഡാഷ്‌ബോര്‍ഡിനോടു ചേര്‍ന്ന ഗിയര്‍ നോബും മറാസോയുടെ പ്രത്യേകതയാണ്. നീല പശ്ചാത്തലമാണ് വലിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിന്. മൂന്ന് സ്‌പോക്ക് സ്റ്റീയറിംഗ് വീലില്‍ ഓഡിയോ കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍ ബട്ടണുകള്‍ ഇടംപിടിക്കും.

വിശാലമായ അകത്തളം മറാസോ കാഴ്ച്ചവെക്കുമെന്നാണ് മഹീന്ദ്രയുടെ അവകാശവാദം. ടൊയോട്ട ഇന്നോവ ക്രിസ്റ്റയെ പോലെ ഏഴു / എട്ടു സീറ്റര്‍ ഘടനകള്‍ മറാസോയില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. മറാസോയുടെ ഏഴു സീറ്റര്‍ മോഡലില്‍ രണ്ടു ക്യാപ്റ്റന്‍ സീറ്റുകളാണ് രണ്ടാംനിരയില്‍ ഒരുങ്ങുക.

അതേസമയം എട്ടു സീറ്റര്‍ മോഡല്‍ തെരഞ്ഞെടുത്താല്‍ 40:20:40 അനുപാതത്തില്‍ വിഭജിക്കാവുന്ന ബെഞ്ച് സീറ്റുകള്‍ മധ്യനിരയില്‍ ഇടംപിടിക്കും. മറാസോയുടെ ഏഴു സീറ്ററായാലും എട്ടു സീറ്ററായാലും രണ്ടാംനിര സീറ്റുകള്‍ മടക്കിവെച്ചു മാത്രമെ മൂന്നാംനിര സീറ്റിലേക്ക് കടക്കാനാവുകയുള്ളൂ.

മൂന്നാംനിര സീറ്റ് പൂര്‍ണ്ണമായും മടക്കിവെച്ചു ബൂട്ട് സ്പേസായി ഉപയോഗിക്കാനും മഹീന്ദ്ര മറാസോയില്‍ കഴിയും. 1.6 ലിറ്റര്‍ എംഫാല്‍ക്കണ്‍ ഡീസല്‍ എഞ്ചിന്‍ മറാസോയില്‍ തുടിക്കുമെന്നാണ് സൂചന. എഞ്ചിന് 125 bhp കരുത്തും 305 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

ആറു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ മോഡലില്‍ ലഭിക്കും. റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ മറാസോ പെട്രോളും വിപണിയില്‍ അണിനിരക്കും.

രണ്ടിലധികം എയര്‍ബാഗുകള്‍, എബിഎസ് + ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ എന്നിവയെല്ലാം എംപിവിയില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും.

പതിവില്‍ നിന്നും വ്യത്യസ്തമായി മോണോകോഖ് ഷാസിയിലാണ് മഹീന്ദ്ര മറാസോ പുറത്തുവരിക. സാധാരണ ബോഡി ഓണ്‍ ഫ്രെയിം ഘടനയാണ് എംപിവികളും എസ്‌യുവികളും അവകാശപ്പെടാറ്.


Click it and Unblock the Notifications