പ്രീമിയം എസ്‌യുവി നിരയിലേക്ക് മഹീന്ദ്ര; വിപണി കീഴടക്കുമോ G4 റെക്സ്റ്റണ്‍?
Recommended Video

പ്രീമിയം എസ്‌യുവി ശ്രേണിയിലേക്കുള്ള മഹീന്ദ്രയുടെ ചുവടുവെയ്പിനാണ് ഇത്തവണ ഓട്ടോ എക്‌സ്‌പോ സാക്ഷ്യം വഹിച്ചത്. മഹീന്ദ്ര ബാഡ്ജിംഗ് നേടിയ സാങ്‌യോങ് G4 റെക്‌സ്റ്റണ്‍ ശ്രേണിയിലെ സമവാക്യങ്ങളെ മാറ്റാന്‍ പോന്നതാണോ?

അതു പറയാറായിട്ടില്ല. എന്തായാലും കാഴ്ചയില്‍ ഭീകരനാണ് പുതിയ റെക്സ്റ്റണ്‍. പുത്തന്‍ ബ്രാന്‍ഡ് നാമത്തിന് കീഴില്‍ സാങ്‌യോങ് G4 റെക്‌സ്റ്റണ്‍ അണിനിരക്കുമെന്ന് എക്‌സ്‌പോയില്‍ മഹീന്ദ്ര വ്യക്തമാക്കി കഴിഞ്ഞു.

രാജ്യാന്തര വിപണികളില്‍ സാങ്‌യോങിന്റെ പേരും പ്രശസ്തിയും ഉയര്‍ത്തിയതില്‍ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി G4 റെക്സ്റ്റണിന് മോശമല്ലാത്ത പങ്കുണ്ട്. അത്യാധുനിക ഡിസൈനും, ടെക്‌നോളജിയും, സുരക്ഷയും; G4 റെക്‌സ്റ്റണിന്റെ പ്രചാരത്തിന് പിന്നില്‍ ഈ മൂന്ന് ഘടകങ്ങളാണ്.

178 bhp കരുത്തും 420 Nm torque ഉം ഉത്പാദിപ്പിക്കുന്ന പുതിയ 2.2 ലിറ്റര്‍ എഞ്ചിനിലാണ് മഹീന്ദ്ര ബാഡ്‌ജോടെയുള്ള സാങ്‌യോങ് റെക്‌സ്റ്റണിന്റെ വരവ്. 7 സ്പീഡ് മെര്‍സിഡീസ് ബെന്‍സ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് റെക്‌സ്റ്റണില്‍ ഒരുങ്ങുന്നത്.

ജിപിഎസ് നാവിഗേഷനോടെയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇലക്ട്രിക് സണ്‍റൂഫ്, ഡ്യൂവല്‍-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് സീറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് G4 റെക്സ്റ്റണിന്റെ ഇന്റീരിയര്‍.

HID ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നിവയാണ് പ്രീമിയം എസ്‌യുവിയുടെ മറ്റു വിശേഷങ്ങള്‍.

ക്യാബിന്‍ ക്വാളിറ്റിയുടെ കാര്യത്തില്‍ മുന്‍നിര മോഡലുകള്‍ പോലും റെക്‌സ്റ്റണിന് പിന്നിലാണ്. സോഫ്റ്റ്-ഫീല്‍ പ്ലാസ്റ്റിക് ഉപയോഗിച്ചാണ് അകത്തളം ഒരുക്കിയിരിക്കുന്നത്.

പ്രീമിയം കോഗ്നാക് ബ്രൗണ്‍ ലെതര്‍ കൊണ്ട് റെക്സ്റ്റണിന്റെ അകത്തളം പൂര്‍ണമായും കമ്പനി പൊതിഞ്ഞിട്ടുമുണ്ട്. ഒമ്പത് എയര്‍ബാഗുകളാണ് യാത്രക്കാരുടെ സുരക്ഷയ്ക്കായി റെക്സ്റ്റണിലുള്ളത്.


Click it and Unblock the Notifications








