പുതിയ TUV300 പ്ലസ് ഉടന്‍ വിപണിയിലേക്ക്; എസ്‌യുവിയുടെ വില മഹീന്ദ്ര പ്രഖ്യാപിച്ചു
ഒടുവില്‍ പുതിയ TUV300 പ്ലസ് മഹീന്ദ്രയുടെ ഔദ്യോഗിക വെബ്‌സ്‌റ്റൈില്‍ പ്രത്യക്ഷപ്പെട്ടു. 'എക്സ്റ്റന്‍ഡഡ് വീല്‍ബേസ്' എന്ന് പേരുവിളിക്കാവുന്ന TUV300 -യുടെ വലിച്ചുനീട്ടിയ പതിപ്പിനെ കമ്പനി പരീക്ഷിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട സ്ഥിതിക്ക് മഹീന്ദ്ര TUV300 പ്ലസിനെ വിപണിയില്‍ എന്നു വേണമെങ്കിലും പ്രതീക്ഷിക്കാം.

കേവലം P4 വകഭേദം മാത്രമാണ് TUV300 പ്ലസില്‍. വില 9.69 ലക്ഷം രൂപ (എക്‌സ്‌ഷോറൂം ദില്ലി). മൂന്നാം നിര സീറ്റുകളാണ് മഹീന്ദ്ര TUV300 പ്ലസിന്റെ മുഖ്യാകര്‍ഷണം. പുതിയ മഹീന്ദ്ര മോഡലിന്റെ സാങ്കേതിക വിവരങ്ങളും പുറത്തുവന്നു. നീളം 4,398 mm.

TUV300 -യെക്കാളും 403 mm നീളം അധികമുണ്ട് മഹീന്ദ്ര TUV300 പ്ലസിന്. അതേസമയം വീല്‍ബേസില്‍ മാറ്റമില്ല. 2,680 mm -ല്‍ വീല്‍ബേസ് തുടരുന്നു. ഒമ്പതു സീറ്റര്‍ ഘടനയാണ് എസ്‌യുവിക്ക്. പിറകിലേക്ക് വലിച്ചുനീട്ടിയ ആകാരത്തിന്റെ പശ്ചാത്തലത്തിലാണ് TUV300 പ്ലസിന്റെ മൂന്നാം നിര സീറ്റുകള്‍.

ഭേദപ്പെട്ട ബൂട്ട് സ്‌പേസും മോഡല്‍ കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷ. സ്റ്റാന്‍ഡേര്‍ഡ് TUV300 -യ്ക്കും സ്‌കോര്‍പിയോയ്ക്കും ഇടയിലാണ് പുതിയ മഹീന്ദ്ര TUV300 പ്ലസിന്റെ സ്ഥാനം. കാഴ്ചയില്‍ TUV300 -ന് സമാനമാണ് TUV300 പ്ലസും. എന്നാല്‍ ബമ്പറില്‍ ചെറിയ പരിഷ്‌കാരങ്ങള്‍ കാണാം.

മുന്‍ ബമ്പറിലുള്ള എയര്‍ ഡാം ചതുരാകൃതി പിന്തുടരുന്നു. വീല്‍ ആര്‍ച്ചുകള്‍ക്കും ഇതേ ചതുര ഘടനയാണ്. പിറകിലേക്ക് വലിഞ്ഞു നില്‍ക്കുന്ന റാപ്പ് എറൗണ്ട് ടെയില്‍ലാമ്പുകള്‍ പിന്നില്‍ ശ്രദ്ധയാകര്‍ഷിക്കും. ഇവ ഒഴിച്ചു നിര്‍ത്തിയാല്‍ ഡിസൈനില്‍ കാര്യമായ മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടില്ല.

TUV300 -യ്ക്ക് സമാനമായി സ്‌പെയര്‍ വീലും പുതിയ മോഡലിന്റെ പിന്നില്‍ ഒരുങ്ങിയിട്ടുണ്ട്. TUV300 -യില്‍ ഉള്ള എല്ലാ ഫീച്ചറുകളും TUV300 പ്ലസിലും ലഭിക്കും. അകത്തളത്തില്‍ ഇരട്ടനിറം ഒരുങ്ങെന്നാണ് വിവരം.

ഇരട്ട പോഡ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും മുഖമുഖം നിലകൊള്ളുന്ന മൂന്നാം നിര സീറ്റുകളും TUV300 പ്ലസില്‍ ഇടംപിടിക്കും. മൂന്നാം നിരയില്‍ നാലു പേര്‍ക്കു സുഖമായി ഇരിക്കാന്‍ പറ്റും. ചെരിവു ക്രമീകരിക്കാവുന്ന സ്റ്റീയറിംഗ് വീല്‍, പവര്‍ വിന്‍ഡോ, ഉള്ളില്‍ നിന്നും ക്രമീകരിക്കാവുന്ന മിററുകള്‍, സെന്‍ട്രല്‍ ലോക്കിംഗ് എന്നിവ TUV300 പ്ലസിന്റെ വിശേഷങ്ങളില്‍ ഉള്‍പ്പെടും.

നിലവിലുള്ള 2.2 ലിറ്റര്‍ എംഹൊക്ക് ഡീസല്‍ എഞ്ചിനാണ് പുതിയ മഹീന്ദ്ര TUV300 പ്ലസില്‍. എഞ്ചിന് 120 bhp കരുത്തും 280 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

നാലു മീറ്ററില്‍ കൂടുതല്‍ നീളമുള്ളതു കൊണ്ടാണ് കരുത്തന്‍ 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനെ കമ്പനി TUV300 പ്ലസിന് നല്‍കിയത്. അതേസമയം സ്റ്റാന്‍ഡേര്‍ഡ് TUV300 -യില്‍ 1.5 ലിറ്ററാണ് എഞ്ചിന്‍. ചൈല്‍ഡ് ലോക്കുകള്‍, സീറ്റു ബെല്‍റ്റ് വാര്‍ണിങ്ങ്, ആന്റി-തെഫ്റ്റ് സ്റ്റീയറിംഗ് ലോക്ക്, എഞ്ചിന്‍ ഇമൊബിലൈസര്‍, ക്രാഷ് പ്രൊട്ടക്ഷന്‍ എന്നിവ TUV300 പ്ലസില്‍ സുരക്ഷയൊരുക്കും.

ഇതിനകം ഏതാനും ചില ഉപഭോക്താക്കള്‍ക്ക് പുതിയ TUV300 പ്ലസിനെ മഹീന്ദ്ര നല്‍കി കഴിഞ്ഞു. ജൂണ്‍ ആദ്യവാരം പുതിയ മഹീന്ദ്ര TUV300 പ്ലസ് എസ്‌യുവി വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷ.
Source: TUV300/Facebook


Click it and Unblock the Notifications








