പരീക്ഷണയോട്ടം തുടരുന്നു; പുതിയ മഹീന്ദ്ര U321 എംപിവി ഇന്നോവയ്ക്ക് ഭീഷണിയോ?
മഹീന്ദ്ര U321 എംപിവിയുമായി മഹീന്ദ്ര പരീക്ഷണയോട്ടം തുടരുന്നു. കൗതുകമായിരുന്നു ആദ്യം. എന്നാല്‍ പിന്നീടങ്ങോട്ട് U321 എംപിവികള്‍ നിറഞ്ഞോടുന്ന രംഗമാണ് ചെന്നൈയില്‍ കണ്ടത്. മഹീന്ദ്രയുടെ ഉദ്ദേശം വ്യക്തം; പുതിയ എംപിവിയെ എത്രയും പെട്ടെന്ന് വിപണിയില്‍ കൊണ്ടുവരണം.

ഈ തിടുക്കത്തിനിടെ വീണ്ടും U321 മോഡലിന്റെ ചിത്രങ്ങള്‍ പുറത്തുവരികയാണ്. പതിവു പോലെ 'തുണിയുടപ്പിച്ചാണ്' മഹീന്ദ്ര എംപിവിയുടെ പരീക്ഷണയോട്ടം. ഇക്കുറി മുഖരൂപം കൂടുതല്‍ വ്യക്തം. ഗ്രില്ല് കാണാം. ഏഴു സ്ലാറ്റാണ് ഗ്രില്ല്.

പ്രൊജക്ടറും ഹെഡ്‌ലാമ്പുകളും പക്വതയേറിയ ബമ്പറും U321 -ന്റെ രൂപകല്‍പന എടുത്തുകാണിക്കും. ഹെഡ്‌ലാമ്പുകള്‍ക്ക് താഴെയാണ് ഇന്‍ഡിക്കേറ്റര്‍. ഫോഗ്‌ലാമ്പുകള്‍ ബമ്പറിലും. ബൂമറാങ് ആകൃതിയിലുള്ള ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളാണ് എംപിവിയില്‍.

വശങ്ങള്‍ ഒരുപരിധി വരെ ഇന്നോവ ക്രിസ്റ്റയെ അനുസ്മരിപ്പിക്കും. കടുപ്പമേറിയ ബെല്‍റ്റ്‌ലൈനും വലിയ വീല്‍ ആര്‍ച്ചുകളുമായിരിക്കും എംപിവിയില്‍. അഞ്ചു സ്പോക്ക് 15 ഇഞ്ച് അലോയ് വീലുകളിലാണ് എംപിവിയുടെ ഒരുക്കം.

കുത്തനെ സ്ഥാപിച്ച ടെയില്‍ലാമ്പുകളാണ് പിന്നില്‍. ഭേദപ്പെട്ട ആഢംബരം അകത്തളില്‍ ഒരുങ്ങുമെന്നാണ് സൂചന. ഏഴു സീറ്റര്‍ പരിവേഷമുണ്ടെങ്കിലും എട്ടു സീറ്റര്‍ ഓപ്ഷന്‍ മോഡലില്‍ ഒരുങ്ങും.

അകത്തളം വിശാലമായിരിക്കും. ലെതര്‍ സീറ്റുകള്‍ എംപിവിയുടെ ആഢംബരം വര്‍ധിപ്പിക്കും. വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സംവിധാനത്തെ കാറില്‍ പ്രതീക്ഷിക്കാം. ആന്‍ഡ്രോയ്ഡ് ഓട്ടോ പോലുള്ള കണക്ടിവിറ്റി ഫീച്ചറുകള്‍ കാറില്‍ ലഭ്യമാകും.

അനലോഗ്-ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററായിരിക്കും എംപിവിയില്‍. മോണോകോഖ് ഷാസിയിലുള്ള ആദ്യ മഹീന്ദ്ര അവതാരം കൂടിയാണ് പുതിയ U321 എംപിവി. രൂപത്തിവും ഭാവത്തിലും പ്രീമിയം.

പുതിയ എഞ്ചിനും. 1.6 ലിറ്റര്‍ എംഫാല്‍ക്കണ്‍ ഡീസല്‍ എഞ്ചിനിലാകും മഹീന്ദ്ര എംപിവിയുടെ ഒരുക്കം. എഞ്ചിന് പരമാവധി 125 bhp കരുത്തും 305 Nm torque ഉം സൃഷ്ടിക്കാനാവും.

ഇതിന് പുറമെ 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും U321 -ല്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ട്. 163 bhp കരുത്തേകുന്നതാകും പെട്രോള്‍ എഞ്ചിന്‍. ഇരു എഞ്ചിന്‍ പതിപ്പുകളിലും ആറു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇടംപിടിക്കുക.

മോണോകോഖ് ഷാസിയായതു കൊണ്ടു തന്നെ കാറില്‍ കൂടുതല്‍ സ്ഥിരത അനുഭവപ്പെടും. തുടക്കത്തില്‍ സൈലോയ്ക്ക് പകരനായാണ് U321 നെ കമ്പനി വിഭാവനം ചെയ്തത്. മോഡലിനെ വികസിപ്പിച്ചതും ഇതേ ഉദ്ദേശം വെച്ചു തന്നെ.

എന്നാല്‍ ഇടയ്ക്ക് എവിടെയോ വെച്ച് പ്രീമിയം എംപിവിയായി U321 രൂപാന്തരപ്പെട്ടു. കമ്പനിയുടെ വടക്കെ അമേരിക്കന്‍ ഡിസൈന്‍ സംഘമാണ് എംപിവിയുടെ രൂപകല്‍പനയ്ക്ക് പിന്നില്‍.

പുതിയ എര്‍ട്ടിഗയുടെയും, മഹീന്ദ്ര U321 -ന്റെയും വരവോട് കൂടി എംപിവി ശ്രേണിയില്‍ മത്സരം മുറുകുമെന്ന കാര്യം വ്യക്തം. ഒരുപരിധി വരെ ടൊയോട്ട ഇന്നോവയ്ക്കും മഹീന്ദ്ര എംപിവി ഭീഷണിയൊരുക്കും.

നവംബറില്‍ മഹീന്ദ്ര എംപിവി വിപണിയില്‍ എത്തുമെന്നാണ് വിവരം.


Click it and Unblock the Notifications








