പുതിയ മഹീന്ദ്ര XUV500 വന്നതു മുതല്‍ ജീപ് കോമ്പസ് വില്‍പന താഴോട്ട്, കാരണമിതാണ്
ജീപ് കോമ്പസിന്റെ കുതിപ്പ് വന്നതു മുതല്‍ വിപണി കാണുന്നു. വര്‍ഷം ഒന്നു കഴിഞ്ഞിട്ടും സ്ഥിതിവിശേഷത്തില്‍ മാറ്റമില്ല; ഓരോ മാസവും കോമ്പസ് എസ്‌യുവിയെ വാങ്ങാന്‍ ആളുകള്‍ മുന്നോട്ടു വരുന്നു. മഹീന്ദ്ര XUV500 -യ്ക്കാണ് കോമ്പസിന്റെ തേരോട്ടത്തില്‍ ആദ്യം സ്ഥാനം നഷ്ടപ്പെട്ടത്. ജീപ് കോമ്പസിന്റെ വരവിന് മുമ്പ് ഇടത്തരം എസ്‌യുവി ശ്രേണി നീണ്ടകാലം വാണത് മഹീന്ദ്ര XUV500.

പുതുമയില്ലെങ്കില്‍ XUV500 -യ്ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നു കോമ്പസിന്റെ അവതരണത്തോടു കൂടി മഹീന്ദ്ര തിരിച്ചറിഞ്ഞു. പിന്നെ വൈകിയില്ല, വമ്പന്‍ പരിഷ്‌കാരങ്ങളോടെ XUV500 ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ എത്തി. പുതിയ മഹീന്ദ്ര XUV500 വന്നതു മുതല്‍ ജീപ് കോമ്പസ് വില്‍പന താഴോട്ടു പോവുകയാണ്.

2,770 XUV500 യൂണിറ്റുകളെ മഹീന്ദ്ര വിറ്റപ്പോള്‍ ജീപ് വിറ്റത് 1,518 കോമ്പസുകള്‍ മാത്രം. പുതിയ XUV500 -യ്ക്ക് വിപണിയില്‍ പ്രചാരം കൂടാനുള്ള കാരണങ്ങള്‍ പരിശോധിക്കാം —

പുതുമ
കാര്യമായ പരിഷ്‌കാരങ്ങള്‍ പുതിയ XUV500 ഫെയ്‌സ്‌ലിഫ്റ്റില്‍ മഹീന്ദ്ര വരുത്തി. വലിയ ഗ്രില്ലും ഹെഡ്‌ലാമ്പുകളും മുന്‍ ബമ്പറും കൂടുതല്‍ പക്വത കൈവരിച്ചു. ഹെഡ്‌ലാമ്പുകളോടു ചേര്‍ന്നു കുത്തനെയാണ് എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍. ഇത്തവണ ഫോഗ്‌ലാമ്പുകളുടെ ഘടനയും മാറി.

വലിയ ആകാരവും മഹീന്ദ്ര എസ്‌യുവിയില്‍ ശ്രദ്ധയാകര്‍ഷിക്കും. വലിഞ്ഞു നീണ്ട ടെയില്‍ലാമ്പുകളാണ് പിന്നില്‍. പതിവിന് വിപരീതമായി ടെയില്‍ലാമ്പുകളുടെ ഘടന ത്രികോണാകൃതിയും. പുത്തന്‍ 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും എസ്‌യുവിയില്‍ എടുത്തുപറയണം. XUV500 -യുടെ പുറംമോടിയില്‍ പ്രീമിയം പരിവേഷം ചാര്‍ത്താന്‍ മഹീന്ദ്രയ്ക്ക് കഴിഞ്ഞെന്ന് സാരം.

പ്രാരംഭ വകഭേദം ഒട്ടും പിന്നിലല്ല
ഫീച്ചറുകളുടെ കാര്യത്തില്‍ കോമ്പസും XUV500 -യും ഏറെക്കുറെ തുല്യരാണ്. ഇരു എസ്‌യുവികളുടെയും ഉയര്‍ന്ന വകഭേദങ്ങള്‍ വിലയിരുത്തിയാല്‍ ഫീച്ചറുകളുടെ നീണ്ട നിര കാണാം. എന്നാല്‍ കോമ്പസിന്റെ പ്രാരംഭ വകഭേദത്തില്‍ ജീപ് കൂടുതല്‍ ശ്രദ്ധ ചെലുത്തിയിട്ടില്ല. XUV500 വേറിട്ടു നില്‍ക്കുന്നതും ഇക്കാര്യത്തില്‍ തന്നെ.

കോമ്പസിനെ അപേക്ഷിച്ച് മഹീന്ദ്ര XUV500 -യുടെ പ്രാരംഭ വകഭേദം ഫീച്ചറുകളില്‍ ഏറെ പിന്നോക്കം പോയിട്ടില്ല. വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍, ഇരട്ട എക്‌സ്‌ഹോസ്റ്റ്, റൂഫ് റെയിലുകള്‍, ആറു തരത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഇരട്ട HVAC, റീഡിങ്ങ് ലാമ്പുകള്‍, പവര്‍ വിന്‍ഡോ, റിമോട്ട് ടെയില്‍ഗേറ്റ് ഓപ്പണിങ്ങ്, ലാപ്‌ടോപ് ഹോള്‍ഡറുള്ള ഗ്ലോവ് ബോക്‌സ്, പൂര്‍ണമായും മടക്കാവുന്ന രണ്ട് - മൂന്ന് നിര സീറ്റുകള്‍; ഫീച്ചറുകള്‍ ഇങ്ങനെ നീളുന്നു.

പണത്തിനൊത്ത മൂല്യം
പണത്തിനൊത്ത മൂല്യം കാഴ്ചവെക്കുന്ന മോഡലുകളെ പുറത്തിറക്കാന്‍ മഹീന്ദ്രയ്ക്ക് പ്രത്യേക കഴിവാണ്. പുതിയ XUV500 ഇക്കാര്യം ആവര്‍ത്തിക്കുന്നു. ഫീച്ചറുകള്‍ ധാരാളമുള്ള എസ്‌യുവിയുടെ പ്രാരംഭ വകഭേദത്തിന് വില 12.32 ലക്ഷം രൂപ.

അതേസമയം 15.32 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ഫീച്ചറുകള്‍ താരതമ്യേന കുറഞ്ഞ പ്രാരംഭ കോമ്പസ് വകേഭദം വിപണിയില്‍ എത്തുന്നത്. മാത്രമല്ല ഡീസല്‍ പതിപ്പിലും എസ്‌യുവിയുടെ പ്രാരംഭ വകഭേദത്തെ മഹീന്ദ്ര അണിനിരത്തുന്നുണ്ട്. പെട്രോള്‍ പതിപ്പില്‍ മാത്രമാണ് ജീപ് കോമ്പസിന്റെ പ്രാരംഭ വകഭേദം ലഭ്യമാവുക.

ഡീസല്‍ ഓട്ടോമാറ്റിക്
ഇടത്തരം എസ്‌യുവി ശ്രേണിയില്‍ ഉപഭോക്താക്കള്‍ കൂടുതലും പ്രിയം കാണിക്കാറ് ഡീസല്‍ ഓട്ടോമാറ്റിക് മോഡലുകളോടാണ്. ഇരു എസ്‌യുവികളിലും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഒരുങ്ങുന്നുണ്ടെങ്കിലും പെട്രോള്‍ പതിപ്പില്‍ മാത്രമെ കോമ്പസ് ഓട്ടോമാറ്റിക് ലഭ്യമാവുകയുള്ളു.

മറുവശത്ത് XUV500 -യുടെ പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനെ മഹീന്ദ്ര നല്‍കുന്നു. ശ്രേണിയില്‍ മഹീന്ദ്ര XUV500 മേല്‍ക്കൈ നേടാനുള്ള കാരണവുമിത് തന്നെ. എന്നാല്‍ കോമ്പസ് നിരയില്‍ ഡീസല്‍ ഓട്ടോമാറ്റിക് ട്രെയില്‍ഹൊക്കിനെ ജീപ് ഉടന്‍ കൊണ്ടുവരും.

ആഢംബര ഫീച്ചറുകള്‍
XUV500 -യുടെ ഉയര്‍ന്ന വകഭേദം അക്ഷരാര്‍ത്ഥത്തില്‍ ആഢംബരം കാഴ്ചവെക്കും. പുതുതായി അവതരിച്ച XUV500 W11 വകഭേദത്തിന്റെ അകത്തളം മഹീന്ദ്രയുടെ ആഢംബരം കാണിച്ചു തരും. ലെതര്‍ ആവരണം നേടിയ ഡാഷ്‌ബോര്‍ഡ്, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന സീറ്റുകള്‍, പഡില്‍ ലാമ്പുകള്‍, വിന്‍ഡോയിലുള്ള ക്രോം അലങ്കാരം, തിളങ്ങുന്ന സ്‌കഫ് പ്ലേറ്റുകള്‍ എന്നിങ്ങനെ നീളും വിശേഷങ്ങള്‍.

ഈ ഫീച്ചറുകളൊന്നും കോമ്പസ് അവകാശപ്പെടുന്നില്ലാതാനും. ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം, ഓട്ടോമാറ്റിക് മിററുകള്‍, സണ്‍റൂഫ് എന്നിവയും XUV500 -യില്‍ പ്രത്യേകം പരാമര്‍ശിക്കണം.


Click it and Unblock the Notifications