XUV500 പെട്രോളിനെ ആര്‍ക്കും വേണ്ട, ആറു മാസം കൊണ്ടു മഹീന്ദ്ര വിറ്റത് 45 എണ്ണം — കാരണമിതാണ്
ആര്‍ക്കും XUV500 പെട്രോളിനെ വേണ്ട. എല്ലാവര്‍ക്കും താത്പര്യം മഹീന്ദ്ര എസ്‌യുവിയുടെ ഡീസല്‍ പതിപ്പിനോട്. പറയുന്നത് മറ്റാരുമല്ല, മഹീന്ദ്ര തലവന്‍ പവന്‍ ഗോയങ്കെ. മഹീന്ദ്ര XUV500 പെട്രോള്‍ വിപണിയില്‍ വന്നത് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍. അന്നു മുതല്‍ ഇന്നുവരെ ആകെ വിറ്റുപോയത് 45 എണ്ണം മാത്രം. XUV500 പെട്രോളിന്റെ ദാരുണ വില്‍പന പവന്‍ ഗോയങ്കെ വെളിപ്പെടുത്തി.
അതേസമയം ഇക്കാലയളവില്‍ പതിനായിരത്തിലേറെ XUV500 ഡീസല്‍ പതിപ്പുകള്‍ വിപണിയില്‍ വിറ്റുപോയെന്നും പവന്‍ ഗോയങ്കെ ചൂണ്ടിക്കാട്ടി.

എന്തുകൊണ്ടു വില്‍പനയില്ല?
XUV500 പെട്രോളിന്റെ ഒരുക്കം 2.2 ലിറ്റര്‍ എംഹൊക്ക് ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനില്‍. 140 bhp കരുത്തും 320 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. പറഞ്ഞു വരുമ്പോള്‍ പുതിയ XUV500 പെട്രോള്‍ പതിപ്പിന്റെ കരുത്തുത്പാദനം മുന്‍തലമുറ XUV500 ഡീസലിന് സമാനം.

ആറു സ്പീഡാണ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്‌സ്. XUV500 പെട്രോളിനെ മഹീന്ദ്ര നല്‍കുന്നതാകട്ടെ കേവലം G വകഭേദത്തിലും. 15.5 ലക്ഷം രൂപയാണ് മോഡലിന്റെ വില. XUV500 ഫെയ്‌സ്‌ലിഫ്റ്റിലും പെട്രോള്‍ പതിപ്പിനെ മഹീന്ദ്ര കാഴ്ചവെക്കുന്നുണ്ട്. മഹീന്ദ്ര XUV500 പെട്രോളിന്റെ ഏകദേശ ചിത്രമാണിത്.

XUV500 പെട്രോളിന് പ്രചാരം കുറയാന്‍ കാരണങ്ങള്‍ പലതുണ്ട്. ഏറ്റവും മുഖ്യം മൈലജ് തന്നെ. പത്തിന് താഴെയാണ് XUV500 പെട്രോള്‍ നല്‍കുന്ന മൈലേജ്. ഇക്കാരണത്താല്‍ XUV500 പോലുള്ള വലിയ എസ്‌യുവികളുടെ പെട്രോള്‍ പതിപ്പിനെ തുടക്കക്കാര്‍ക്ക് ദഹിക്കില്ല.

അടിക്കടി ഉയരുന്ന ഇന്ധനവിലയും ഉപഭോക്താക്കളുടെ തീരുമാനത്തെ സ്വാധീനിക്കുന്നു. ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് എസ്‌യുവിയുടെ മൈലേജും പ്രചാരവും കുറയ്ക്കാനുള്ള മറ്റൊരു കാര്യം.

ഓട്ടോമാറ്റിക് കാറുകളുടെ പഴയ മുഖമാണ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍. ട്രാന്‍സ്മിഷന് അടിസ്ഥാനമാകട്ടെ ടര്‍ബൈനും ഇമ്പെല്ലറും ഉള്‍പ്പെടുന്ന പ്ലാനട്ടറി ഗിയര്‍ സംവിധാനവും. ഗിയര്‍ നഷ്ടപ്പെടുക, ഇന്ധനക്ഷമത കുറയുക പോലുള്ള കാര്യങ്ങള്‍ക്ക് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഏറെ കുപ്രസിദ്ധമാണ്.

ഇതിനു പുറമെ XUV500 ഡീസല്‍ പതിപ്പിന്റെ കരുത്തുത്പാദനം കമ്പനി കൂട്ടിയതും പെട്രോള്‍ പതിപ്പിന് തിരിച്ചടിയായി. 2.2 ലിറ്റര്‍ എംഹൊക്ക് ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന് 155 bhp കരുത്തും 360 Nm torque ഉം പരമാവധി സൃഷ്ടിക്കാന്‍ കെല്‍പ്പുണ്ട്.

അതുകൊണ്ടു കൂടുതല്‍ കരുത്തുള്ള XUV500 ഡീസലിലേക്ക് ഭൂരിപക്ഷം ഉപഭോക്താക്കളും തിരിയുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ 10,198 XUV500 ഡീസല്‍ പതിപ്പുകളെയാണ് മഹീന്ദ്ര വിറ്റത്. XUV500 പെട്രോള്‍ പതിപ്പ് വിറ്റുപോയത് 45 എണ്ണവും.

എന്തായാലും വില്‍പന കുറവാണെങ്കിലും XUV500 പെട്രോളിനെ നിര്‍ത്താന്‍ കമ്പനിക്ക് ഉദ്ദേശമില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ XUV500 പെട്രോളിന് ആവശ്യക്കാരേറയുണ്ട്.
Source: IAB


Click it and Unblock the Notifications