കാത്തിരിപ്പ് ഏറെയില്ല, മഹീന്ദ്ര XUV700 ഇങ്ങെത്തി; എതിരാളികള്‍ ഫോര്‍ച്യൂണറും എന്‍ഡവറും!
കാണാന്‍ ചേലൊക്കെ ഉണ്ട്. എതിരാളികള്‍ ടൊയോട്ട ഫോര്‍ച്യൂണറും ഫോര്‍ഡ് എന്‍ഡവറും. വിപണിയില്‍ XUV700 ഇന്ദ്രജാലം കാട്ടുമെന്ന ഉറച്ച വിശ്വാസത്തിലാണ് മഹീന്ദ്ര. XUV500 ല്‍ നിന്നും ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി പട്ടം പിടിച്ചുവാങ്ങിയാണ് XUV700 നിരയില്‍ പ്രത്യക്ഷപ്പെടുക.

മഹീന്ദ്ര ബാഡ്ജുള്ള G4 റെക്സ്റ്റണിനെയാണ് ഇന്ത്യന്‍ വിപണി പ്രതീക്ഷിച്ചത്. 2018 ഓട്ടോ എക്‌സ്‌പോയില്‍ അവതരിച്ച പുതുതലമുറ സാങ്‌യോങ് G4 റെക്‌സ്റ്റണ്‍ ഇതു പറഞ്ഞുവെച്ചു.

എന്നാല്‍ XUV700 എന്ന പേരില്‍ G4 റെക്സ്റ്റണിനെ ഇങ്ങോട്ടു കൊണ്ടുവരാനുള്ള നീക്കത്തിലാണ് മഹീന്ദ്ര. സ്ഥാനം XUV500 ന് മേലെ. വേഷം ഏഴു സീറ്റര്‍ പൂര്‍ണ എസ്‌യുവിയും.

ഇന്ത്യന്‍ നിരത്തില്‍ മറയൊന്നും കൂടാതെയാണ് XUV700 ന്റെ പരീക്ഷണയോട്ടം. തുടരെ പ്രത്യക്ഷപ്പെടുന്ന സില്‍വര്‍ നിറത്തിലുള്ള മഹീന്ദ്ര എസ്‌യുവി കമ്പനിയുടെ തിടുക്കം വെളിപ്പെടുത്തുന്നു.

കുറഞ്ഞ ഭാരവും ഉയര്‍ന്ന ദൃഢതയും ഉറപ്പു വരുത്തുന്ന ക്വാഡ്-ഫ്രെയിം അടിത്തറയില്‍ നിന്നുമാണ് മഹീന്ദ്ര XUV700 ന്റെ ഒരുക്കം. മൂന്നു നിരകളുള്ള ഏഴു സീറ്റര്‍എസ്‌യുവിയാണ് XUV700.

4,850 mm നീളവും 1,920 mm വീതിയും 1,800 mm ഉയരവുമാണ് G4 റെക്സ്റ്റണ്‍ എന്ന XUV700 ന്. 2,865 mm ആണ് വീല്‍ബേസ്. ഫോര്‍ച്യൂണറിനെക്കാളും 120 mm അധിക വീല്‍ബേസ് XUV700 നുണ്ട്. അകത്തളം വിശാലമായിരിക്കും എന്നര്‍ത്ഥം.

മസാജ് സീറ്റുകള്‍, 8.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഡ്യൂവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്രിക് സണ്‍റൂഫ് എന്നിങ്ങനെ നീളും അകത്തളത്തെ വിശേഷങ്ങള്‍.

എസ്‌യുവിയുടെ രണ്ടാം നിരയില്‍ 10.1 ഇഞ്ച് സെന്റര്‍ കണ്‍സോള്‍ ഡിസ്പ്ലേയും, 9.2 ഇഞ്ച് ഹെഡ്റെസ്റ്റ് മോണിട്ടറും ഇടംപിടിക്കും. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഓപ്ഷനുകള്‍ XUV700 ല്‍ ഉണ്ട്.

2.2 ലിറ്റര്‍ യൂറോ VI ഡീസല്‍ എഞ്ചിനിലാണ് മഹീന്ദ്ര XUV700 യുടെ ഒരുക്കം. 2.2 ലിറ്റര്‍ എഞ്ചിന് 178 bhp കരുത്തും 420 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ഏഴു സ്പീഡ് മെര്‍സിഡീസ് ബെന്‍സ് ഗിയര്‍ബോക്സാണ് എസ്‌യുവിയില്‍ ഇടംപിടിക്കുന്നത്.

ഒരുപക്ഷെ 222 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനെയും XUV700 ല്‍ മഹീന്ദ്ര നല്‍കിയേക്കാം.

സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും മഹീന്ദ്ര XUV700 പറഞ്ഞുവെയ്ക്കും. ഒമ്പതു എയര്‍ബാഗുകള്‍, അഡ്വാന്‍സ്ഡ് എമര്‍ജന്‍സി ബ്രേക്കിംഗ് ബ്ലൈന്‍ഡ് സ്പോട് ഡിറ്റക്ഷന്‍, ലെയ്ന്‍ ഡിപാര്‍ച്ചര്‍ വാര്‍ണിംഗ്, ലെയ്ന്‍ ചേഞ്ച് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, ട്രാഫിക് സേഫ്റ്റി അസിസ്റ്റ് എന്നിങ്ങനെ നീളുന്നതാണ് എസ്‌യുവിയുടെ സുരക്ഷാ ഫീച്ചറുകള്‍.

ഏകദേശം 25 ലക്ഷം രൂപയോളം പ്രൈസ്ടാഗ് മഹീന്ദ്ര XUV700 ല്‍ പ്രതീക്ഷിക്കാം.
Spy Image Source: TeamBHP, Rushlane


Click it and Unblock the Notifications








