ഫോര്‍ച്യൂണറിന് ആശങ്കയ്ക്കുള്ള വക ഒരുക്കി മഹീന്ദ്ര; XUV700 എസ്‌യുവിയുടെ ആദ്യ വീഡിയോ പുറത്ത്!
രണ്ടും കല്‍പിച്ചാണ് മഹീന്ദ്ര. ഏഴു സീറ്റര്‍ എസ്‌യുവി XUV700 വിപണിയില്‍ ഉടനെത്തും. നോട്ടം ഫോര്‍ച്യൂണറും എന്‍ഡവറും കാലങ്ങളായി കൈയ്യടക്കിയ എസ്‌യുവി ശ്രേണിയിലേക്ക്. പേരു മാറ്റിയ സാങ്‌യോങ് G4 റെക്‌സ്റ്റണാണ് മഹീന്ദ്രയുടെ പുതിയ അവതാരം.

മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളാണ് സാങ്‌യോങ്. എന്നാല്‍ ഇന്ത്യയില്‍ ജനങ്ങള്‍ക്ക് സാങ്‌യോങ്ങിനെ അത്ര പരിചയമില്ല. ഇതുമുന്നില്‍ കണ്ടാണ് XUV700 എന്ന പേരില്‍ G4 റെക്സ്റ്റണിന്റെ വരവ്.

എന്തായാലും ടൊയോട്ടയ്ക്കും ഫോര്‍ഡിനും ആശങ്കയ്ക്കുള്ള വക മഹീന്ദ്ര ഒരുക്കി വെച്ചിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം പുറത്തുവന്ന XUV700 ന്റെ വീഡിയോ ദൃശ്യങ്ങളും ഇതു പറഞ്ഞുവെയ്ക്കുന്നു.

മറയൊന്നും കൂടാതെ പരീക്ഷണയോട്ടം നടത്തുന്ന എസ്‌യുവിയാണ് വീഡിയോയില്‍. XUV500 ന് മുകളിലുള്ള ഏഴു സീറ്റര്‍ പൂര്‍ണ എസ്‌യുവിയാണ് XUV700. ഡീസല്‍ പതിപ്പ് മാത്രമാണ് XUV700 ല്‍ ഒരുങ്ങുക.

എസ്‌യുവിയില്‍ 2.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണെന്നാണ് വിവരം. എഞ്ചിന് പരമാവധി 178 bhp കരുത്തും 420 Nm torque ഉം സൃഷ്ടിക്കാനാവും. മെര്‍സിഡീസ് ബെന്‍സില്‍ നിന്നുള്ള ഏഴു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് മഹീന്ദ്ര XUV700 ല്‍.

എസ്‌യുവിയുടെ നാലു വീല്‍ ഡ്രൈവ്, റിയര്‍ വീല്‍ ഡ്രൈവ് പതിപ്പുകള്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷ. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് എസ്‌യുവിയുടെ ഓഫ്‌റോഡിംഗ് മികവിലേക്കുള്ള സൂചനയാണ്.

എന്നാല്‍ ഗൗരവമേറിയ ഓഫ്‌റോഡിംഗ് എസ്‌യുവിയായിരിക്കില്ല XUV700. ഫോര്‍ച്യൂണറും എന്‍ഡവറും പോലെ ഓഫ്‌റോഡിംഗ് ശേഷിയുള്ള ആഢംബര എസ്‌യുവിയെന്നാകും XUV700 നെ മഹീന്ദ്ര വിശേഷിപ്പിക്കുക.
കുറഞ്ഞ ഭാരവും ഉയര്‍ന്ന ദൃഢതയും ഉറപ്പു വരുത്തുന്ന ക്വാഡ്-ഫ്രെയിം അടിത്തറയില്‍ നിന്നുമാണ് മഹീന്ദ്ര XUV700 ന്റെ ഒരുക്കം. ആഢംബരം നിറഞ്ഞ വിശാലമായ അകത്തളമാകും എസ്‌യുവിക്ക്.

മസാജ് സീറ്റുകള്‍, 8.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഡ്യൂവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്രിക് സണ്‍റൂഫ് എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ XUV700 ല്‍ പ്രതീക്ഷിക്കാം.

2018 ഓട്ടോ എക്‌സ്‌പോയില്‍ മഹീന്ദ്ര കാഴ്ചവെച്ച G4 റെക്‌സ്റ്റണില്‍ ഇവയെല്ലാമുണ്ട്. സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും മഹീന്ദ്ര XUV700 പറഞ്ഞുവെയ്ക്കും.

ഒമ്പതു എയര്‍ബാഗുകള്‍, അഡ്വാന്‍സ്ഡ് എമര്‍ജന്‍സി ബ്രേക്കിംഗ് ബ്ലൈന്‍ഡ് സ്പോട് ഡിറ്റക്ഷന്‍, ലെയ്ന്‍ ഡിപാര്‍ച്ചര്‍ വാര്‍ണിംഗ്, ലെയ്ന്‍ ചേഞ്ച് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, ട്രാഫിക് സേഫ്റ്റി അസിസ്റ്റ് എന്നിങ്ങനെ നീളുന്നതാകും എസ്‌യുവിയിലെ സുരക്ഷാ സജ്ജീകരണങ്ങള്‍.

മഹീന്ദ്ര നല്‍കുന്ന വിലയാകും ഫോര്‍ച്യൂണറിനും എന്‍ഡവറിനുമെതിരെ XUV700 ന് മുതല്‍ക്കൂട്ടാവുക. 25 ലക്ഷം രൂപ പ്രൈസ് ടാഗില്‍ XUV700 വിപണിയില്‍ എത്തുമെന്നാണ് അഭ്യൂഹം. എന്തായാലും ഈ വര്‍ഷം അവസാനത്തോടെ XUV700 മായി മഹീന്ദ്ര വിപണിയില്‍ എത്തും.


Click it and Unblock the Notifications








