ഇതാണ് പുതിയ മാരുതി സിയാസ് ഫെയ്‌സ്‌ലിഫ്റ്റ്, കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്
വേര്‍ണയെ ഹ്യുണ്ടായി പരിഷ്‌കരിച്ചത് കഴിഞ്ഞ വര്‍ഷം. സിറ്റിയെ ഹോണ്ടയും പുതുക്കി ഇതേ കാലയളവില്‍. കേവലം പെട്രോള്‍ കാറായിട്ടു കൂടി പുത്തന്‍ ടൊയോട്ട യാരിസ് പേരും പ്രശസ്തിയും കൈവരിച്ചു കഴിഞ്ഞു. അടുത്ത ഊഴം സിയാസിന്റേത്. സെഡാനെ ഇനിയും പുതുക്കാന്‍ വൈകിയാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നു മാരുതിക്കറിയാം.

നാലു വര്‍ഷം മുമ്പെത്തിയ സിയാസിനെ പഴഞ്ചനെന്നു വിപണി വിളിക്കാന്‍ തുടങ്ങി. ഇനി സിയാസ് ഫെയ്‌സ്‌ലിഫ്റ്റിലാണ് മാരുതിയുടെ പ്രതീക്ഷ മുഴുവന്‍. ഇന്ത്യയില്‍ തുടരെ പരീക്ഷണയോട്ടം നടത്തുന്ന സിയാസ് ഫെയ്‌സ്‌ലിഫ്റ്റ്, പുതിയ മോഡല്‍ ഉടന്‍ വരുമെന്ന സൂചന നല്‍കുന്നുണ്ട്.

കഴിഞ്ഞ ദിവസം മാരുതി സ്റ്റോക്ക്‌യാര്‍ഡില്‍ നിന്നും പുറത്തുവന്ന പുതിയ ചിത്രങ്ങള്‍ സിയാസ് ഫെയ്‌സ്‌ലിഫ്റ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നു. മറകളൊന്നു കൂടാതെയുള്ള സിയാസ് ഫെയ്‌സ്‌ലിഫ്റ്റിനെ ക്യാമറ പകര്‍ത്തുന്നത് ഇതാദ്യം.

പുതിയ കാറിന്റെ ഉത്പാദനം മാരുതി തുടങ്ങിയെന്നു ചിത്രങ്ങളില്‍ വ്യക്തം. ഓഗസ്റ്റില്‍ സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ എത്തുമെന്നാണ് വിവരം. ഫെയ്‌സ്‌ലിഫ്റ്റില്‍ സിയാസിന്റെ മുഖരൂപം കാര്യമായി മാറിയിട്ടുണ്ട്. പുത്തന്‍ ഹെഡ്‌ലാമ്പുകള്‍ ഗ്രില്ലില്ലേക്ക് ചേര്‍ന്നൊഴുകിയാണ് നിലകൊള്ളുന്നത്.

ഡിസൈനില്‍ നീളമേറിയ ഹെഡ്‌ലാമ്പ് ശൈലി ശ്രദ്ധയാകര്‍ഷിക്കും. പുതിയ സിയാസില്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകളെ പ്രതീക്ഷിക്കാം. അടുത്തകാലത്തായി കാറുകള്‍ക്കെല്ലാം എല്‍ഇഡി ഹെഡ്‌ലാമ്പുകളെ നല്‍കാന്‍ മാരുതി ഉത്സാഹം കാണിക്കുന്നുണ്ട്. ഈ പതിവു സിയാസിലും ആവര്‍ത്തിക്കും.

മുന്‍ ബമ്പര്‍ കുറച്ചേറെ കമ്പനി വെട്ടിയൊതുക്കി. ക്രോം വലയത്തിനുള്ളിലാണ് ഫോഗ്‌ലാമ്പുകള്‍. ഇന്തോനേഷ്യന്‍ വിപണിയില്‍ എത്തിയ പുതിയ എര്‍ട്ടിഗയ്ക്ക് സമാനമായ പരിഷ്‌കാരങ്ങള്‍ സിയാസും പിന്തുടരുന്നു. മള്‍ട്ടി സ്‌പോക്ക് അലോയ് വീലുകളിലും മാറ്റങ്ങള്‍ ദൃശ്യം.

പിന്‍ഭാഗത്തില്‍ പരിഷ്‌കാരങ്ങളേറെയില്ല. എന്നാല്‍ ടെയില്‍ലാമ്പുകളില്‍ പുതുമ അനുഭവപ്പെടും. അകത്തളത്തിലും ഒരുപിടി മാറ്റങ്ങളുണ്ടെന്നു നേരത്തെ പുറത്തുവന്ന ചിത്രങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.

എസ്-ക്രോസിന്റെ മാതൃകയില്‍ സ്റ്റീയറിംഗ് വീലില്‍ ക്രൂയിസ് കണ്‍ട്രോള്‍ ബട്ടണുകള്‍ നിലകൊള്ളും. പഴയ ഡാഷ്‌ബോര്‍ഡ് സിയാസ് ഫെയ്‌സ്‌ലിഫ്റ്റില്‍ തുടരും. പ്രീമിയം പരിവേഷത്തിന് വേണ്ടി ഡോര്‍ പാനലുകളില്‍ വുഡ് ട്രിമ്മുകള്‍ ഇടംപിടിക്കും.

പുതിയ 1.5 ലിറ്റര്‍ K15B നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് സിയാസ് ഫെയ്‌സ്‌ലിഫ്റ്റില്‍ മുഖ്യം. നിലവിലുള്ള 1.4 ലിറ്റര്‍ K14 എഞ്ചിന് പകരമാണിത്. പുതിയ എഞ്ചിന്‍ 104 bhp കരുത്തും 138 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കും.

മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷന്‍ കാറില്‍ ഒരുങ്ങും. അതേസമയം ഡീസല്‍ പതിപ്പില്‍ നിലവിലുള്ള 1.3 ലിറ്റര്‍ എഞ്ചിന്‍ തുടരും. എന്നാല്‍ സമീപഭാവിയില്‍ തന്നെ കമ്പനി വികസിപ്പിക്കുന്ന പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ സെഡാനില്‍ വന്നുചേരും.

സിയാസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വില മാരുതി കാര്യമായി ഉയര്‍ത്താന്‍ സാധ്യതയില്ല. ഹോണ്ട സിറ്റി, ടൊയോട്ട യാരിസ്, ഹ്യുണ്ടായി വേര്‍ണ എന്നിവരോടാണ് വിപണിയില്‍ മാരുതി സിയാസിന്റെ അങ്കം.


Click it and Unblock the Notifications








