ടാക്‌സി വിപണി കൈയ്യടക്കാന്‍ പുതിയ മാരുതി ഡിസൈര്‍ ടൂര്‍ എസ് സിഎന്‍ജി
പുതിയ ഡിസൈര്‍ ടൂര്‍ എസ് സിഎന്‍ജി പതിപ്പിനെ ടാക്‌സി വിപണിയില്‍ എത്തിക്കാനുള്ള തിടുക്കത്തിലാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മാരുതി. പുതിയ ഡിസൈര്‍ ടൂര്‍ എസ് സിഎന്‍ജി പതിപ്പ് അണിനിരക്കാനിരിക്കെ മോഡലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

1.2 ലിറ്റര്‍ ഫ്‌ളെക്‌സ് ഫ്യൂവല്‍ എഞ്ചിനിലാണ് പുതിയ മാരുതി ഡിസൈര്‍ ടൂര്‍ എസ് സിഎന്‍ജിയുടെ ഒരുക്കം. പെട്രോളിലും സിഎന്‍ജിയിലും പ്രവര്‍ത്തിക്കാന്‍ എഞ്ചിന് സാധിക്കും.

82.8 bhp പരമാവധി കരുത്തേകുന്ന 1.2 ലിറ്റര്‍ എഞ്ചിന്‍, സിഎന്‍ജിയില്‍ ഓടുമ്പോള്‍ 74 bhp കരുത്ത് സൃഷ്ടിക്കും. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് കാറില്‍.

കഴിഞ്ഞ ഏപ്രില്‍ മാസം പുതുതലമുറ ഡിസൈര്‍ വരുന്നതിന് മുമ്പെയാണ് ഡിസൈര്‍ ടൂര്‍ എസിനെ മാരുതി ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ വരാനിരിക്കുന്ന ഡിസൈര്‍ ടൂര്‍ എസ് സിഎന്‍ജി, രണ്ടാം തലമുറ ഡിസൈറിന്റെ ടാക്‌സി പതിപ്പാണ്.

1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളിലാണ് സാധാരണ മാരുതി ഡിസൈര്‍ ടൂർ എസുകൾ അണിനിരക്കുന്നത്. പെട്രോള്‍ എഞ്ചിന്‍ 80 bhp കരുത്തേകുമ്പോള്‍ 74 bhp കരുത്താണ് ഡീസൽ എഞ്ചിൻ പരമാവധി സൃഷ്ടിക്കുന്നത്.

വേഗപ്പൂട്ടിനൊപ്പമാണ് ഡിസൈര്‍ ടൂര്‍ എസുകള്‍ വിപണിയില്‍ എത്തുന്നത്. മണിക്കൂറില്‍ 80 കിലോമീറ്ററാണ് സെഡാന്റെ പരമാവധി വേഗത. രൂപഭാവത്തില്‍ രണ്ടാം തലമുറ ഡിസൈറിന് സമാനമാണ് ഡിസൈര്‍ ടൂര്‍ എസും.

ലക്ഷ്യം ടാക്‌സി വിപണിയായതിനാല്‍ ഒരുപിടി ഫീച്ചറുകള്‍ ഡിസൈര്‍ ടൂര്‍ എസില്‍ മാരുതി ലഭ്യമാക്കിയിട്ടില്ല. പ്ലാസ്റ്റിക് ഗ്രില്‍, സില്‍വര്‍ നിറത്തിലുള്ള സ്റ്റീല്‍ വീലുകള്‍, ബ്ലാക് മിററുകള്‍ എന്നിവ ഡിസൈര്‍ ടൂര്‍ എസിന്റെ വിശേഷങ്ങളായി ചൂണ്ടിക്കാട്ടാം.
Recommended Video


ഡ്യൂവല്‍ ടോണ്‍ ബ്ലാക്-ബീജ് നിറത്തിലാണ് അകത്തളം. ബീജ് ഫാബ്രിക്കിലാണ് സീറ്റ് അപ്‌ഹോള്‍സ്റ്ററിയും. പവര്‍ വിന്‍ഡോ, മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേ എന്നിയാണ് അകത്തളത്തെ 'ആഢംബരം'.

അഞ്ചര ലക്ഷം രൂപ മുതല്‍ ആറു ലക്ഷം രൂപ വരെയുള്ള എക്‌സ്‌ഷോറൂം വില പുതിയ മാരുതി ഡിസൈര്‍ ടൂര്‍ എസ് സിഎന്‍ജിയിൽ പ്രതീക്ഷിക്കാം.
Source: IAB


Click it and Unblock the Notifications








