മാരുതിയും പറയുന്നു സുരക്ഷ വെറുംവാക്കല്ലെന്ന്, ക്രാഷ് ടെസ്റ്റില്‍ കരുത്തുകാട്ടി വിറ്റാര ബ്രെസ്സ
ഗംഭീരം. ആരും പ്രതീക്ഷിച്ചില്ല ക്രാഷ് ടെസ്റ്റില്‍ മാരുതി വിറ്റാര ബ്രെസ്സ ഇത്രയേറെ മികവുകാട്ടുമെന്ന്. ഗ്ലോബല്‍ NCAP (ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാം) ക്രാഷ് ടെസ്റ്റില്‍ നാലു സ്റ്റാര്‍ തിളക്കം കുറിച്ച് മാരുതി വിറ്റാര ബ്രെസ്സ. ഇന്ത്യന്‍ കാറുകള്‍ക്ക് സുരക്ഷ പോര, മൈലേജ് മാത്രമെയുള്ളൂവെന്ന പതിവു ആക്ഷേപത്തിന് മാരുതിയുടെ കോമ്പാക്ട് എസ്‌യുവി താത്കാലിക വിരാമമിടും.

അഞ്ചില്‍ നാലു സ്റ്റാറാണ് മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ഇന്ത്യന്‍ നിര്‍മ്മിത വിറ്റാര ബ്രെസ്സ കുറിച്ചത്. അതേസമയം പിന്‍ സീറ്റിലുള്ള കുട്ടികളുടെ സുരക്ഷയില്‍ ശരാശരി മാത്രമായി എസ്‌യുവി നിലകൊണ്ടു. രണ്ടു സ്റ്റാറാണ് കുട്ടികളുടെ സുരക്ഷയില്‍ ബ്രെസ്സ കാഴ്ച്ചവെച്ചത്.

ഗ്ലോബല്‍ NCAP നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കാതെ ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ ഒരുങ്ങുന്നതാണ് ഈ ഇനത്തില്‍ എസ്‌യുവി പിന്നിലാകാന്‍ കാരണം. എന്തായാലും മാരുതി വിറ്റാര ബ്രെസ്സയുടെ ബോഡി ഘടന ദൃഢവും സുസ്ഥിരവുമാണെന്ന് NCAP അധികൃതര്‍ അഭിപ്രായപ്പെട്ടു.

ഇടിയുടെ ആഘാതം മുന്‍ഭാഗത്തു മാത്രമായി നിയന്ത്രിച്ചു നിര്‍ത്താന്‍ ബോഡി ഘടനയ്ക്ക് കഴിഞ്ഞു. A പില്ലറിലേക്ക് ആഘാതം കടന്നില്ല. ഇക്കാരണത്താല്‍ ബ്രെസ്സയുടെ അകത്തളം ഏറെക്കുറെ സുരക്ഷിതമായി തുടരും.
Most Read: ഇനി പ്രശ്‌നം വേണ്ട — റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് തിരിച്ചെടുത്ത് ഡീലര്‍ഷിപ്പുകള്‍

മണിക്കൂറില്‍ 64 കിലോമീറ്റര്‍ വേഗത്തിലാണ് NCAP ക്രാഷ് ടെസ്റ്റ് അരങ്ങേറുന്നത്. ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇരട്ട എയര്‍ബാഗുകള്‍, ISOFIX ചൈല്‍ഡ് മൗണ്ട് സീറ്റുകള്‍ എന്നിവ മാരുതി വിറ്റാര ബ്രെസ്സയില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളാണ്.

ക്രാഷ് ടെസ്റ്റില്‍ ഉയര്‍ന്ന നേട്ടം കുറിക്കാന്‍ ഈ ഘടകങ്ങള്‍ എസ്‌യുവിയെ സഹായിച്ചു. ഇന്ത്യന്‍ നിര്‍മ്മിത മാരുതി വിറ്റാര ബ്രെസ്സ ക്രാഷ് ടെസ്റ്റില്‍ നാലു സ്റ്റാര്‍ നേട്ടം കൈവരിച്ചത് പ്രശ്‌നാര്‍ഹമാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കള്‍ സുരക്ഷയ്ക്ക് പ്രധാന്യം നല്‍കുന്നുണ്ടെന്ന സന്ദേശം വിറ്റാര ബ്രെസ്സയുടെ ക്രാഷ് ടെസ്റ്റ് ഫലം പറഞ്ഞുവെയ്ക്കുന്നു. ഇന്ത്യയില്‍ പ്രാബല്യത്തില്‍ വരാന്‍പോകുന്ന ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങള്‍ ഇന്ത്യന്‍ കാറുകളുടെ സുരക്ഷാ നിലവാരം കൂടുതല്‍ ഉയര്‍ത്തുമെന്ന് ഗ്ലോബല്‍ NCAP സെക്രട്ടറി ജനറല്‍ ഡേവിഡ് വാര്‍ഡ് പറഞ്ഞു.

2017 ഒക്ടോബര്‍ ഒന്നുമുതലാണ് പൂര്‍ണ്ണ ഫ്രണ്ടല്‍ ഇംപാക്ട്, ഓഫ്‌സെറ്റ് ഫ്രണ്ടല്‍ ഇംപാക്ട്, സൈഡ് ഇംപാക്ട് ക്രാഷ് ടെസ്റ്റ് നിര്‍ദ്ദേശങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപംനല്‍കിയത്. 2019 ഒക്ടോബര്‍ ഒന്നുമുതല്‍ ഈ നിര്‍ദ്ദേശങ്ങള്‍ വിപണിയില്‍ വരുന്നു പുതിയ വാഹനങ്ങളില്‍ കര്‍ശനമാകും.

ബ്രെസ്സയുമായി മാറ്റുരയ്ക്കുന്ന ടാറ്റ നെക്‌സോണും നേരത്തെ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ നാലു സ്റ്റാര്‍ നേട്ടം കുറിച്ചിരുന്നു. 2016 -ലാണ് വിറ്റാര ബ്രെസ്സയെ മാരുതി ഇന്ത്യയില്‍ വില്‍പനയ്ക്ക് കൊണ്ടുവന്നത്.
Most Read: റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ 650 സിസി 'ബുള്ളറ്റുകള്‍' എത്തി, വിലവിവരങ്ങള്‍ പുറത്ത്
6.99 ലക്ഷം രൂപ മുതല്‍ വില്‍പനയ്‌ക്കെത്തുന്ന ബ്രെസ്സയില്‍ ഡീസല്‍ പതിപ്പ് മാത്രമെ കമ്പനി നല്‍കുന്നുള്ളൂ. ബ്രെസ്സയുടെ പെട്രോള്‍ പതിപ്പിനെ സമീപഭാവിയില്‍ തന്നെ മാരുതി വിപണിയില്‍ എത്തിക്കും. 89 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കുന്ന 1.3 ലിറ്റര്‍ എഞ്ചിനാണ് വിറ്റാര ബ്രെസ്സയിലുള്ളത്.

അഞ്ചു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ മോഡലില്‍ ലഭ്യമാണ്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന എസ്‌യുവികളില്‍ ഒന്നാണ് മാരുതി വിറ്റാര ബ്രെസ്സ.


Click it and Unblock the Notifications








