ജീപ് കോമ്പസിന് എതിരെ കച്ചമുറുക്കി പുതിയ ബ്രിട്ടീഷ് എസ്‌യുവി, ആദ്യ ചിത്രങ്ങൾ പുറത്ത്
കച്ചവടവും പൂട്ടി അമേരിക്കയിലേക്ക് മടങ്ങുന്ന ജനറല്‍ മോട്ടോര്‍സിന്റെ കൈയ്യില്‍ നിന്നാണ് എംജി മോട്ടോര്‍സ് തങ്ങളുടെ ആദ്യ നിര്‍മ്മാണശാല ഇന്ത്യയില്‍ സ്വന്തമാക്കിയത്. മോറിസ് ഗരാജസെന്ന എംജി മോട്ടോര്‍സ് രാജ്യത്തു ചുവടുറപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ബ്രിട്ടീഷ് രക്തമാണെങ്കിലും ചൈനീസ് വാഹനഭീമന്മായ ഷാങ്ഹായ ഓട്ടോമൊട്ടീവ് ഇന്‍സ്ട്രി കോര്‍പ്പറേഷനാണ് (SAIC) എംജി മോട്ടോര്‍സിന്റെ ഇപ്പോഴത്തെ ഉടമസ്ഥര്‍.

അടുത്തവര്‍ഷം ഇന്ത്യന്‍ വിപണിയില്‍ പുതു മോഡലുകളെ എംജി മോട്ടോര്‍സ് അവതരിപ്പിക്കും. ക്രെറ്റ വാഴുന്ന എസ്‌യുവി ശ്രേണിയിലേക്കാണ് എംജി മോട്ടോര്‍സിന്റെയും നോട്ടം. ഈ നിരയിലേക്ക് ഫ്രഞ്ച് നിര്‍മ്മാതാക്കളായ പിഎസ്എ ഗ്രൂപ്പും ഒരു സിട്രൊയെന്‍ എസ്‌യുവിയെ കണ്ടുവെച്ചിട്ടുണ്ട്.

എന്നാല്‍ പിഎസ്എ ഗ്രൂപ്പിന് മുമ്പെ എംജി മോട്ടോര്‍സ് വിപണിയില്‍ കാലുറപ്പിക്കുമെന്നാണ് നിലവിലുള്ള സൂചന. പൂനെയില്‍ പരീക്ഷണയോട്ടം ആരംഭിച്ച എംജി RX5 എസ്‌യുവി ഇതിനുള്ള തെളിവാണ്. എസ്‌യുവിയെ കനത്ത രീതിയില്‍ തുണിയുടുപ്പിച്ചാണ് കമ്പനിയുടെ പരീക്ഷണയോട്ടം.

പശ്ചിമേഷ്യന്‍ വിപണികളില്‍ RX5 എസ്‌യുവി വില്‍പനയ്ക്ക് എത്തുന്നുണ്ട്. ചൈനീസ് വിപണിയില്‍ റൊയി ബ്രാന്‍ഡിന് കീഴിലാണ് എസ്‌യുവിയുടെ അവതരണം. ക്യാമറ പകര്‍ത്തിയ RX5 എസ്‌യുവി ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് മോഡലാണ്.

ഒരുപക്ഷെ മോഡലിനെ കമ്പനി ഇറക്കുമതി ചെയ്തതാകാം. V ആകൃതിയുള്ള ഗ്രില്ലാണ് എസ്‌യുവിക്ക്. RX5 ന്റെ മുഖരൂപത്തില്‍ ഗ്രില്ല് നിര്‍ണാക സ്വാധീനം ചെലുത്തും. ഹെഡ്‌ലാമ്പുകള്‍ക്ക് മൂര്‍ച്ചയേറിയ ശൈലിയാണെന്നു ചിത്രങ്ങളില്‍ വ്യക്തം.

C ആകൃതി പിന്തുടരുന്ന എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും എസ്‌യുവിയില്‍ എടുത്തുപറയണം. കനത്ത രീതിയില്‍ മറച്ചിട്ടുണ്ടെങ്കിലും മോഡലിന്റെ ആകാരത്തെ പറ്റിയുള്ള ഏകദേശ ധാരണ പുറത്തുവന്നിട്ടുണ്ട്.

വലിയ റൂഫ് റെയിലുകളും അലോയ് വീല്‍ ഘടനയും RX5 -ല്‍ ശ്രദ്ധപിടിച്ചിരുത്തും. ഇരട്ടനിറം അലോയ് വീല്‍ അവകാശപ്പെടും. കുത്തനെയായിരിക്കും പിറകില്‍ ടെയില്‍ലാമ്പ്. ഉയര്‍ത്തിയ പിന്‍ വിന്‍ഡ്ഷീല്‍ഡില്‍ വൈപര്‍ ഒരുങ്ങുന്നുണ്ട്.

മേല്‍ക്കൂരയോട് ചേര്‍ന്നിണങ്ങി നില്‍ക്കുന്ന സ്‌പോയിലര്‍ പിന്നഴകിന് അടിവരയിടും. രാജ്യാന്തര വിപണികളില്‍ രണ്ടു പെട്രോള്‍ എഞ്ചിനുകളാണ് എംജി RX5 എസ്‌യുവിയില്‍ ഒരുങ്ങുന്നത്. ഒന്ന് 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിനും മറ്റൊന്ന് 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിനും.

1.5 ലിറ്റര്‍ എഞ്ചിന് 166 bhp കരുത്തും 250 Nm torque ഉം പരമാവധി സൃഷ്ടിക്കും. വലിയ 2.0 ലിറ്റര്‍ എഞ്ചിന് 217 bhp കരുത്തും 350 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കാനാവും. ഏഴു സ്പീഡ്, ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളാണ് യാഥാക്രമം 1.5 ലിറ്റര്‍, 2.0 ലിറ്റര്‍ എസ്‌യുവികളില്‍ ഒരുങ്ങുന്നത്.

ഏറ്റവും ഉയര്‍ന്ന വകഭേദം ഓള്‍ വീല്‍ ഡ്രൈവും അവകാശപ്പെടുന്നുണ്ടുതാനും. ഇന്ത്യയില്‍ ജനറല്‍ മോട്ടോര്‍സിന്റെ ഗുജറാത്ത് നിര്‍മ്മാണശാലയില്‍ നിന്നും മോഡലുകളെ പുറത്തിറക്കാനാണ് എംജി മോട്ടോര്‍സിന്റെ തീരുമാനം.

കമ്പനി ഇവിടെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ രണ്ടായിരം കോടി രൂപയുടെ നിക്ഷേപം ഇന്ത്യയില്‍ എത്തുമെന്നാണ് വിലയിരുത്തല്‍. കേന്ദ്ര സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ച് എംജി മോഡലുകള്‍ വിപണിയില്‍ പിറക്കും. ഇന്ത്യയില്‍ ജീപ് കോമ്പസ്, ഹ്യുണ്ടായി ക്രെറ്റ, മഹീന്ദ്ര XUV500 എന്നിവര്‍ക്കു ഒരുപോലെ ഭീഷണി മുഴുക്കാന്‍ എംജി RX5 -ന് കഴിയും.

അതേസമയം സിട്രോയെന്‍ C84 കോണ്‍സെപ്റ്റ് എസ്‌യുവി അല്ലെങ്കില്‍ C5 - എയര്‍ക്രോസ് മോഡലുകളിലൊന്നുമായാണ് പിഎസ്എ ഗ്രൂപ്പ് ഇന്ത്യയില്‍ വരാന്‍ തയ്യാറെടുക്കുന്നത്. എന്നാല്‍ ജീപ് കോമ്പസിനെ പോലെ വിപണിയില്‍ പ്രചാരം നേടാന്‍ സിട്രോയെന്‍ എസ്‌യുവിക്ക് കഴിയുമോയെന്ന കാര്യം സംശയം.

സിട്രോയെന്‍ എന്ന കാര്‍ ബ്രാന്‍ഡിനെ ഇന്ത്യയ്ക്ക് പരിചയമില്ലെന്നതു തന്നെ കാരണം. ആദ്യ രണ്ടു വര്‍ഷം ഇന്ത്യയില്‍ പരിചിതമുഖമായി മാറാന്‍ കമ്പനി ശ്രമിക്കും. ശേഷം മാത്രമെ നിരയില്‍ കൂടുതല്‍ കാറുകളെ കൊണ്ടുവരാന്‍ പിഎസ്എ ഗ്രൂപ്പ് ആലോചിക്കുകയുള്ളു.

ചെന്നൈ നിര്‍മ്മാണശാലയില്‍ നിന്നും വാഹനങ്ങള്‍ അസംബിള്‍ ചെയ്ത് പുറത്തിറക്കാന്‍ കമ്പനി നടപടികള്‍ സ്വീകരിക്കുമെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യന്‍ വരവിന് മുന്നോടിയായി സികെ ബിര്‍ള ഗ്രൂപ്പുമായി പിഎസ്എ കൈകോര്‍ത്തു കഴിഞ്ഞു.
Spy Image Source: TeamBHP


Click it and Unblock the Notifications








