പുതിയ ഹോണ്ട അമേസ് എത്തുക മെയ് 16 ന് — ആദ്യ ഇരുപതിനായിരം പേര്‍ക്ക് പ്രത്യേക ആനുകൂല്യം!
പുതിയ 2018 ഹോണ്ട അമേസ് എത്തുക മെയ് 16 ന്. ഔദ്യോഗിക വരവിന് മുമ്പെ അമേസ് വിപണിയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. അടിമുടി പുത്തനാണ് കോമ്പാക്ട് സെഡാന്‍. അമേസിന്റെ പ്രീ-ബുക്കിംഗും കമ്പനി ആരംഭിച്ചു. 21,000 രൂപയാണ് ബുക്കിംഗ് തുക.

എന്നാല്‍ അവതരണത്തിന് മുമ്പെ അമേസില്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഹോണ്ട. അമേസ് ബുക്ക് ചെയ്യുന്ന ആദ്യ ഇരുപതിനായിരം ഉപഭോക്താക്കള്‍ക്ക് പ്രാരംഭവിലയില്‍ കാര്‍ ലഭിക്കും.

ശേഷമുള്ള ഉപഭോക്താക്കള്‍ക്ക് അമേസ് സ്വന്തമാക്കാന്‍ കൂടുതല്‍ വില കൊടുക്കേണ്ടി വരും. ബുക്ക് ചെയ്ത ആദ്യ ഇരുപതിനായിരം പേര്‍ക്ക് ബജറ്റ് വിലയില്‍ അമേസ് ലഭ്യമാകുമെന്നാണ് സൂചന. ഹോണ്ട കാര്‍സ് ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് രാജേഷ് ഗോയലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മാരുതി സുസൂക്കി ഡിസൈര്‍, ഹ്യുണ്ടായി എക്‌സെന്റ്, ടാറ്റ ടിഗോര്‍, ഫോര്‍ഡ് ഫിഗൊ ആസ്‌പൈര്‍ എന്നിവര്‍ക്കിടയിലേക്കാണ് പുതിയ അമേസ് കടന്നുവരിക. നിലവിലുള്ള അമേസിന്റെ രണ്ടാം തലമുറയാണ് പുതിയ അവതാരം.

പുതിയ അടിത്തറയും രൂപകല്‍പനയും, ശ്രേണിയിലെ ആദ്യ ഫീച്ചറുകള്‍, പിന്നെ പ്രീമിയം പരിവേഷവും; നിലവിലുള്ള അമേസിനെക്കാളും വളര്‍ന്നു വലുതായാണ് പുതിയ സെഡാന്റെ വരവ്. രാജസ്ഥാനിലുള്ള ഹോണ്ടയുടെ തപുക്കാര പ്ലാന്റില്‍ നിന്നുമാണ് അമേസിന്റെ ഉത്പാദനം. ഇവിടെ നിന്നുമാണ് WR-V, സിറ്റി, ജാസ്, BR-V മോഡലുകളും വിപണിയില്‍ എത്തുന്നത്.

1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് പുതിയ അമേസില്‍. പെട്രോള്‍ എഞ്ചിന് പരമാവധി 88 bhp കരുത്തും 109 Nm torque ഉം സൃഷ്ടിക്കാനാവും. 100 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് ഡീസല്‍ എഞ്ചിന്.

അഞ്ചു സ്പീഡ് മാനുവല്‍, ആറു സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ അമേസില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. ഇക്കുറി ഡീസല്‍ പതിപ്പില്‍ സിവിടി ഒരുങ്ങുന്നുണ്ട്.

കോമ്പാക്ട് സെഡാന്‍ ശ്രേണിയിലെ സമവാക്യങ്ങള്‍ പുതിയ അമേസിന്റെ വരവോട് കൂടി തകിടം മറിയും. എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടണും, ഷാര്‍ക്ക് ഫിന്‍ ആന്റീനയും അമേസിന്റെ ഫീച്ചറുകളില്‍ ഉള്‍പ്പെടും.

ഡീസല്‍ സെഡാനില്‍ സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഒരുങ്ങുന്നത് ഇതാദ്യം. പാഡില്‍ ഷിഫ്റ്ററുകളുമുണ്ട് അമേസില്‍. പഴയ ചെരിഞ്ഞിറങ്ങുന്ന ബോണറ്റിനെ കമ്പനി പൂര്‍ണമായും ഉപേക്ഷിച്ചു.പകരം വെട്ടിവെടിപ്പാക്കിയ മസിലന്‍ ബോണറ്റാണ് കാറില്‍.

കട്ടിയേറിയ ക്രോം അലങ്കാരം ഗ്രില്ലില്‍ കാണാം. ഹോണ്ടാ ലോഗോയും ക്രോമില്‍ തന്നെ. പരിഷ്‌കരിച്ച ഹെഡ്‌ലാമ്പുകളാണ് ഗ്രില്ലിന് ഇരുവശത്തും. എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളും ഹെഡ്‌ലാമ്പുകളിലാണ്.

പുതിയ അടിത്തറയുടെ പശ്ചാത്തലത്തില്‍ അമേസിന്റെ വീതി കാര്യമായി കൂടിയിട്ടുണ്ട്. അതുകൊണ്ടു അകത്തളം വിശാലമായിരിക്കും എന്നര്‍ത്ഥം. പുതിയ എല്‍ഇഡി ടെയില്‍ലാമ്പ് ക്ലസ്റ്ററോടെയുള്ള പരിഷ്‌കരിച് ബൂട്ട് ലിഡും അമേസില്‍ എടുത്തുപറയണം.

ബീജും കറുപ്പും നിറഞ്ഞ ഇരട്ടനിറമാണ് ഡാഷ്ബോര്‍ഡിന്. 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ക്ലൈമറ്റ് കണ്‍ട്രോളിനുള്ള ടച്ച് ബട്ടണുകള്‍, സ്റ്റീയറിംഗിലുള്ള കണ്‍ട്രോളുകള്‍ എന്നിങ്ങനെ നീളും അകത്തളത്ത പ്രധാന വിശേഷങ്ങള്‍.

ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി, സെന്‍സറുകളോടുള്ള റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ എന്നിവ അമേസിന്റെ ഫീച്ചറുകളില്‍ ഉള്‍പ്പെടും. വലിയ 15 ഇഞ്ച് അലോയ് വീലുകളിലാണ് രണ്ടാം തലമുറ സെഡാന്റെ ഒരുക്കം.

നിലവിലുള്ള അമേസില്‍ 14 ഇഞ്ചാണ് അലോയ് വീലുകള്‍.മത്സരം കണക്കിലെടുത്ത് ഏകദേശം അഞ്ചര ലക്ഷം രൂപ മുതല്‍ ഒമ്പതു ലക്ഷം രൂപ വരെ പുതിയ അമേസില്‍ ഹോണ്ട വില നിശ്ചയിക്കുമെന്നാണ് പ്രതീക്ഷ.


Click it and Unblock the Notifications