ഫോര്‍ച്യൂണറിന്റെ സ്ഥാനം മോഹിച്ച് പുതിയ ഹോണ്ട CR-V
2018 ഓട്ടോ എക്‌സ്‌പോയിലാണ് പുതുതലമുറ CR-V എസ്‌യുവിയെ ഇന്ത്യയില്‍ കൊണ്ടുവരുമെന്നു ഹോണ്ട പ്രഖ്യാപിച്ചത്. നിലവിലെ മോഡലില്‍ നിന്നും വ്യത്യസ്തമായി ഏഴു സീറ്റര്‍ എസ്‌യുവി പരിവേഷത്തിലാണ് പുതിയ CR-V വിപണിയില്‍ വരിക. ടൊയോട്ട ഫോര്‍ച്യൂണറും ഫോര്‍ഡ് എന്‍ഡവറും അടക്കിവാഴുന്ന പൂര്‍ണ്ണ എസ്‌യുവി നിരയില്‍ പുതുതലമുറ CR-V മോഡലിലൂടെ ചുവടുറപ്പിക്കാനാണ് ഹോണ്ടയുടെ പദ്ധതി.

ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ വര്‍ഷം ഒക്ടോബറില്‍ 2018 ഹോണ്ട CR-V ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തും. മൂന്നാം നിര സീറ്റുകളുടെ പശ്ചാത്തലത്തില്‍ നിലവിലുള്ള CR-V എസ്‌യുവിയെക്കാള്‍ കൂടുതല്‍ വലുപ്പം പുതിയ മോഡല്‍ അവകാശപ്പെടും.

എന്നാല്‍ മുഖ്യവിശേഷം ഇതല്ല. പുതിയ ഡീസല്‍ എഞ്ചിനിലാണ് പുതിയ ക്രോസ്ഓവര്‍ എസ്‌യുവിയെ ഹോണ്ട ഇങ്ങോട്ടു കൊണ്ടുവരിക. എര്‍ത്ത് ഡ്രീംസ് (Earth Dreams) എഞ്ചിന്‍ കുടുംബത്തില്‍ നിന്നുള്ള 1.6 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനായിരിക്കും പുതിയ CR-V എസ്‌യുവിയില്‍.

ഡീസല്‍ എഞ്ചിന് 118 bhp കരുത്തും 300 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. പാഡില്‍ ഷിഫ്റ്ററുകളുടെ പിന്തുണയുള്ള ഒമ്പതു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മോഡലില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഇടംപിടിക്കും. ഓള്‍ വീല്‍ ഡ്രൈവായിരിക്കും എസ്‌യുവി.

ഡീസല്‍ എഞ്ചിന് പുറമെ എസ്‌യുവിയുടെ പെട്രോള്‍ പതിപ്പും വിപണിയില്‍ അണിനിരക്കുമെന്നാണ് വിവരം. 2.0 ലിറ്റര്‍ എഞ്ചിനാകും CR-V പെട്രോളില്‍ തുടിക്കുക. എഞ്ചിന്‍ 152 bhp കരുത്തും 189 Nm torque ഉം ഉത്പാദിപ്പിക്കും.

പെട്രോള്‍ മോഡലില്‍ സിവിടി ഗിയര്‌ബോക്‌സ് മുഖേന മുന്‍ ചക്രങ്ങളിലേക്കാകും കരുത്തെത്തുക. പാഡില്‍ ഷിഫ്റ്ററുകളും CR-V പെട്രോളിലുണ്ടാകില്ല. പുതിയ മോഡലിന് ലഭിക്കാന്‍ പോകുന്ന ഫീച്ചറുകളെ കുറിച്ച് ഹോണ്ട മിണ്ടിയിട്ടില്ല.

എന്നാല്‍ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഇരട്ട സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് തുടങ്ങിയ ഫീച്ചറുകള്‍ എസ്‌യുവിയില്‍ പ്രതീക്ഷിക്കാം.

കിറ്റുകളായി ഇറക്കുമതി ചെയ്യുന്ന CR-V ഘടകങ്ങളെ ഇന്ത്യയില്‍ വെച്ചു സംയോജിപ്പിച്ച് അവതരിപ്പിക്കാനാണ് ഹോണ്ടയുടെ തീരുമാനം. 28 ലക്ഷം രൂപയോളം വരവില്‍ ഹോണ്ട CR-V എസ്‌യുവിക്ക് വില കരുതാം.

2018 ഓട്ടോ എക്‌സ്‌പോയില്‍ ഹോണ്ട കാഴ്ച്ചവെച്ച സിവിക് സെഡാനും വിപണിയില്‍ ഉടനെത്തുമെന്നാണ് സൂചന. CR-V എസ്‌യുവിയുടെ പവര്‍ട്രെയിന്‍ തന്നെയായിരിക്കും സിവിക് സെഡാനും ഉപയോഗപ്പെടുത്തുക.
Source: Autocar India


Click it and Unblock the Notifications