പുതിയ ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍; വില 9.43 ലക്ഷം മുതല്‍
ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയില്‍ പുറത്തിറങ്ങി. 9.43 ലക്ഷം രൂപ മുതലാണ് പുതിയ ക്രെറ്റയുടെ എക്‌സ്‌ഷോറൂം വില. ഏറ്റവും ഉയര്‍ന്ന ക്രെറ്റ ഡീസല്‍ വകഭേദത്തിന് വില 15.03 ലക്ഷം രൂപ. വിലകള്‍ ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി. പുറംമോഡിയിലും അകത്തളത്തിലും മാറ്റങ്ങളോടെയാണ് 2018 ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ എത്തുന്നത്.

നിലവിലുള്ള ആറു പെട്രോള്‍, ഏഴു ഡീസല്‍ വകഭേദങ്ങള്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലും തുടരുന്നു. ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് വകഭേദങ്ങൾ —
| Variant (Petrol) | Price |
| 1.6 E | ₹9,43,908 |
| 1.6 E+ | ₹9,99,900 |
| 1.6 SX | ₹11,93,934 |
| 1.6 SX Dual Tone | ₹12,43,934 |
| 1.6 SX AT | ₹13,43,834 |
| 1.6 SX (O) | ₹13,59,948 |

| Variant (Diesel) | Price |
| 1.4 E+ | ₹9,99,900 |
| 1.4 S | ₹11,73,893 |
| 1.6 S AT | ₹13,19,934 |
| 1.6 SX | ₹13,23,934 |
| 1.6 SX Dual Tone | ₹13,73,934 |
| 1.6 SX AT | ₹14,83,934 |
| 1.6 SX(O) | ₹15,03,934 |

ഒഴുകിയിറങ്ങുന്ന കസ്‌കേഡിംഗ് ഗ്രില്ലാണ് പുതിയ ക്രെറ്റയില്‍. ഹെഡ്‌ലാമ്പ്-ഫോഗ്‌ലാമ്പ് ഘടനകള്‍ കമ്പനി പരിഷ്‌കരിച്ചു. ബമ്പറിനോട് ഇഴകിചേര്‍ന്നു നില്‍ക്കുന്ന സില്‍വര്‍ സ്‌കിഡ് പ്ലേറ്റും എസ്‌യുവിയുടെ മുഖരൂപത്തെ കാര്യമായി സ്വാധീനിക്കുന്നു.

പുതിയ ഇരട്ടനിറവും, പുതുക്കിയ പിന്‍ബമ്പറും ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഡിസൈന്‍ സവിശേഷതകളില്‍ എടുത്തുപറയണം. ഏഴു നിറങ്ങളാണ് എസ്‌യുവിയില്‍. വൈറ്റ്, ഓറഞ്ച്, സില്‍വര്‍ ബ്ലൂ, റെഡ്, വൈറ്റ്/ബ്ലാക് (ഇരട്ടനിറം), ഓറഞ്ച്/ബ്ലാക് (ഇരട്ടനിറം) എന്നീ നിറങ്ങളില്‍ മോഡല്‍ ലഭ്യമാകും.

വകഭേദങ്ങളെ അടിസ്ഥാനപ്പെടുത്തി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ അകത്തളത്തിലും കമ്പനി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, തെന്നിനീങ്ങുന്ന മുന്‍ ആംറെസ്റ്റ് എന്നിവ ബേസ് E വകഭേദത്തിന്റെ പുതുവിശേഷങ്ങളില്‍ ഉള്‍പ്പെടും.

ഏറ്റവും ഉയര്‍ന്ന SX (O) വകഭേദത്തില്‍ വൈദ്യുത സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, ആറു വിധത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, സ്മാര്‍ട്ട് കീ ബാന്‍ഡ്, വയര്‍ലെസ് ചാര്‍ജ്ജിംഗ്, ആറു എയര്‍ബാഗുകള്‍ പോലുള്ള ആധുനിക ഫീച്ചറുകള്‍ ഇടംപിടിക്കുന്നു.

എഞ്ചിനില്‍ മാറ്റമില്ല; 1.4 ലിറ്റര്‍ ഡീസല്‍, 1.6 ലിറ്റര്‍ പെട്രോള്‍, 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ 2018 ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിലും തുടരുകയാണ്. 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 88.7 bhp കരുത്തുത്പാദിപ്പിക്കും.

യഥാക്രമം 121 bhp, 126 bhp എന്നിങ്ങനെയാണ് 1.6 ലിറ്റര്‍ പെട്രോള്‍, 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളുടെ കരുത്തുത്പാദനം. 1.4 ലിറ്റര്‍ എഞ്ചിനില്‍ ഇടംപിടിക്കുന്നത് ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ്.

അതേസമയം 1.6 ലിറ്റര്‍ എഞ്ചിന്‍ പതിപ്പുകളില്‍ ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഭേദപ്പെട്ട NVH നിലകളാണ് 2018 ഹ്യുണ്ടായി ക്രെറ്റ കാഴ്ചവെക്കുന്നതെന്ന് കമ്പനി പറയുന്നു.

ഇതൊക്കെയാണെങ്കിലും ഏറ്റവും ഉയര്‍ന്ന SX (O) വകഭേദത്തില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനെ നല്‍കാന്‍ ഹ്യുണ്ടായി കൂട്ടാക്കിയിട്ടില്ല. അതായത് ക്രെറ്റയുടെ ഓട്ടോമാറ്റിക് പതിപ്പില്‍ വൈദ്യുത സണ്‍റൂഫും വയര്‍ലെസ് ചാര്‍ജ്ജിംഗ് പോലുള്ള ഫീച്ചറുകള്‍ ലഭിക്കില്ല. റെനോ ക്യാപ്ച്ചര്‍, മാരുതി എസ്-ക്രോസ്, ഹോണ്ട BR-V എന്നിവരാണ് വിപണിയില്‍ ക്രെറ്റയുടെ എതിരാളികള്‍.


Click it and Unblock the Notifications