സസ്‌പെന്‍സ് മുഴുവന്‍ ചോര്‍ന്നു, ഇതാണ് പുതിയ ഹ്യുണ്ടായി സാന്‍ട്രോ
ഒക്ടോബര്‍ 23 -ന് ഹ്യുണ്ടായി സാന്‍ട്രോ തിരിച്ചെത്തും. വന്‍വരവേല്‍പ്പാണ് സാന്‍ട്രോയ്ക്ക് വേണ്ടി ഒരുങ്ങുന്നത്. പാത്തും പതുങ്ങിയും ക്യാമറ പലതവണ സാന്‍ട്രോയെ പിടികൂടിയെങ്കിലും ഹാച്ച്ബാക്ക് ഇതുവരെ പൂര്‍ണ്ണമായി വെളിച്ചത്തുവന്നില്ലെന്ന ആശ്വാസമായിരുന്നു ഹ്യുണ്ടായിക്ക്. എന്നാല്‍ ഇപ്പോള്‍ കമ്പനിയുടെ സസ്‌പെന്‍സ് മുഴുവന്‍ ചോര്‍ന്നു.

വില്‍പനയ്ക്കുവരാന്‍ ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ പുത്തന്‍ സാന്‍ട്രോയെ ക്യാമറ അടിമുടി പകര്‍ത്തി. ഡീലര്‍ഷിപ്പില്‍ നിന്നുള്ള പുതിയ ചിത്രങ്ങള്‍ ഹാച്ച്ബാക്കിന്റെ ഏറ്റവും ഉയര്‍ന്ന ആസ്റ്റ വകഭേദത്തെ തുറന്നുകാട്ടുന്നു. പോളാര്‍ വൈറ്റ് നിറമുള്ള കാറാണ് ചിത്രങ്ങളില്‍.

പുതിയ സാന്‍ട്രോയുടെ രൂപത്തില്‍ അങ്ങിങ്ങായി ഗ്രാന്‍ഡ് i10 -ന്റെ നിഴലാട്ടങ്ങള്‍ കാണാം. ക്രോം അലങ്കാരമുള്ള കറുത്ത ഗ്രില്ല് പുത്തന്‍ കസ്‌കേഡിംഗ് ശൈലിയാണ് പിന്തുടരുന്നത്. ബമ്പറിന്റെ സിംഹഭാഗവും ഗ്രില്ല് കൈയ്യടക്കുന്നുണ്ടെന്നും പ്രത്യേകം പരാമര്‍ശിക്കണം.

സ്വെപ്റ്റ്ബാക്ക് ശൈലിയാണ് ഹെഡ്‌ലാമ്പുകള്‍ക്ക്. പിറകിലേക്കു വലിഞ്ഞുനീണ്ട കൂര്‍ത്ത ഹെഡ്‌ലാമ്പുകള്‍ സാന്‍ട്രോയുടെ മുഖച്ഛായ പാടെ മാറ്റി. വശങ്ങളില്‍ ടോള്‍ ബോയ് ഘടന പിന്തുടരാനുള്ള എല്ലാ ശ്രമങ്ങളും ഹാച്ച്ബാക്ക് നടത്തുന്നുണ്ട്.
Most Read: കെടിഎം 125 ഡ്യൂക്ക് ബുക്കിംഗ് തുടങ്ങി, അടുത്തമാസം വിപണിയിൽ — അറിയേണ്ടതെല്ലാം

വീല്‍ ആര്‍ച്ചുകള്‍ക്ക് കീഴെ 14 ഇഞ്ച് ടയറുകളാണ് ഇടംപിടിക്കുന്നത്. ഇരുവശത്തും കയറിയറങ്ങിയുള്ള വിന്‍ഡോലൈന്‍ ഹാച്ച്ബാക്കിന്റെ ഡിസൈന്‍ സവിശേഷതയായി കമ്പനി ചൂണ്ടിക്കാട്ടിയേക്കാം. എന്തായാലും വിന്‍ഡോകള്‍ക്ക് മുഴുവന്‍ വീതിയും വലുപ്പവും ധാരാളമുണ്ട്; അകത്തള വിശാലത പുറമെനിന്നെ അനുഭവപ്പെടും.

സാന്‍ട്രോയ്ക്ക് 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്‍ സംവിധാനമാണ് കമ്പനി നല്‍കുന്നത്. ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, മിറര്‍ലിങ്ക് സംവിധാനങ്ങളുടെ പിന്തുണ സാന്‍ട്രോയ്ക്ക് ലഭിക്കും.

കറുപ്പും ബീജും ഇടകലര്‍ന്ന ഇരട്ടനിറശൈലിയാണ് ക്യാബിന്. എസി വെന്റുകള്‍ക്കും ഗിയര്‍ ലെവറിനും സ്റ്റീയറിംഗ് വീലിനും ക്രോം ആവരണമുണ്ട്. സ്റ്റീയറിംഗ് വീലിലുള്ള ബട്ടണുകള്‍ മുഖേന ഓഡിയോ നിയന്ത്രിക്കാന്‍ കഴിയും.

ചുരുക്കത്തില്‍ പ്രാരംഭ ശ്രേണിയിലെ പ്രീമിയം മുഖമാവാനായിരക്കും രണ്ടാംവരവില്‍ ഹ്യുണ്ടായി സാന്‍ട്രോ ശ്രമിക്കുക. പിറകിലും വലിയ വിന്‍ഡ്ഷീല്‍ഡാണ് ഹാച്ച്ബാക്കിന് കമ്പനി നിശ്ചയിക്കുന്നത്. ടെയില്‍ലാമ്പുകളും ബമ്പറും കമ്പനി പരിഷ്‌കരിച്ചു.

ബമ്പറില്‍ കറുത്ത പ്ലാസ്റ്റിക് ഘടനകളും ഒരുങ്ങുന്നുണ്ട്. പിന്‍ വൈപ്പര്‍, ഹൈ സ്റ്റോപ് ലാമ്പ്, പിന്‍ പാര്‍ക്കിംഗ് ക്യാമറ എന്നിവയെല്ലാം പിറകിലെ വിശേഷങ്ങളില്‍പ്പെടും. ഹാച്ച്ബാക്കിന്റെ പിന്‍ ഭാഗമാണ് ഒരുപരിധിവരെ പഴയ സാന്‍ട്രോയോടു ചേര്‍ന്നുനില്‍ക്കാന്‍ ശ്രമിക്കുന്നത്.
Most Read: ഫോര്‍ച്യൂണറിന്റെ വിപണിയില്‍ കണ്ണുവെച്ച് പുതിയ ഇസൂസു MU-X ഫെയ്‌സ്‌ലിഫ്റ്റ്

അഞ്ചു വകഭേദങ്ങള്‍ സാന്‍ട്രോയിലുണ്ട്. ഡിലൈറ്റ്, ഏറ, മാഗ്‌ന, സ്പോര്‍ട്സ്, ആസ്റ്റ എന്നിങ്ങനെ വകഭേദങ്ങള്‍ തെരഞ്ഞെടുക്കാം. അഞ്ചു പെട്രോള്‍, രണ്ടു എഎംടി, രണ്ടു സിഎന്‍ജി പതിപ്പുകളിലായാണ് ഹാച്ച്ബാക്ക് വിപണിയില്‍ എത്തുക.

ഡിലൈറ്റ്, ഏറ, ആസ്റ്റ മോഡലുകള്‍ക്ക് മാനുവല്‍ പെട്രോള്‍ പരിവേഷം ലഭിക്കും. മാഗ്‌ന, സ്പോര്‍ട്സ് മോഡലുകളില്‍ മാത്രമെ മാനുവല്‍ സിഎന്‍ജി, മാനുവല്‍ പെട്രോള്‍ ഓപ്ഷനുകള്‍ ഒരുങ്ങുകയുള്ളൂ.

സാന്‍ട്രോയുടെ ഡീസല്‍ വകഭേദത്തെ കുറിച്ചു ഇതുവരെ പ്രഖ്യാപനങ്ങളുണ്ടായിട്ടില്ല. ഹാച്ച്ബാക്കിലുള്ള 1.1 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 68 bhp കരുത്തും 99 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്.

ഇതിനുപുറമെ എഎംടി ഗിയര്‍ബോക്സ് പതിപ്പിനെയും സാന്‍ട്രോയില്‍ കമ്പനി അവതരിപ്പിക്കും. ഹ്യുണ്ടായിയുടെ ആദ്യ എഎംടി കാറായി സാന്‍ട്രോ വിപണിയില്‍ അറിയപ്പടും. 20 കിലോമീറ്റര്‍ മൈലേജ് സാന്‍ട്രോ അവകാശപ്പെടുമെന്നാണ് സൂചന.

മാരുതി വാഗണ്‍ആര്‍, സെലറിയോ മോഡലുകളുടെ അപ്രമാദിത്വം ചോദ്യം ചെയ്യാന്‍ വേണ്ട ഗുണഗണങ്ങളെല്ലാം പുതിയ ഹ്യുണ്ടായി സാന്‍ട്രോയിലുണ്ട്.


Click it and Unblock the Notifications








