പുതിയ മഹീന്ദ്ര എസ്‌യുവി ഡീലര്‍ഷിപ്പില്‍ — നെക്‌സോണിനും ബ്രെസ്സയ്ക്കും ഭീഷണിയോ?
ഔദ്യോഗിക വരവിന് മഹീന്ദ്രയുടെ പുതിയ കോമ്പാക്ട് എസ്‌യുവി തയ്യാര്‍. സാങ്‌യോങ് ടിവോലിയുടെ ചട്ടക്കൂടില്‍ മഹീന്ദ്ര രൂപകല്‍പന ചെയ്ത S201 എസ്‌യുവി വിപണിയില്‍ ഉടനെത്തുമെന്നു സൂചന. ബെംഗളൂരുവിലെ മഹീന്ദ്ര ഡീലര്‍ഷിപ്പില്‍ വന്നിറങ്ങുന്ന എസ്‌യുവിയുടെ ചിത്രങ്ങള്‍ കമ്പനിയുടെ രഹസ്യനീക്കം വെളിപ്പെടുത്തുന്നു. നാലു മീറ്ററില്‍ താഴെയുള്ള അഞ്ചു സീറ്ററാണ് വരാന്‍ പോകുന്ന എസ്‌യുവി. ടാറ്റ നെക്‌സോണ്‍, മാരുതി ബ്രെസ്സ എന്നിവര്‍ക്കുള്ള മഹീന്ദ്രയുടെ മറുപടിയാണിത്.

അതേസമയം സബ് കോമ്പാക്ട് ഗണത്തില്‍പ്പെടുന്ന മഹീന്ദ്ര TUV300 -യുമായി പുതിയ എസ്‌യുവി മത്സരിക്കില്ല. പുറത്തുവന്ന ചിത്രങ്ങളില്‍ മഹീന്ദ്ര ബ്രാന്‍ഡിംഗ്എസ്‌യുവിക്ക് പിന്നിൽ ഒരുങ്ങിയിട്ടില്ല. അതുകൊണ്ടു മോഡല്‍ പരീക്ഷണഘട്ടം പൂർത്തിയാക്കിയിട്ടില്ലെന്നു അനുമാനിക്കാം. എന്നാൽ മോഡലിന്റെ പിന്നഴക് മറകളേതും കൂടാതെ ചിത്രങ്ങളില്‍ കാണാന്‍ കഴിയും.

പ്രീമിയം ഫീച്ചറുകളും ആഢംബര സുഖസൗകര്യങ്ങളുമായിരിക്കും ഹാച്ച്ബാക്ക് പോലുള്ള മഹീന്ദ്ര എസ്‌യുവിയുടെ പ്രധാന വിശേഷങ്ങള്‍. ഇരട്ട സംവിധാനങ്ങളുള്ള ക്ലൈമറ്റ് കണ്‍ട്രോള്‍, നാലു ഡിസ്‌ക് ബ്രേക്കുകള്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍, സണ്‍റൂഫ്, 7.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിവയെല്ലാം മോഡലില്‍ ഒരുങ്ങും.

ബ്രെസ്സയും നെക്‌സോണും ഇക്കോസ്‌പോര്‍ടുമായുള്ള പോരാട്ടത്തില്‍ ഫീച്ചറുകള്‍ നിര്‍ണായക സ്വാധീനം ചെലുത്തും. സുരക്ഷയുടെ കാര്യത്തിലും അതീവശ്രദ്ധ കമ്പനി ചെലുത്തിയിട്ടുണ്ടെന്നാണ് സൂചന. ഒന്നിലധികം എയര്‍ബാഗുകള്‍ എസ്‌യുവിയില്‍ പ്രതീക്ഷിക്കാം.

നേരത്തെ പുറത്തുവന്ന ചിത്രങ്ങള്‍ മോഡലിനെ കുറിച്ചുള്ള ഏകദേശ വിവരം വിപണിയ്ക്ക് നല്‍കി കഴിഞ്ഞു. പിറകിലേക്ക് ഒരല്‍പം വലിഞ്ഞു നീണ്ട 'റാപ് എറൗണ്ട്' പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളാണ് എസ്‌യുവിക്ക്. ഹെഡ്‌ലാമ്പുകളില്‍ എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍ ഒരുങ്ങും.

ഹെഡ്‌ലാമ്പിനോടു ചേര്‍ന്നാണ് ടേണ്‍ ഇന്‍ഡിക്കേറ്ററുകളും. ഗ്രില്ലിന് ക്രോം അലങ്കാരമുണ്ടെന്നാണ് സൂചന. മുന്‍ ബമ്പറിലുള്ള വലിയ എയര്‍ഡാമും സമാന്തര ഫോഗ്‌ലാമ്പുകളും മുഖരൂപത്തെ കാര്യമായി സ്വാധീനിക്കും. മുന്‍ ബമ്പറില്‍ കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗുമുണ്ട്.

അലോയ് വീലുകള്‍ക്കും മേല്‍ക്കൂരയ്ക്കും മിററുകള്‍ക്കും കറുപ്പായിരിക്കും നിറം. മേല്‍ക്കൂരയോടു ഇഴുകിച്ചേര്‍ന്ന സ്‌പോയിലറും ഡിസൈനില്‍ എടുത്തുപറയണം. പിറകില്‍ 'സ്വെപ്റ്റ്ബാക്ക്' ശൈലിയുള്ള ടെയില്‍ലാമ്പുകളാണ് ഒരുങ്ങുന്നത്.

TUV300 -യുടെ മാതൃകയില്‍ ഉയര്‍ന്ന വിന്‍ഡോ ലൈനാണ് S201 പിന്തുടരുക. എസ്‌യുവിയുടെ അകത്തള ചിത്രങ്ങളും മുമ്പ് പുറത്തുവന്നിരുന്നു. ബ്ലാക് - ബീജ് ശൈലിയുള്ള ഇരട്ടനിറമാണ് ഡാഷ്ബോര്‍ഡിന്. അലൂമിനിയം പാനലും ഡാഷ്ബോര്‍ഡില്‍ ഒരുങ്ങും.

ബ്ലുടൂത്ത്, ഓഡിയോ സംവിധാനങ്ങള്‍ക്കു വേണ്ടി പ്രത്യേക ബട്ടണുകള്‍ സ്റ്റീയറിംഗ് വീലിലുണ്ട്. രണ്ടുവലിയ ഡയലുകളാണ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍. മള്‍ട്ടി ഫംങ്ഷന്‍ ഡിസ്പ്ലേയും കൂട്ടിനുണ്ട്. ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ ടിവോലിയില്‍ നിന്നും അതേപടി പകര്‍ത്തിയതാണ്.

7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും മോഡല്‍ അവകാശപ്പെടും. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഫീച്ചറുകള്‍ എസ്യുവിയില്‍ പ്രതീക്ഷിക്കാം. ജിപിഎസ് നാവിഗേഷനും റിവേഴ്സ് ക്യാമറ ഡിസ്പ്ലേയും അകത്തളത്തില്‍ ഒരുങ്ങും.

1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ മഹീന്ദ്രയുടെ കോമ്പാക്ട് എസ്‌യുവിക്ക് തുടിപ്പേകുമെന്നാണ് വിവരം. 125 bhp, 110 bhp എന്നിങ്ങനെയാകും പെട്രോള്‍, ഡീസല്‍ എഞ്ചിനുകളുടെ കരുത്തുത്പാദനം. ആറു സ്പീഡായിരിക്കും മാനുവല്‍ ഗിയര്‍ബോക്സ്. ഒരുപക്ഷെ പുതിയ സാങ് യോങുമായി ചേര്‍ന്നു കമ്പനി വികസിപ്പിക്കുന്ന പുതിയ 1.6 ലിറ്റര്‍ എഞ്ചിന്‍ എസ്‌യുവിയില്‍ കണ്ടേക്കാം.


Click it and Unblock the Notifications








