ഓട്ടോയില്‍ ഇടിച്ച് പുത്തന്‍ ഡിസൈര്‍ തകര്‍ന്നു; ഉടമയ്ക്ക് പകരം പുതിയ കാര്‍ നല്‍കുമെന്ന് ഡീലര്‍ഷിപ്പ്
ഓട്ടോയിലിടിച്ചു തകര്‍ന്ന പുത്തന്‍ മാരുതി ഡിസൈറിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. സംഭവം കേരളത്തിലാണ്. ഉപഭോക്താവിന് കൈമാറാന്‍ വേണ്ടി മാരുതി ഷോറൂം കരുതിവെച്ച പുതുതലമുറ ഡിസൈറാണ് അപകടത്തില്‍പ്പെട്ടത്.

ഓട്ടോ ഡ്രൈവര്‍ അപ്രതീക്ഷിതമായി വളച്ചതാണ് അപകട കാരണമെന്ന വിവരണത്തോടെയാണ് ഫെയ്സ്ബുക്കിൽ ഡിസൈറിന്റെ ചിത്രങ്ങള്‍. എന്നാല്‍ കാര്‍ ഷോറൂമിലേക്ക് കൊണ്ടുവരുന്ന വഴിയില്‍ ഓട്ടോയുമായി മുഖാമുഖമിടിച്ചാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തുന്നു.

കനത്ത മഴയത്ത് മുന്നില്‍ സഞ്ചരിച്ച ഡിസൈറിനെ മറികടക്കാന്‍ ഓട്ടോ ശ്രമിച്ചപ്പോഴാണ് അപകടം. എതിരെ നിന്നും വാഹനം കടന്നുവന്നത് വൈകിയാണ് ഓട്ടോ ഡ്രൈവര്‍ തിരിച്ചറിഞ്ഞത്.

അമിതവേഗത്തിലായിരുന്നു ഈ സമയം ഓട്ടോ. അപ്രതീക്ഷിതമായി ഇടതു ഭാഗത്തേക്ക് വെട്ടിച്ച ഓട്ടോ ഡിസൈറിന്റെ വലതുമുന്‍ഭാഗം പൂര്‍ണമായും ഇടിച്ചുതകര്‍ത്തു.

ഷോറൂമിന് സമീപമാണ് ഈ സംഭവം മുഴുവന്‍ അരങ്ങേറിയത്. അപകടത്തില്‍ ഡിസൈറിന്റെ വലതുമുന്‍ഭാഗത്ത് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി കാണാം.

ഓട്ടോ അമിതവേഗത്തില്‍ വന്നിടിച്ചതു കൊണ്ടു ഹെഡ്‌ലാമ്പ് ഘടനയും ബമ്പറും ടയറും പുറത്തുവന്ന നിലയിലാണ്. അതേസമയം കാറോടിച്ചിരുന്നയാള്‍ക്ക് പരുക്കുകള്‍ ഇല്ല. ഇടിയുടെ ആഘാതം ക്രമ്പിള്‍ സോണ്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടു.

അകത്തളത്തിലേക്ക് കാര്യമായ ആഘാതമെത്തിയില്ല. ഒപ്പം, കാറില്‍ എയര്‍ബാഗുകള്‍ പുറത്തുവന്നിട്ടില്ലെന്ന് ചിത്രങ്ങളില്‍ വ്യക്തം. കാറുമായി കൂട്ടിയിടിച്ച ഓട്ടോ വഴിയിരികില്‍ നിര്‍മ്മാണത്തിലുള്ള കെട്ടിടത്തില്‍ ഇടിച്ചാണ് നിന്നത്. അപകടത്തില്‍ പരുക്കേറ്റ ഓട്ടോ ഡ്രൈവറെ ഓടിയെത്തിയ ആളുകൾ ആശുപത്രിയിൽ എത്തിച്ചു.

ബുക്ക് ചെയ്ത് കാത്തിരുന്ന ഡിസൈര്‍ അപകടത്തില്‍പ്പെട്ടെന്ന വാര്‍ത്ത ഉപഭോക്താവിനെ ആശങ്കപ്പെടുത്തി. എന്നാല്‍ തകര്‍ന്ന ഡിസൈറിന് പകരം പുതിയ ഡിസൈറിനെ നല്‍കുമെന്ന് ഷോറൂം അധികൃതര്‍ ഇദ്ദേഹത്തിന് ഉറപ്പുനല്‍കിയതായാണ് വിവരം.
Image Source: Facebook

വന്‍ കുതിപ്പുകള്‍ക്ക് ഇടയില്‍ മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍ —
സെന്‍ ക്ലാസിക്
മാരുതിയുടെ പേരും മഹിമയും കടല് കടന്ന് അക്കരെ നാട്ടില്‍ എത്തിച്ചതില്‍ ഇത്തിരി കുഞ്ഞന്‍ ഹാച്ച്ബാക്ക് സെന്നിന് നിര്‍ണായക പങ്കാണുള്ളത്. സെന്നിലൂടെ മാരുതി കുറിച്ച വിജയത്തിന്റെ ചുവട് പിടിച്ചാണ് മോഡലിന് റെട്രോ ലുക്ക് നല്‍കി പ്രചാരം വര്‍ധിപ്പിക്കാന്‍ കമ്പനി ശ്രമിച്ചതും. പക്ഷെ, സംഗതി ഫലിച്ചില്ല! റെട്രോ ലുക്കില്‍ ഒരുങ്ങിയ മാരുതി സെന്‍ ക്ലാസിക്, കമ്പനിക്ക് അപ്രതീക്ഷിത തിരിച്ചടിയേകി.

വെര്‍സ
ഇന്ത്യയുടെ ആദ്യ ആഢംബര വാനായിരുന്നു മാരുതി വെര്‍സ. സുസുക്കി ക്യാരി എന്ന് രാജ്യാന്തര തലത്തില്‍ അറിയപ്പെട്ട മോഡലിന്റെ ഇന്ത്യന്‍ പരിവേഷമാണ് വെര്‍സ. എസ്റ്റീമിലും ജിപ്‌സിയിലും ഇടംപിടിച്ച 1.3 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് വെര്‍സ എത്തിയത്.

ആശയം ഗംഭീരമായിരുന്നെങ്കിലും, ഉയര്‍ന്ന പ്രൈസ് ടാഗ് വെര്‍സയുടെ വിധിയെഴുതി. പിന്നീട് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലുള്ള ഇക്കോയായി വെര്‍സയെ റീബ്രാന്‍ഡ് ചെയ്ത മാരുതി, പരാജയഭാരം തെല്ലൊന്ന് കുറച്ചു. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനോട് കൂടിയുള്ള സബ്-4 മീറ്റര്‍ കാറുകളില്‍ എക്‌സൈസ് തീരുവ കുറച്ച കേന്ദ്ര തീരുമാനം വന്നതിന് പിന്നാലെയായിരുന്നു മാരുതിയുടെ ഈ നീക്കം.

ബലെനോ ആള്‍ട്ട്യൂറ
ഇന്ത്യയില്‍ സ്‌റ്റേഷന്‍ വാഗണ്‍ ഒരിക്കല്‍ പോലും പച്ച പിടിച്ചിട്ടില്ല. എംപിവികള്‍ വിജയം കണ്ടിട്ടുണ്ടെങ്കിലും സ്റ്റേഷന്‍ വാഗണുകളോട് ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഇന്നും മുഖം തിരിഞ്ഞാണ് നില്‍ക്കുന്നത്. ഈ പതിവ് തെറ്റിക്കാനുള്ള ശ്രമമായിരുന്നു മാരുതിയുടെ ബലെനോ ആള്‍ട്ട്യൂറ. എന്നാല്‍ 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ കരുത്തില്‍ എത്തിയ ബലെനോ ആള്‍ട്യൂറയ്ക്ക് വിജയം കൈവരിക്കാന്‍ സാധിച്ചില്ല.

സെന്‍ എസ്റ്റിലോ
സെന്‍ നേടിയെടുത്ത പേരും മഹിമയും ഒരൊറ്റ വരവ് കൊണ്ടാണ് സെന്‍ എസ്റ്റിലോ തകര്‍ത്തത്. ടോള്‍ ബോയ് ഹാച്ച്ബാക്ക് ടാഗുമായാണ് സെന്‍ എസ്റ്റിലോ എത്തിയതെങ്കിലും ഫലം പരാജയമായിരുന്നു. ഫീച്ചറുകളുടെ അഭാവവും, വാഗണ്‍ആറിനെക്കാളും വിലക്കൂടുതലും എസ്റ്റിലോയുടെ അകാലചരമത്തിന് കാരണമായി.

എ-സ്റ്റാര്‍
രാജ്യാന്തര വിപണികളില്‍ മാരുതി സുസൂക്കി എ-സ്റ്റാര്‍ വന്‍വിജയമായിരുന്നു. എന്നാല്‍ എ-സ്റ്റാറിന്റെ ഇന്ത്യന്‍ പതിപ്പിന് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല.മികച്ച ഡ്രൈവിംഗ് പ്രദാനം ചെയ്യാന്‍ എ-സ്റ്റാറിന് സാധിച്ചിരുന്നെങ്കിലും, അരോചകമായ മുഖവും ഉയര്‍ന്ന പ്രൈസ് ടാഗും മോഡലിന് തിരിച്ചടിയായി.

ഗ്രാന്‍ഡ് വിറ്റാര
ഇരുപതു ലക്ഷം രൂപയ്ക്ക് എസ്‌യുവി വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് മാരുതി ഗ്രാന്‍ഡ് വിറ്റാര വന്നത്. എന്നാല്‍ ടൊയോട്ടയും ഹോണ്ടയും അടക്കി വാഴുന്ന എസ്‌യുവി നിരയിലേക്ക് ചുവട് ഉറപ്പിക്കാനുള്ള മാരുതിയുടെ ശ്രമം അതിമോഹമായി ഭവിച്ചു.
പ്രീമിയം കാറുകളുടെ പോരില്‍ തങ്ങള്‍ ബഹുദൂരം പിന്നിലാണ് എന്ന തിരിച്ചറിവ് കൂടിയാണ് ഗ്രാന്‍ഡ് വിറ്റാര മാരുതിയ്ക്ക് നല്‍കിയത്. 2.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലും ഫോര്‍-വീല്‍-ഡ്രൈവ് സിസ്റ്റത്തിലും ഒരുങ്ങിയ ഗ്രാന്‍ഡ് വിറ്റാര മാരുതി കണ്ട ദുരന്തങ്ങളില്‍ ഒന്നായിരുന്നു.

കിസാഷി
രാജ്യാന്തര വിപണിയിലും, ഇന്ത്യന്‍ വിപണിയിലും ഒരുപോലെ തകര്‍ന്നടിഞ്ഞ മാരുതിയുടെ കാറാണ് കിസാഷി. 15 ലക്ഷം രൂപ പ്രൈസ് ടാഗില്‍ കിസാഷിയെ അവതരിപ്പിച്ച് വിപണി കീഴടക്കാന്‍ ശ്രമിച്ച മാരുതിയ്ക്ക് പക്ഷെ പിഴച്ചു. ഇന്ധനക്ഷമതയാണ് കിസാഷിയുടെ കാര്യത്തില്‍ തിരിച്ചടിയായത്.
Image Source: TeamBHP, Bestcarmag


Click it and Unblock the Notifications