പുതിയ മാരുതി സ്വിഫ്റ്റ് തിരിച്ചുവിളിക്കുന്നു; ഒപ്പം ബലെനോയും! — അറിയേണ്ടതെല്ലാം
പുതുതലമുറ സ്വിഫ്റ്റിനെയും ബലെനോയെയും മാരുതി തിരിച്ചുവിളിക്കുന്നു. ബ്രേക്കിംഗ് സംവിധാനത്തില്‍ തകരാര്‍ സാധ്യത മുന്നില്‍ കണ്ടാണ് മാരുതിയുടെ നീക്കം. ബ്രേക്ക് വാക്വം ഹോസിലെ നിര്‍മ്മാണപ്പിഴവാണ് മോഡലുകളെ തിരിച്ചുവിളിക്കാൻ കാരണം. 2017 ഡിസംബര്‍ ഒന്നിനും 2018 മാര്‍ച്ച് 14 -നുമിടയ്ക്ക് നിര്‍മ്മിച്ച 52,686 കാറുകളിൽ പ്രശ്നമുണ്ടെന്നാണ് വിലയിരുത്തൽ.

നിലവില്‍ ഉടമകള്‍ക്കു കൈമാറിയ പുതുതലമുറ സ്വിഫ്റ്റ്, ബലെനോ മോഡലുകളിലാണ് പരിശോധന ആവശ്യമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക സര്‍വീസ് ക്യാമ്പയിന്‍ മുഖേന പ്രശ്‌നമുള്ള കാറുകള്‍ കണ്ടെത്തി നിര്‍മ്മാണപ്പിഴവ് പരിഹരിക്കാനാണ് മാരുതിയുടെ തീരുമാനം.

സര്‍വീസ് ക്യാമ്പയിന്‍ സംബന്ധിച്ച വിവരങ്ങള്‍ നെക്‌സ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പരിശോധന ആവശ്യമുള്ള വാഹന കാറുടമകളെ കമ്പനി ഡീലര്‍മാര്‍ മെയ് 14 മുതല്‍ നേരിട്ടു അറിയിക്കും. നിര്‍മ്മാണപ്പിഴവു കണ്ടെത്തിയാല്‍ കാറുടമകള്‍ക്ക് സൗജന്യമായി ബ്രേക്ക് വാക്വം ഹോസ് മാറ്റിനല്‍കുമെന്ന് മാരുതി വാഗ്ദാനം ചെയ്യുന്നു.

തിരിച്ചുവിളിച്ച ബലെനോ, സ്വിഫ്റ്റ് മോഡലുകളുടെ പട്ടികയില്‍ തങ്ങളുടെ കാറുമുണ്ടോയെന്ന് ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ മുഖേന പരിശോധിക്കാം. ഷാസി നമ്പര്‍ നല്‍കി കാറില്‍ പ്രശ്‌നസാധ്യതയുണ്ടോയെന്ന് ഉടമകള്‍ക്ക് നെക്‌സ വെബ്‌സൈറ്റില്‍ നിന്നും കണ്ടെത്താം.

കമ്പനിയുടെ ഗുജറാത്ത് കേന്ദ്രത്തില്‍ നിന്നുമാണ് പുതുതലമുറ മാരുതി സ്വിഫ്റ്റുകളുടെ ഉത്പാദനം. ഇതേ അസംബ്ലി നിരയില്‍ നിന്നുമാണോ നിര്‍മ്മാണപ്പിഴവുണ്ടായതെന്ന കാര്യം വ്യക്തമല്ല. ബ്രേക്ക് ബൂസ്റ്റര്‍ സംവിധാനത്തിന്റെ ഭാഗമാണ് ബ്രേക്ക് വാക്വം ഹോസ്.

കുറഞ്ഞ സമയം കൊണ്ടു കാറിനെ പൂര്‍ണമായും നിശ്ചലാവസ്ഥയില്‍ കൊണ്ടുവരാന്‍ ബ്രേക്ക് വാക്വം ഹോസ് സഹായിക്കും. കാറിന് കൂടുതല്‍ ബ്രേക്കിംഗ് കരുത്ത് പ്രദാനം ചെയ്യുകയാണ് ബ്രേക്ക് വാക്വം ഹോസിന്റെ ദൗത്യം.

അതേസമയം ബ്രേക്ക് വാക്വം ഹോസിലുള്ള തകരാര്‍ കാറിന്റെ ബ്രേക്കിംഗ് സംവിധാനത്തെ പൂര്‍ണമായും ബാധിക്കില്ല. എന്നാല്‍ തകരാറുണ്ടെങ്കില്‍ ബ്രേക്കിംഗ് കരുത്ത് കുറയും. എന്തായാലും പ്രശ്‌നസാധ്യത തിരിച്ചറിഞ്ഞയുടന്‍ തന്നെ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മാരുതി തീരുമാനിച്ചു.

ബ്രേക്ക് വാക്വം ഹോസിലെ നിര്‍മ്മാണപ്പിഴവു കാരണം മോഡലുകള്‍ ഇതുവരെ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ടില്ലെന്ന് മാരുതി വ്യക്തമാക്കി. ഇരട്ട എയര്‍ബാഗുകള്‍, എബിഎസ് എന്നീ സുരക്ഷാ സംവിധാനങ്ങളോടെയാണ് മാരുതി സ്വിഫ്റ്റും ബലെനോയും വിപണിയില്‍ എത്തുന്നത്.

വിപണിയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്കാണ് ബലെനോ. വില്‍പനയില്‍ സ്വിഫ്റ്റും ഏറെ മുന്നിലാണ്. തിരിച്ചുവിളിക്കല്‍ നടപടി സ്വിഫ്റ്റ്, ബലെനോ മോഡലുകളുടെ വില്‍പനയെ ബാധിക്കില്ലെന്ന പ്രത്യാശയിലാണ് മാരുതി.


Click it and Unblock the Notifications








