ക്രാഷ് ടെസ്റ്റില്‍ തവിടുപൊടിയായി മാരുതി സ്വിഫ്റ്റ് — ഇനിയും വര്‍ധിക്കാനുണ്ട് സുരക്ഷ
ഇല്ല, ഇന്ത്യന്‍ കാറുകള്‍ക്ക് സുരക്ഷ ഇനിയും വര്‍ധിക്കാനുണ്ട്. ടാറ്റ നെക്‌സോണും മാരുതി വിറ്റാര ബ്രെസ്സയും പൊന്‍തിളക്കത്തോടെ ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റ് വിജയിച്ചപ്പോള്‍ വാഹന പ്രേമികള്‍ കരുതി നിര്‍മ്മാതാക്കള്‍ രാജ്യാന്തര സുരക്ഷാ നിലവാരം പാലിക്കാന്‍ തുടങ്ങിയെന്നു.

എന്നാല്‍ ആഹ്‌ളാദനിമിഷങ്ങള്‍ നീളുംമുമ്പെ ഇന്ത്യന്‍ നിര്‍മ്മിത റെനോ ലോഡ്ജി ക്രാഷ് ടെസ്റ്റില്‍ തവിടുപൊടിയായി. പ്രചാരം കുറവായതുകൊണ്ടാകണം റെനോ ലോഡ്ജിയുടെ പരാജയം വിപണിയേറെ ചര്‍ച്ച ചെയ്തില്ല. ഇപ്പോള്‍, ഇന്ത്യയില്‍ ചൂടപ്പംപോലെ വിറ്റുപോകുന്ന മാരുതി സ്വിഫ്റ്റും ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെട്ട വിവരം ഗ്ലോബല്‍ NCAP അധികൃതര്‍ പുറത്തുവിടുകയാണ്.

ഇടി പരീക്ഷയില്‍ അഞ്ചില്‍ രണ്ടു സ്റ്റാര്‍ നേട്ടം മാത്രമെ സ്വിഫ്റ്റ് നേടിയുള്ളൂ. ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുന്ന കാറുകളുടെ സുരക്ഷ വിലയിരുത്താന്‍ ഗ്ലോബല്‍ NCAP നടത്തുന്ന 'സേഫര്‍ കാര്‍സ് ഫോര്‍ ഇന്ത്യ' പരിപാടിയുടെ ഭാഗമായാണ് മാരുതി സ്വിഫ്റ്റ് ക്രാഷ് ടെസ്റ്റിന് വിധേയമായത്.
Most Read: പുത്തന്‍ ആസ്‌പൈറിനെ കളിയാക്കി ടിഗോര്‍ പരസ്യം — ടാറ്റയ്ക്ക് മറുപടി നല്‍കുമോ ഫോര്‍ഡ്?

മുതിര്‍ന്ന യാത്രക്കാര്‍ക്ക് പൂര്‍ണ്ണ സുരക്ഷയേകുന്നതില്‍ സ്വിഫ്റ്റ് പരാജയപ്പെട്ടെന്നു ക്രാഷ് ടെസ്റ്റ് ഫലം വ്യക്തമാക്കി. പുതിയ സ്വിഫ്റ്റിന്റെ ബോഡി ഘടനയ്ക്ക് ദൃഢത കുറവാണ്. കൂട്ടിയിടിയില്‍ ആഘാതം ബോഡിയില്‍ ഉടനീളം വ്യാപിക്കുന്നതായി ഗ്ലോബല്‍ NCAP കണ്ടെത്തി.

അകത്തളത്തിൽ ഡ്രൈവര്‍ക്കും മുന്‍ സീറ്റിലിരിക്കുന്ന യാത്രക്കാരനും താരതമ്യേന ഭേദപ്പെട്ട സുരക്ഷ ലഭിക്കും. തലയ്ക്കും കഴുത്തിനും ആവശ്യമായ സംരക്ഷണം സ്വിഫ്റ്റ് നല്‍കും. എന്നാല്‍ നെഞ്ചിനും മുട്ടിനും പര്യാപ്തമായ സുരക്ഷ ഒരുക്കാന്‍ ഹാച്ച്ബാക്കിന് കഴിയാതെ പോകുന്നു.

ഇരട്ട എയര്‍ബാഗുകളും സീറ്റ് ബെല്‍റ്റ് പ്രീ ടെന്‍ഷനറുകളും ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകളും സ്വിഫ്റ്റിലുണ്ട്. എന്നാല്‍ നാലു ചാനല്‍ ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം (എബിഎസ്) നല്‍കേണ്ടെന്ന കമ്പനിയുടെ തീരുമാനം സ്വിഫ്റ്റിന് വിനയായി.

ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്ന യാത്രക്കാര്‍ക്കും കുട്ടികള്‍ക്കും രണ്ടു സ്റ്റാര്‍ സുരക്ഷയാണ് സ്വിഫ്റ്റ് സമര്‍പ്പിച്ചത്. ഫ്രണ്ടല്‍ ക്രാഷ് ടെസ്റ്റിലും സ്വിഫ്റ്റിന്റെ പ്രകടനം അതിദാരുണമാണ്. വിദേശ പതിപ്പുകളിലുള്ളതുപോലെ കര്‍ട്ടന്‍ എയര്‍ബാഗുകളോ, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോളോ ഇന്ത്യന്‍ സ്വിഫ്റ്റിനില്ല.

സുരക്ഷ വിലയിരുത്തിയാല്‍ യൂറോപ്യന്‍, ജാപ്പനീസ് വിപണികളില്‍ വില്‍പനയുള്ള സുസുക്കി സ്വിഫ്റ്റിനെക്കാള്‍ ബഹുദൂരം പിന്നിലാണ് മാരുതി സ്വിഫ്‌റ്റെന്നു ഗ്ലോബല്‍ NCAP സെക്രട്ടറി ജനറല്‍ ഡേവിഡ് വാര്‍ഡ് പറഞ്ഞു. വരുംഭാവിയില്‍ കൂടുതല്‍ സുരക്ഷിതമായ സ്വിഫ്റ്റുകള്‍ ഇന്ത്യയില്‍ വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുമ്പ് 2014 -ല്‍ രണ്ടാംതലമുറ സ്വിഫ്റ്റും ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റിന് വിധേയമായിരുന്നു. എയര്‍ബാഗുകളും ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകളും ഇല്ലാതിരുന്നതിനാൽ അന്നു സുരക്ഷയില്‍ ഒരൊറ്റ സ്റ്റാര്‍ നേടാന്‍പോലും സ്വിഫ്റ്റിന് കഴിഞ്ഞില്ല.


Click it and Unblock the Notifications








