ഹോണ്ട സിറ്റിയുമായി മത്സരിക്കാന്‍ ടാറ്റയുടെ പ്രീമിയം സെഡാന്‍
ബജറ്റ് കാര്‍ നിര്‍മ്മാതാക്കളെന്ന ചട്ടക്കൂടില്‍ നിന്നും പുറത്തുകടക്കണമെന്നാണ് ടാറ്റയുടെ ആഗ്രഹം. വിലകുറഞ്ഞ ചെറുകാറുകള്‍ മാത്രമല്ല പ്രീമിയം മോഡലുകളും തങ്ങള്‍ക്ക് നിര്‍മ്മിക്കാനറിയാമെന്നു ടാറ്റയ്ക്ക് ഉറക്കെ വിളിച്ചുപറയണം. ഇതിനു ടാറ്റ കണ്ടെത്തിയ ഉത്തരമാണ് ഹാരിയര്‍ എസ്‌യുവിയും 45X ഹാച്ച്ബാക്കും.

വരാന്‍പോകുന്ന ഇരുമോഡലുകളെയും ആശ്രയിച്ചിരിക്കും ടാറ്റയുടെ പ്രീമിയം സങ്കല്‍പങ്ങള്‍ ചിറകുവിടര്‍ത്തുക. അടുത്തവര്‍ഷം ഹാരിയര്‍ എസ്‌യുവിയിലൂടെ 71 ശതമാനം വിപണി വിഹിതം കൈയ്യാളാന്‍ കഴിയുമെന്ന് ടാറ്റ പ്രതീക്ഷിക്കുന്നു.

ഹാരിയറും 45X ഹാച്ച്ബാക്കും ഇന്ത്യന്‍ വിപണിയില്‍ സൃഷ്ടിക്കാന്‍ പോകുന്ന തരംഗത്തെ കുറിച്ചു കമ്പനിക്ക് പൂര്‍ണ്ണ ബോധ്യമുണ്ട്. എന്നാല്‍ ഇവര്‍ക്ക് പിന്നാലെ പുത്തനൊരു സെഡാനെ കൂടി അണിനിരത്താനുള്ള ഒരുക്കത്തിലാണ് ടാറ്റ ഇപ്പോള്‍.

ഹോണ്ട സിറ്റി, മാരുതി സിയാസ്, ഹ്യുണ്ടായി വേര്‍ണ, ടൊയോട്ട യാരിസ് എന്നിവര്‍ കളംനിറഞ്ഞുനില്‍ക്കുന്ന ശ്രേണിയില്‍ ഒരുപങ്ക് ടാറ്റയും മോഹിക്കുന്നു. അതിന് ടിഗോറിന് മുകളിലായി പുതിയ ഇടത്തരം സെഡാനെ ടാറ്റയ്ക്ക് കൊണ്ടുവരണം.

പുതിയ സെഡാന്റെ രൂപകല്‍പന ഇറ്റലിയിലും ഇംഗ്ലണ്ടിലും സ്ഥിതി ചെയ്യുന്ന ടാറ്റയുടെ ഡിസൈന്‍ സ്റ്റുഡിയോകള്‍ തുടങ്ങിക്കഴിഞ്ഞെന്നാണ് വിവരം. പുതിയ സെഡാന്‍ നിരയില്‍ വന്നുചേരുന്നതോടുകൂടി ടാറ്റ മോഡലുകള്‍ തമ്മിലുള്ള അകലം കുറയും.

കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് നിരയില്‍ നിന്നും മാന്‍സയെ പിന്‍വലിച്ചതിന് ശേഷം ആ വിടവു കമ്പനി ഇതുവരെ നികത്തിയിട്ടില്ല. പൂര്‍ണ്ണ സെഡാനുകളില്‍ നിന്നും മാറി കോമ്പാക്ട് സെഡാന്‍ ശ്രേണിയില്‍ ശ്രദ്ധചെലുത്തിയാല്‍ മതിയെന്നായിരുന്നു ടാറ്റ അന്നെടുത്ത തീരുമാനം.

നിലവില്‍ രണ്ടു കോമ്പാക്ട് സെഡാനുകളാണ് ടാറ്റയ്ക്കുള്ളത്. ഒന്ന് സെസ്റ്റും മറ്റൊന്നു ടിഗോറും. ആല്‍ഫ (Agile Light Flexible Advanced Architecture), ഒമേഗ (Optimal Modualr Efficient Global Advanced) എന്നീ രണ്ടു അടിത്തറകളിലായി ഭാവി മോഡലുകള്‍ പരിമിതപ്പെടുത്താനുള്ള തയ്യാറെടുപ്പും കമ്പനി ആരംഭിച്ചു.

ഒമേഗ അടിത്തറ ഹാരിയര്‍ എസ്‌യുവി ഉപയോഗപ്പെടുത്തും. 45X ഹാച്ച്ബാക്കും പുതിയ സെഡാനും ആല്‍ഫ അടിത്തറയായിരിക്കും ഉപയോഗിക്കുക. എഞ്ചിന്‍, ഗിയര്‍ബോക്‌സ് ഘടകങ്ങളുടെ കാര്യത്തില്‍ ടാറ്റയ്ക്ക് ആശങ്കപ്പെടാനേതുമില്ല.

നെക്‌സോണിലുള്ള ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ തന്നെ പുതിയ സെഡാന് ധാരാളം. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോകക്‌സിന് പുറമെ എഎംടി ഗിയര്‍ബോക്‌സ് സാങ്കേതികതയും കമ്പനി സ്വായത്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ഇടത്തരം സെഡാന് സമകാലിക ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഉചിതമെന്ന് ഇവിടെ സൂചിപ്പിക്കണം. 2020 ഓടെ ടാറ്റയുടെ പുതിയ സെഡാന്‍ ഇന്ത്യയില്‍ പിറക്കുമെന്നാണ് റിപ്പോര്‍ട്ട്. 2020 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ പുതിയ ടാറ്റ സെഡാനെ പ്രതീക്ഷിക്കാം.

അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 10 മുതല്‍ 12 മോഡലുകളെ വിപണിയില്‍ കൊണ്ടുവരുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ പ്രചാരം കൈയ്യടക്കിയ ടിയാഗൊ, ടിഗോര്‍, നെക്‌സോണ്‍ മോഡലുകളുടെ പുതുതലമുറകള്‍ ഇതേകാലയളവില്‍ വിപണിയില്‍ അവതരിക്കും.
*ചിത്രങ്ങൾ പ്രതീകാത്മകം മാത്രം
Source: IndiaCarNews


Click it and Unblock the Notifications