2018 ഫോക്‌സ്‌വാഗണ്‍ പോളോ ജിടിഐ ഇന്ത്യയിലേക്ക് — അറിയേണ്ടതെല്ലാം!
ഒടുവില്‍ പുതിയ പോളോ ജിടിഐയെ ഇന്ത്യയില്‍ കൊണ്ടുവരാന്‍ ഫോക്‌സ്‌വാഗണ്‍ തീരുമാനിച്ചെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ആറാം തലമുറ പോളോ ജിടിഐ ആഗോള വിപണിയില്‍ എത്തിയത്. പുതിയ പോളോ ജിടിഐയുടെ വരവും കാത്തു ഇന്ത്യന്‍ കാര്‍പ്രേമികള്‍ ഇരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി.

ഇന്ത്യന്‍ തീരത്ത് പോളോ ജിടിഐക്ക് കാര്യമായ വില്‍പനയില്ലാത്തതാണ് ഫോക്‌സ്‌വാഗണിന്റെ ആശങ്ക. കരുത്തോ, പ്രകടനക്ഷമതയോ അല്ല പ്രശ്‌നം; വിലയാണ് കുരുക്ക്. 2016 നവംബറില്‍ ഇന്ത്യന്‍ തീരമണഞ്ഞ അഞ്ചാം തലമുറ പോളോ ജിടിഐക്ക് ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ നിശ്ചയിച്ചത് 26 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില.

മൂന്നു ഡോര്‍ ഹാച്ച്ബാക്കിന് വേണ്ടി ഇത്രയും രൂപ ചെലവാക്കാന്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ മടിച്ചു. ഒടുവില്‍ വലിയ വിലക്കിഴിവ് പ്രഖ്യാപിച്ചപ്പോഴാണ് ഷോറൂമുകളില്‍ കിടന്നിരുന്ന പല പോളോ ജിടിഐകളും വിറ്റുപോയത്.

എന്നാല്‍ ഇപ്പോള്‍ പാഠങ്ങള്‍ ഉള്‍ക്കൊണ്ടു പുതിയ പോളോ ജിടിഐയെ ഇങ്ങോട്ട് കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍. MQB A0 അടിത്തറയെ ഒന്നു കൂടി പരിഷ്‌കരിച്ച് ചെലവ് കുറയ്ക്കാനുള്ള തീരുമാനത്തിലാണ് ഫോക്‌സ്‌വാഗണ്‍ ഇന്ത്യ.

ഉത്പാദന ചെലവ് ഗണ്യമായി കുറയ്ക്കാന്‍ പുതിയ അടിത്തറയ്ക്ക് (MQB A0 IN) സാധിക്കുമെന്നാണ് വിവരം. നിലവിലുള്ള 1.8 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എഞ്ചിന്‍ പോളോ ജിടിഐയില്‍ ഇക്കുറിയുണ്ടാകില്ല.

പകരം സ്‌കോഡ ഓക്ടാവിയ RS -ല്‍ കണ്ട 2.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനിലാണ് ആറാം തലമുറ പോളോ ജിടിഐയുടെ വരവ്. എഞ്ചിന് പരമാവധി 197 bhp കരുത്തും 320 Nm torque ഉം സൃഷ്ടിക്കാനാവും.

ഏഴു സ്പീഡ് ഡിഎസ്ജി, ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഹാച്ച്ബാക്കിലുണ്ട്. എഞ്ചിന്‍ കരുത്ത് മുന്‍ചക്രങ്ങളിലേക്കാണ് എത്തുന്നത്. നിലവില്‍ 189 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.8 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിനിലാണ് പോളോ ജിടിഐയുടെ ഒരുക്കം.

ഏഴു സ്പീഡ് ഡിഎസ്ജി ഗിയര്‍ബോക്‌സ് മാത്രമാണ് ഹാച്ച്ബാക്കില്‍. പതിവില്‍ നിന്നും വ്യത്യസ്തമായി അഞ്ചു ഡോര്‍ പരിവേഷമാകും വരാനിരിക്കുന്ന പോളോ ജിടിഐക്ക്. ഇത്തവണ നീളവും വീതിയും കൂടിയിട്ടുണ്ട്.

പുതിയ മുഖരൂപവും 18 ഇഞ്ച് അലോയ് വീലുകളും കാറില്‍ മുഖ്യാകര്‍ഷണമാണ്. രാജ്യാന്തര വിപണികളില്‍ 19 ഇഞ്ച് അലോയ് വീലുകള്‍ ഓപ്ഷനലായി ലഭ്യമാണ്. ഇന്ത്യന്‍ റോഡ് സാഹചര്യം കണക്കിലെടുത്ത് അഞ്ചു സ്‌പോക്ക് അലോയ് വീലുകള്‍ പോളോ ജിടിഐയില്‍ ഉണ്ടാകില്ല.

അതേസമയം ഗ്രൗണ്ട് ക്ലിയറന്‍സില്‍ മാറ്റമുണ്ടാകില്ലെന്നാണ് സൂചന. പിറകില്‍ ഇരട്ടക്കുഴല്‍ എക്‌സ്‌ഹോസ്റ്റാണ്. എല്‍ഇഡി ടെയില്‍ലാമ്പുകള്‍, ജിടിഐ ബാഡ്ജ്, സ്‌പോയിലര്‍ എന്നിവ മോഡലിന്റെ ഡിസൈന്‍ വിശേഷങ്ങളില്‍ ഉള്‍പ്പെടും.

എന്തായാലും നിലവിലുള്ള പോളോ ജിടിഐയെക്കാളും കുറഞ്ഞ വിലയിലാകും പുതിയ പോളോ ജിടിഐ വിപണിയില്‍ എത്തുക. ഒപ്പം അഞ്ചു ഡോര്‍ പരിവേഷം കാറിന്റെ പ്രചാരം വര്‍ധിപ്പിക്കും. 2020 ഓടെ ഹാച്ച്ബാക്ക് ഇന്ത്യന്‍ തീരമണയുമെന്നാണ് സൂചന.
Source: AutoCar India


Click it and Unblock the Notifications








