റെനോ ക്യാപ്ച്ചറിന് രണ്ടുലക്ഷം രൂപ വിലക്കിഴിവ്, കാരണമിതാണ്
ഹ്യുണ്ടായി ക്രെറ്റയ്ക്ക് എതിരെ കഴിഞ്ഞ വര്‍ഷമാണ് ക്യാപ്ച്ചര്‍ എസ്‌യുവിയെ റെനോ ഇന്ത്യയില്‍ കൊണ്ടുവന്നത്. പ്രതിമാസം 2,000 യൂണിറ്റുകളുടെ വില്‍പന ക്യാപ്ച്ചറില്‍ കമ്പനി ലക്ഷ്യമിട്ടു. എന്നാല്‍ നടന്നതോ, കുതിച്ചുയര്‍ന്ന ക്രെറ്റ വില്‍പനയ്ക്ക് മുന്നില്‍ കാഴ്ച്ചക്കാരനായി റെനോ ക്യാപ്ച്ചര്‍ മാറി. പ്രതീക്ഷിച്ച വില്‍പന നേടാന്‍ ക്യാപ്ച്ചറിന് ഇന്നുവരെ കഴിഞ്ഞിട്ടില്ല. പ്രീമിയം എസ്‌യുവി ക്യാപ്ച്ചറിന് വേണ്ടി റെനോ നടത്തിയ മുന്നൊരുക്കങ്ങള്‍ ഫലം കണ്ടില്ലെന്നു സാരം.

ഇക്കാരണത്താല്‍ രാജ്യത്തുടനീളമുള്ള റെനോ ഡീലര്‍ഷിപ്പുകളില്‍ കഴിഞ്ഞ വര്‍ഷം നിര്‍മ്മിച്ച ക്യാപ്ച്ചര്‍ എസ്‌യുവികള്‍ കെട്ടിക്കിടക്കുകയാണ്. ക്യാപ്ച്ചര്‍ എസ്‌യുവി വാങ്ങാന്‍ വരുന്ന ആളുകളുടെ എണ്ണവും നന്നെ കുറവ്. ഈ പ്രതിസന്ധി പരിഹരിക്കാന്‍ കമ്പനി കണ്ടെത്തിയിരിക്കുന്ന പുതിയ മാര്‍ഗ്ഗമാണ് വിലക്കിഴിവ്.

ക്യാപ്ച്ചര്‍ എസ്‌യുവികള്‍ക്ക് രണ്ടുലക്ഷം രൂപയുടെ വന്‍വിലക്കിഴിവ് കമ്പനി പ്രഖ്യാപിച്ചു. സ്റ്റോക്ക് വിറ്റുതീര്‍ക്കുന്നതിന്റെ ഭാഗമായാണിത്. 2017 നിര്‍മ്മിത മോഡലുകളില്‍ മാത്രമെ വിലക്കിഴിവ് ലഭ്യമാവുകയുള്ളു.

ഡിസ്‌കൗണ്ട് ആനുകൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ എട്ടുലക്ഷം രൂപ മുതല്‍ ക്യാപ്ച്ചര്‍ എസ്‌യുവിക്ക് ഇനി വില തുടങ്ങും. കഴിഞ്ഞ നവംബറില്‍ 9.99 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് റെനോ ക്യാപ്ച്ചര്‍ ഇന്ത്യയിലെത്തിയത്.

ഡസ്റ്റര്‍ എസ്‌യുവിയുടെ ബി-സീറോ അടിത്തറ ഉപയോഗപ്പെടുത്തുന്ന ക്യാപ്ച്ചറില്‍ പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ ലഭ്യമാണ്. എഞ്ചിനുകളും ഗിയര്‍ബോക്‌സുകളും ഡസ്റ്ററില്‍ നിന്നു തന്നെ. എന്നാല്‍ ക്യാപ്ച്ചറിന് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നല്‍കാന്‍ കമ്പനി കൂട്ടാക്കിയിട്ടില്ല.

ക്യാപ്ച്ചറിലുള്ള 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 106 bhp കരുത്തും 140 Nm torque ഉം പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. 1.5 ലിറ്റര്‍ K9K ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന് 108 bhp കരുത്തും 248 Nm torque ഉം സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഡീസല്‍ പതിപ്പില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

ഡസ്റ്ററില്‍ നിന്നും വ്യത്യസ്തമായി ക്യാപ്ച്ചര്‍ വകഭേദങ്ങള്‍ക്കെല്ലാം മുന്‍ വീല്‍ ഡ്രൈവ് സംവിധാനമാണുള്ളത്. നിരയില്‍ ഡസ്റ്ററിന് മുകളിലാണ് റെനോ ക്യാപ്ച്ചറിന് സ്ഥാനം. സമകാലിക യൂറോപ്യന്‍ വാഹനങ്ങളുടെ ശൈലിയാണ് ക്യാപ്ച്ചര്‍ പിന്തുടരുന്നത്.

പൂര്‍ണ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, C ആകൃതിയുള്ള ഫോഗ്‌ലാമ്പുകള്‍, വീതിയേറിയ വീല്‍ ആര്‍ച്ചുകള്‍, 17 ഇഞ്ച് ക്രിസ്റ്റല്‍ കട്ട് അലോയ് വീലുകള്‍, C ആകൃതിയുള്ള എല്‍ഇഡി ടെയില്‍ലാമ്പുകള്‍, ഇരട്ടനിറങ്ങള്‍ എന്നിങ്ങനെ നീളും റെനോ ക്യാപ്ച്ചറിന്റെ ഡിസൈന്‍ സവിശേഷതകള്‍.

പ്രീമിയം പരിവേഷത്തോട് നീതിപുലര്‍ത്തുന്ന ഫീച്ചറുകളും ക്യാപ്ച്ചറിന്റെ അകത്തളത്തിലുണ്ട്. ഇരട്ട മുന്‍ എയര്‍ബാഗുകള്‍, സൈഡ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇഎസ്‌സി, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങിയ സുരക്ഷാ സജ്ജീകരണങ്ങളും ക്യാപ്ച്ചറില്‍ എടുത്തുപറയണം.

2017 നിര്‍മ്മിത പുതിയ വാഹനം വാങ്ങുമ്പോള്‍
ആറു മാസത്തിലേറെ പഴക്കമുള്ള പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതായുണ്ട്. ഡീലര്‍ഷിപ്പിന്റെ സ്റ്റോക്ക്‌യാര്‍ഡില്‍ മാസങ്ങളോളം കെട്ടിക്കിടക്കുന്നവയായിരിക്കും ഇവ.

അതുകൊണ്ടു എഞ്ചിന്‍ ഓയില്‍, കൂളന്റ് തുടങ്ങിയ നിര്‍ണായക ഫ്‌ളൂയിഡുകള്‍ മോഡല്‍ വാങ്ങുന്നതിന് മുമ്പ് ഡീലര്‍ഷിപ്പ് മാറ്റിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഉപയോഗിച്ചില്ലെങ്കില്‍ കൂടി കാലംചെല്ലുന്തോറും ഓയിലുകള്‍ക്ക് ഗുണം നഷ്ടപ്പെടും. മാത്രമല്ല വാഹനം ഏറ്റെടുക്കുന്നതിന് മുമ്പ് മോഡലിന്റെ അകവും പുറവും വിശദമായി പരിശോധിച്ചു പ്രശ്‌നങ്ങളേതുമില്ലെന്നു ഉറപ്പുവരുത്താനും മറക്കരുത്.
Source: MyCarHelpline


Click it and Unblock the Notifications








