ഒഴുകിയിറങ്ങുന്ന ആഢംബരം; എട്ടാം തലമുറ റോള്‍സ് റോയ്സ് ഫാന്റം ഇന്ത്യയില്‍, വില 9.5 കോടി രൂപ മുതൽ
Recommended Video

2018 റോള്‍സ് റോയ്സ് ഫാന്റം ഇന്ത്യയില്‍ പുറത്തിറങ്ങി. 9.5 കോടി രൂപ മുതലാണ് എട്ടാം തലമുറ ഫാന്റത്തിന്റെ വില ആരംഭിക്കുന്നത്. 11.35 കോടി രൂപയാണ് ഫാന്റം എക്സ്റ്റന്‍ഡഡ് വീല്‍ബേസ് പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. ബ്രിട്ടീഷ് ആഢംബര കാര്‍ നിര്‍മ്മാതാക്കളുടെ ഏറ്റവും മുന്തിയ അത്യാഢംബര വിസ്മയമാണ് പുതിയ എട്ടാം തലമുറ ഫാന്റം.

ബിഎംഡബ്ല്യുവിന് കീഴില്‍ റോള്‍സ് റോയ്‌സ് നിര്‍മ്മിക്കുന്ന രണ്ടാം ഫാന്റമെന്ന ഖ്യാതിയും പുതിയ അവതാരത്തിനുണ്ട്. ആറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പുതിയ ഫാന്റം മോഡലിന്റെ വരവ്.

ഏഴാം തലമുറ ഫാന്റത്തെക്കാളും മുപ്പത് ശതമാനം ഭാരക്കുറവിലാണ് പുതിയ എട്ടാം തലമുറ ഫാന്റത്തിന്റെ ഒരുക്കം. 5,000 rpm ല്‍ 563 bhp കരുത്തും 1,700 rpm ല്‍ 900 Nm torque ഉം ഉത്പാദിപ്പിക്കുന്ന 6.75 ലിറ്റര്‍ ട്വിന്‍-ടര്‍ബ്ബോചാര്‍ജ്ഡ് V12 എഞ്ചിനാണ് ഫാന്റം എട്ടാമന്റെ പവര്‍ഹൗസ്.

ZF 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് പിന്‍ ചക്രങ്ങളിലേക്ക് എത്തുക. 5.3 സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ നിശ്ചലാവസ്ഥയില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ റോള്‍സ് റോയ്സ് ഫാന്റം എട്ടാമന്‍ പ്രാപ്തമാണ്.

മണിക്കൂറില്‍ 250 കിലോമീറ്ററായി പരമാവധി വേഗത നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിവേഗ ട്രാക്കുകളില്‍ 290 കിലോമീറ്ററിന് മേലെ വേഗത പിന്നിടാന്‍ ഫാന്റം എട്ടാമന് സാധിക്കും. ഏതു കഠിന പ്രതലങ്ങളിലൂടെ സഞ്ചരിച്ചാലും വെള്ളത്തിലൂടെ ഒഴുകുന്ന യാത്രാ അനുഭൂതിയാണ് ഫാന്റം എട്ടാമന്‍ കാഴ്ചവെക്കുക.

ഇതേ ഒഴുകല്‍ പ്രതീതിക്ക് വേണ്ടി എട്ടാം തലമുറ ഫാന്റത്തിന്റെ സസ്‌പെന്‍ഷനിലും ഒത്തിരി മാറ്റങ്ങള്‍ റോള്‍സ് റോയ്‌സ് നടപ്പിലാക്കിയിട്ടുണ്ട്. പുതുതലമുറ റോള്‍സ് റോയ്സ് കാറുകളില്‍ നിശ്ചയിച്ചിട്ടുള്ള പുത്തന്‍ അലൂമിനിയം സ്പെയ്സ് ഫ്രെയിം അടിത്തറയിലാണ് ഫാന്റം എട്ടാമന്‍ ഒരുങ്ങുന്നത്.

5,762 mm നീളവും, 2018 mm വീതിയും, 1,646 mm ഉയരവുമുണ്ട് പുതിയ റോള്‍സ് റോയ്‌സ് ഫാന്റത്തിന്. 3,552 mm നീളമേറിയതാണ് വീല്‍ബേസ്. അതേസമയം 5,982 mm നീളമേറിയ വീല്‍ബേസാണ് ഫാന്റത്തിന്റെ എക്സ്റ്റന്‍ഡഡ് വീല്‍ബേസ് പതിപ്പിന് ലഭിക്കുന്നത്.

കൂടാതെ സാധാരണ ഫാന്റത്തെക്കാളും 10 mm അധിക ഉയരവും എക്സ്റ്റന്‍ഡഡ് വീല്‍ബേസ് പതിപ്പിനുണ്ട്. പുതുക്കിയ പാന്തിയോണ്‍ ഗ്രില്ലിനെ അടിസ്ഥാനപ്പെടുത്തിയാണ് ഫാന്റത്തിന്റെ രൂപകല്‍പന.

ഉയര്‍ത്തി സ്ഥാപിച്ചിരിക്കുന്ന പാന്തിയോണ്‍ ഗ്രില്ലിന് പശ്ചാത്തലത്തില്‍ 'സ്പിരിറ്റ് ഓഫ് എക്സ്റ്റസി' അര ഇഞ്ചോളം ഉയര്‍ന്നിട്ടുണ്ട്. കൈകൊണ്ട് പോളിഷ് ചെയ്തെടുത്ത സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാന്തിയോണ്‍ ഗ്രില്‍, ലേസര്‍ മാട്രിക്സ് ഹെഡ് ലൈറ്റുകള്‍ എന്നിവ ഉള്ളടങ്ങുന്നതാണ് ഫാന്റം എട്ടാമന്റെ മുഖരൂപം.

രാത്രികാലങ്ങളില്‍ 600 മീറ്റര്‍ ദൂരം വരെ പ്രകാശം പരത്താന്‍ ഹെഡ്‌ലാമ്പുകള്‍ക്ക് സാധിക്കും. 2:1 അനുപാതം പാലിച്ചാണ് വശങ്ങള്‍ ഒരുങ്ങുന്നത്. 1950-60 കളിലെ ഫാന്റം മോഡലുകളെ ഓര്‍മ്മപ്പെടുത്തുന്ന ചാരുതയിലാണ് എട്ടാം തലമുറ ഫാന്റത്തിന്റെ പിന്നാമ്പുറം.

ഡബിള്‍ RR ബാഡ്ജുകളോട് കൂടിയ ടെയില്‍ ലൈറ്റുകള്‍ റിയര്‍ എന്‍ഡിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നു. റോള്‍സ് റോയ്സ് മോഡലുകളില്‍ ഇന്നു വരെ ഇടംപിടിച്ചിട്ടുള്ള ഏറ്റവും വലിയ അലോയ് വീലുകളിലാണ് എട്ടാം തലമുറ ഫാന്റത്തില്‍ സാന്നിധ്യറയിക്കുന്നത്.

എഞ്ചിന്‍ നിശബ്ദതയാണ് ഫാന്റം എട്ടാമന്റെ മറ്റൊരു ആകര്‍ഷണം. 180 ല്‍ പരം വ്യത്യസ്ത ടയര്‍ ഡിസൈനുകള്‍ പരീക്ഷിച്ച് ബോധ്യപ്പെട്ടതിന് ശേഷമാണ് അനുയോജ്യമായ ടയറിനെ എട്ടാം തലമുറ ഫാന്റത്തിന് വേണ്ടി റോള്‍സ് റോയ്സ് തെരഞ്ഞെടുത്തത്.

ടയര്‍ റോഡുമായി ഉരയുന്ന ശബ്ദം പോലും ഇത്തവണ കാറില്‍ കേള്‍ക്കില്ലെന്നാണ് റോള്‍സ് റോയ്സിന്റെ വാദം. വിഷന്‍ നെക്സ്റ്റ് 100 കോണ്‍സെപ്റ്റില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് എട്ടാം തലമുറ ഫാന്റത്തിന്റെ വരവ്.

ഒഴുകിയിറങ്ങുന്ന ആഢംബരമാണ് അകത്തളത്തും ഒരുങ്ങുന്നത്. മുന്‍ തലമുറകളിലുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിനും ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേയ്ക്കും പകരം അത്യാധുനിക 12.3 ഇഞ്ച് ഇരട്ട ഡിസ്പ്ലേകളാണ് ഇടംപിടിക്കുന്നതും.

'ഗ്യാലറി' എന്ന് റോള്‍സ് റോയ്സ് വിശേഷിപ്പിക്കുന്ന ഡാഷ്ബോര്‍ഡിലുള്ള വലിയ ഗ്ലാസ് പാനലാണ് ഫാന്റം എട്ടാമന്റെ പ്രധാന സവിശേഷത. വിവിധ ലോഹങ്ങളില്‍ തീര്‍ത്ത ത്രിമാന കലാസൃഷ്ടികളെ ഈ ഗ്ലാസ് പാനലില്‍ സ്ഥാപിക്കാന്‍ സാധിക്കും.


Click it and Unblock the Notifications








