15 ലക്ഷത്തിന്റെ സണ്‍റൂഫ് കാറുകള്‍
ഇടത്തരം കാറുകളില്‍ സണ്‍റൂഫ് ഇടംപിടിക്കുമെന്നു കുറച്ചുകാലം മുമ്പുവരെ ആരും കരുതിയില്ല. വിപണിയില്‍ മത്സരം കടുത്തപ്പോള്‍ മുന്തിയ ഇനം ഫീച്ചറുകളെ സാധാരണ മോഡലുകളില്‍ കൊണ്ടുവരാന്‍ നിര്‍മ്മാതാക്കള്‍ തന്നെ മുന്‍കൈയ്യെടുത്തു. അക്കൂട്ടത്തില്‍ ഒന്നാണ് സണ്‍റൂഫ്. മുമ്പ് പ്രീമിയം ശ്രേണിയുടെ മാത്രം കുത്തക. എന്നാല്‍ ഇന്നു സാധാരണ കാറുകളില്‍ സണ്‍റൂഫ് യഥേഷ്ടം ഒരുങ്ങാന്‍ തുടങ്ങി.
ഈ അവസരത്തില്‍ വിപണിയില്‍ അണിനിരക്കുന്ന അത്തരം കാറുകള്‍ പരിശോധിക്കാം. പതിനഞ്ചു ലക്ഷത്തിന് താഴെ സണ്‍റൂഫ് ഫീച്ചറുള്ള കാറുകള്‍ —

ഹോണ്ട WR-V
ഹോണ്ട WR-V ഇന്ത്യയില്‍ വന്നത് 2017 മാര്‍ച്ചില്‍. ഒരു വര്‍ഷം കൊണ്ടു മോഡല്‍ നേടിയത് അമ്പതിനായിരത്തിലേറെ ബുക്കിംഗും. വന്ന കാലത്ത് ശ്രേണിയില്‍ സണ്‍റൂഫ് ഫീച്ചര്‍ സമര്‍പ്പിച്ച ഏക മോഡല്‍. പ്രതീക്ഷിച്ച പോലെ ഹോണ്ടയുടെ നീക്കം ഫലം കണ്ടു.

സണ്‍റൂഫുള്ള ഏറ്റവും ഉയര്‍ന്ന WR-V VX വകഭേദത്തെയാണ് എണ്‍പതു ശതമാനം ഉപഭോക്താക്കളും തെരഞ്ഞെടുത്തത്. വിപണിയില്‍ സണ്‍റൂഫ് തരംഗമുണ്ടെന്ന് WR-V -യില്‍ ഹോണ്ട കാട്ടിത്തന്നു. വണ്‍ ടച്ച് വൈദ്യുത സണ്‍റൂഫാണ് WR-V VX വകഭേദത്തില്‍.

സണ്‍റൂഫിന് പുറമെ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ (ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ക്ക് ഒപ്പം), ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍ (ഡീസലില്‍ മാത്രം) എന്നിങ്ങനെ നീളും മോഡലിന്റെ വിശേഷങ്ങള്‍.

7.0 ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് അകത്തളത്തില്‍. WR-V VX പെട്രോള്‍ വകഭേദത്തിന് വില ഒമ്പതു ലക്ഷം രൂപ. VX ഡീസല്‍ വകഭേദത്തിന് കമ്പനി നിശ്ചയിച്ചിട്ടുള്ളത് പത്തു ലക്ഷം രൂപയും.

ടാറ്റ നെക്‌സോണ്‍
കഴിഞ്ഞ സെപ്തംബറിലാണ് നെക്‌സോണുമായി ടാറ്റ വിപണിയില്‍ കടന്നുവന്നത്. അഞ്ചു മാസം കൊണ്ടു ഇരുപത്തയ്യായിരം ബുക്കിംഗ് ടാറ്റ എസ്‌യുവി കൈയ്യടക്കി. നെക്‌സോണിന് പ്രചാരം കൂടുന്നത് കണ്ട് നിരയില്‍ എഎംടി പതിപ്പിനെയും ടാറ്റ അടുത്തിടെ കൊണ്ടുവന്നു.

പുതിയ മോഡലിന്റെ വരവില്‍ കമ്പനി നല്‍കിയ മാറ്റങ്ങളില്‍ ഒന്നാണ് സണ്‍റൂഫ്. മോഡലിന്റെ ആക്‌സസറി പട്ടികയിലാണ് സണ്‍റൂഫ്. സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറല്ലെങ്കിലും ഓപ്ഷനല്‍ ആക്‌സസറിയായി സണ്‍റൂഫിനെ നെക്‌സോണ്‍ ഉമകള്‍ക്ക് നേടാം. വില 16,053 രൂപ.

ഫ്‌ളോട്ടിംഗ് ഡിസ്‌പ്ലേയുള്ള 6.5 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, റിവേഴ്‌സ് ക്യാമറ പോലുള്ള ഫീച്ചറുകള്‍ ഏറ്റവും ഉയര്‍ന്ന നെക്‌സോണ്‍ വകഭേദം അവകാശപ്പെടുന്നുണ്ട്. എബിഎസ്, ഇബിഡി, ആറു എയര്‍ബാഗുകള്‍ എന്നിവ നെക്‌സോണില്‍ സുരക്ഷ ഉറപ്പുവരുത്തും.

6.16 ലക്ഷം മുതല്‍ 9.62 ലക്ഷം രൂപ വരെയാണ് നെക്‌സോണ്‍ പെട്രോള്‍ വകഭേദങ്ങള്‍ക്ക് വില. നെക്‌സോണ്‍ ഡീസലിന് 7.19 ലക്ഷം മുതല്‍ 10.59 ലക്ഷം രൂപ വരെ വില രേഖപ്പെടുത്തും.

ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്
11.37 ലക്ഷം രൂപ വിലയിലാണ് സണ്‍റൂഫുള്ള പുതിയ ഇക്കോസ്‌പോര്‍ട് എസ് പെട്രോളിനെ ഫോര്‍ഡ് വിപണിയില്‍ അവതരിപ്പിച്ചത്. ഇക്കോസ്‌പോര്‍ട് എസ് ഡീസല്‍ പതിപ്പിന് വില 11.89 ലക്ഷം രൂപയും.

കറുപ്പു പ്രതിഫലിക്കുന്ന സ്‌മോക്ക്ഡ് HID ഹെഡ്‌ലാമ്പുകള്‍, പരിഷ്‌കരിച്ച ഗ്രില്ല്, കറുത്ത മേല്‍ക്കൂര, 17 ഇഞ്ച് സ്‌മോക്ക്ഡ് അലോയ് വീലുകള്‍ എന്നിങ്ങനെ നീളും ഇക്കോസ്‌പോര്‍ട് എസിന്റെ പ്രത്യേകതകള്‍. അകത്തളത്തില്‍ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് മുഖ്യം. 4.2 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും മോഡലില്‍ എടുത്തുപറയണം.

ഹോണ്ട സിറ്റി
ജാപ്പനീസ് നിര്‍മ്മാതാക്കളില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്രചാരം കൈയ്യടക്കിയ മോഡല്‍. എത്തിയത് രണ്ടു പതിറ്റാണ്ടു മുമ്പ്. ഏഴു ലക്ഷത്തിലേറെ സിറ്റികള്‍ ഇന്ത്യയില്‍ കമ്പനി വിറ്റുകഴിഞ്ഞു. സിറ്റി VX, ZX വകഭേദങ്ങളിലാണ് സണ്‍റൂഫിനെ ഹോണ്ട ഒരുക്കുന്നത്.

ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, റെയിന്‍ സെന്‍സിംഗ് വൈപറുകള്‍, ഹെഡ്‌ലാമ്പ് ഓട്ടോ ഓഫ് ടൈമര്‍, എല്‍ഇഡി ഫോഗ്‌ലാമ്പുകള്‍, ടെയില്‍ലാമ്പ് ക്ലസ്റ്റര്‍, എല്‍ഇഡി ഇന്റീരിയര്‍ ലാമ്പ് - ഫീച്ചറുകളുടെ ബാഹുല്യമാണ് ഉയര്‍ന്ന സിറ്റി വകഭേദങ്ങളില്‍.

മുന്നില്‍ ഇരട്ട എയര്‍ബാഗുകള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ISOFIX ചൈല്‍ഡ് മൗണ്ട് സീറ്റുകള്‍ എന്നിവ സിറ്റിയില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. ഹോണ്ട സിറ്റി VX വകഭേദത്തിന് വില 13.09 ലക്ഷം രൂപ. 13.78 ലക്ഷം രൂപയാണ് സിറ്റി ZX വകഭേദത്തിന്റെ എക്‌സ്‌ഷോറൂം വില.

ഹ്യുണ്ടായി വേര്‍ണ
പുത്തന്‍ K2 അടിത്തറയുള്ള വേര്‍ണയെ ഹ്യുണ്ടായി ഇന്ത്യയില്‍ കൊണ്ടുവന്നത് 2017 ഓഗസ്റ്റില്‍. 3.5 ഇഞ്ച് മോണോ TFT - LCD ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റ്, തെന്നിമാറുന്ന സെന്റര്‍ കണ്‍സോള്‍ ആംറെസ്റ്റ് എന്നിവ വേര്‍ണയില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

വേര്‍ണ ഡീസല്‍ SX പ്ലസ് (ഓട്ടോമാറ്റിക് മാത്രം), പെട്രോള്‍ SX (O), ഡീസല്‍ SX (O) വകഭേദങ്ങളിലാണ് സണ്‍റൂഫിനെ ഹ്യുണ്ടായി കാഴ്ചവെക്കുന്നത്. യഥാക്രമം 12.95 ലക്ഷം, 12.56 ലക്ഷം, 12.76 ലക്ഷം എന്നിങ്ങനെയാണ് മൂന്നു വകഭേദങ്ങളുടെ എക്‌സ്‌ഷോറൂം വില.

ഹ്യുണ്ടായി ക്രെറ്റ
പുത്തന്‍ ഹ്യുണ്ടായി ക്രെറ്റ വിപണിയില്‍ വന്നിട്ടു ദിവസങ്ങള്‍ പിന്നിട്ടതേയുള്ളു. ബുക്കിംഗുകളുടെ ബാഹുല്യമാണ് ഡീലര്‍ഷിപ്പുകളില്‍. 17 ഇഞ്ച് അലോയ് വീലുകള്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവ ഉയര്‍ന്ന ക്രെറ്റ വകഭേദങ്ങള്‍ അവകാശപ്പെടുന്നുണ്ട്. SX (ഓട്ടോമാറ്റിക് മാത്രം), SX (O) വകഭേദങ്ങളിലാണ് സണ്‍റൂഫ് ഒരുങ്ങുന്നത്.

ക്രെറ്റ SX (ഓട്ടോമാറ്റിക്) പെട്രോള്‍ വകഭേദത്തിന് വില 13.44 ലക്ഷം രൂപ. ഡീസല്‍ SX ന് വില നിശ്ചയിച്ചിട്ടുള്ളത് 14.84 ലക്ഷം രൂപയും. യഥാക്രമം 13.60 ലക്ഷം, 15.04 ലക്ഷം രൂപ എന്നിങ്ങനെയാണ് പെട്രോള്‍ SX (O), ഡീസല്‍ SX (O) മോഡലുകളുടെ എക്‌സ്‌ഷോറൂം വില.


Click it and Unblock the Notifications