ഇതാണ് പുതിയ സുസുക്കി എര്‍ട്ടിഗ സ്‌പോര്‍ട്
പുതുതലമുറ മാരുതി എര്‍ട്ടിഗ ഇന്ത്യയില്‍ വരാനിരിക്കെ മോഡലിനെ കൂടുതല്‍ സ്‌പോര്‍ടിയാക്കി കാഴ്ച്ചവെക്കുകയാണ് സുസുക്കി. നടന്നുകൊണ്ടിരിക്കുന്ന 2018 ഗെയ്ക്കിന്‍ഡോ ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ പുതിയ എര്‍ട്ടിഗ സ്‌പോര്‍ടിനെ സുസുക്കി അവതരിപ്പിച്ചു. പുറംമോടിയില്‍ സുസുക്കി വരുത്തിയ മാറ്റങ്ങളാണ് 2018 എര്‍ട്ടിഗ സ്‌പോര്‍ടിന്റെ പ്രധാന സവിശേഷത. അതേസമയം പുതിയ മോഡല്‍ പെര്‍ഫോര്‍മന്‍സ് കേന്ദ്രീകൃതമല്ല.

ഒന്നിലധികം സ്‌റ്റൈലിംഗ് കിറ്റുകള്‍ എംപിവിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഗ്രില്ലിന് കറുപ്പ് പശ്ചാത്തലമാണ്. ഇരുണ്ട ഹെഡ്‌ലാമ്പുകള്‍ (സ്‌മോക്ക്ഡ്), പരിഷ്‌കരിച്ച അലോയ് വീലുകള്‍, ബോഡി കിറ്റ്, റൂഫ് സ്‌പോയിലര്‍, അണ്ടര്‍ബോഡി സ്‌പോയിലര്‍ എന്നിവയെല്ലാം എര്‍ട്ടിഗ സ്‌പോര്‍ടിന്റെ മാറ്റങ്ങളില്‍പ്പെടും.

വീതികുറഞ്ഞ ടയറുകളാണ് എംപിവിയില്‍ ഒരുങ്ങുന്നത്. എര്‍ട്ടിഗ് സ്‌പോര്‍ടിന് സാധാരണ എര്‍ട്ടിഗയെക്കാളും ഗ്രൗണ്ട് ക്ലിയറന്‍സ് കുറവാണ്. 16 ഇഞ്ച്, 17 ഇഞ്ച് അലോയ് വീല്‍ ഓപ്ഷന്‍ എംപിവിയിലുണ്ട്.

എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഹെഡ്‌ലാമ്പുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചുവന്നവര, ക്രോം അലങ്കാരം എന്നിവയും മോഡലിന്റെ ഡിസൈന്‍ വിശേഷങ്ങളില്‍പ്പെടും. വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകളിലാണ് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍. മെറ്റാലിക് ബ്രൗണ്‍ നിറശൈലിയിലാണ് എര്‍ട്ടിഗ സ്‌പോര്‍ടിനെ കമ്പനി അവതരിപ്പിച്ചത്.

നിലവിലുള്ള 1.5 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് എര്‍ട്ടിഗ സ്‌പോര്‍ടിലും. എഞ്ചിന് 104 bhp കരുത്തും 138 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍, നാലു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ എര്‍ട്ടിഗ സ്‌പോര്‍ടില്‍ ലഭ്യമാണ്.

സുസുക്കിയുടെ SVHS മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളജിയുടെ പിന്തുണയും മോഡലിന് ലഭിക്കും. സുസുക്കി സ്വിഫ്റ്റ് സ്‌പോര്‍ട്, വിറ്റാര എസ് മോഡലുകളിലുള്ള 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനെ പുതിയ എര്‍ട്ടിഗ സ്‌പോര്‍ടില്‍ സുസുക്കി നല്‍കിയില്ലെന്നത് ശ്രദ്ധേയം.
Source: GaadiWaadi


Click it and Unblock the Notifications








