ജിമ്‌നിയും സ്വിഫ്റ്റ് സ്‌പോര്‍ടും ഇന്ത്യയില്‍ വരില്ലെന്ന് മാരുതി — കാരണമിതാണ്
ജിമ്‌നിയും സ്വിഫ്റ്റ് സ്‌പോര്‍ടും ഇന്ത്യയില്‍ വരുമോ? കാലങ്ങളായി കാര്‍ പ്രേമികള്‍ ഉറ്റുനോക്കുന്ന ചോദ്യത്തിന് ഒടുവില്‍ മാരുതി സുസുക്കി ഉത്തരം നല്‍കി. ജിമ്‌നിയോ, സ്വിഫ്റ്റ് സ്‌പോര്‍ടോ ഇന്ത്യയില്‍ വില്‍പനയ്ക്ക് വരില്ലെന്നു മാരുതി സുസുക്കി റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് തലവന്‍ സിവി രാമന്‍ വ്യക്തമാക്കി.

പുതിയ സിയാസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അവതരണവേളയില്‍ സംസാരിക്കവയൊണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചത്. സ്വിഫ്റ്റ് സ്‌പോര്‍ടിനെ ഇന്ത്യ അടുത്തെങ്ങും പ്രതീക്ഷിച്ചില്ലെങ്കിലും ജിമ്‌നി വിപണിയില്‍ വരുമെന്നു കാര്‍ പ്രേമികള്‍ ഇത്രനാളും വിശ്വസിച്ചിരുന്നു.

പുതിയ മോഡലുകളെ കരുതലോടെയാണ് മാരുതി ഇന്ത്യയില്‍ എന്നും അവതരിപ്പിക്കാറ്. വിപണിയില്‍ രണ്ടു ഡോര്‍ കോമ്പാക്ട് ഓഫ്‌റോഡ് വാഹനങ്ങള്‍ക്ക് വലിയ സാധ്യതയില്ലെന്നാണ് മാരുതിയുടെ വിലയിരുത്തല്‍.

ഓഫ്‌റോഡ് വാഹനങ്ങള്‍ക്ക് ആരാധകരേറെയുണ്ടെങ്കിലും മോഡല്‍ വാങ്ങുന്നവരുടെ എണ്ണം ആശാവഹമല്ല. അപ്പോള്‍ പിന്നെ ജിമ്‌നിയെ ഇങ്ങോട്ടു കൊണ്ടുവരുന്നതില്‍ അര്‍ത്ഥമില്ലെന്നു മാരുതി കരുതുന്നു.

മഹീന്ദ്ര ഥാര്‍, ഫോഴ്‌സ് ഗൂര്‍ഖ മോഡലുകളുടെ വില്‍പന കണക്കുകള്‍ പരിശോധിച്ചാല്‍ തന്നെ ഇക്കാര്യം ശരിയാണെന്നു തിരിച്ചറിയാം. സ്വിഫ്റ്റ് സ്‌പോര്‍ടിന്റെ കാര്യത്തിലും ചിത്രമിതുതന്നെ. എസ്-ക്രോസ് 1.6 ലിറ്റര്‍ പതിപ്പുമായി ആവേശത്തില്‍ എടുത്തുചാടിയതിന്റെ ക്ഷീണം കമ്പനിയെ ഇപ്പോഴും വിട്ടുമാറിയിട്ടില്ല.

സ്വിഫ്റ്റ് സ്‌പോര്‍ടിന്റെ ഉയര്‍ന്ന വില ഇന്ത്യന്‍ വിപണി അംഗീകരിക്കില്ലെന്ന ഉറപ്പ് മാരുതിയ്ക്കുണ്ട്. പൂര്‍ണ്ണ ഇറക്കുമതി മോഡലായി സ്വിഫ്റ്റ് സ്‌പോര്‍ടിനെ ഇന്ത്യയില്‍ കൊണ്ടുവന്നാല്‍ ഹാച്ച്ബാക്കിന് 20 മുതല്‍ 25 ലക്ഷം രൂപ വരെ വില കമ്പനിക്ക് നിശ്ചയിക്കേണ്ടതായി വരും.

പൂര്‍ണ്ണ ഇറക്കുമതി മോഡലുകള്‍ക്ക് ഉയര്‍ന്ന നികുതിയും ജിഎസ്ടി നിരക്കുകളും കേന്ദ്രം ഈടാക്കുന്നത് വില ഉയരാന്‍ കാരണമാവും. ഈ വിലയ്ക്ക് സ്‌കോഡ ഒക്ടാവിയ, ജീപ് കോമ്പസ് തുടങ്ങിയ ഉയര്‍ന്ന പ്രീമിയം കാറുകള്‍ ലഭിക്കുമ്പോൾ സ്വിഫ്റ്റ് സ്‌പോര്‍ടിന് ആവശ്യക്കാരുണ്ടാകില്ല.

ഇന്ത്യയില്‍ നിലവിലുള്ള മറ്റു പെര്‍ഫോര്‍മന്‍സ് ഹാച്ച്ബാക്കുകളുടെ കാര്യമെടുത്താലും സ്ഥിതിഗതികള്‍ പരിതാപകരമാണ്. ഫോക്‌സ്‌വാഗണ്‍ പോളോ, ഫിയറ്റ് പുന്തോ അബാര്‍ത്ത്, ബലെനോ RS എന്നിവര്‍ വില്‍പനയില്‍ ഉയര്‍ന്ന നേട്ടങ്ങള്‍ ഇതുവരെ കൈയ്യടക്കിയിട്ടില്ല.

ജിമ്‌നിക്കും സ്വിഫ്റ്റ് സ്‌പോര്‍ടിനും വേണ്ടി ആരാധകര്‍ താത്പര്യം കാട്ടുമെങ്കിലും വാങ്ങാന്‍ വരുന്നവര്‍ നന്നെ കുറവായിരിക്കുമെന്നാണ് മാരുതിയുടെ നിഗമനം. അതുകൊണ്ടു ഇന്ത്യയിലേക്ക് ഈ രണ്ടു മോഡലുകളെയും കൊണ്ടുവരേണ്ടതില്ലെന്നാണ് കമ്പനിയുടെ തീരുമാനം.

അതേസമയം പിന്നീടൊരു ഘട്ടത്തില്‍ ബലെനോ RS പോലെ സ്വിഫ്റ്റ് RS പതിപ്പിനെ മാരുതി നല്‍കിയേക്കും. ആരാധകരെ തൃപ്തിപ്പെടുത്താന്‍ ബലെനോ RS -ലുള്ള 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുമായി സ്വിഫ്റ്റ് RS -നെ മാരുതി വിപണിയില്‍ കൊണ്ടുവന്നേക്കാം.
Source: ZigWheels


Click it and Unblock the Notifications