ടാറ്റ H5X എസ്‌യുവിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്; എതിരാളി ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ്
ആദ്യം ടിയാഗൊ, തൊട്ടു പിന്നാലെ ടിഗോര്‍. ശേഷം നെക്‌സോണ്‍; കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി തൊടുന്നതെല്ലാം പൊന്നാക്കി മാറ്റുകയാണ് ടാറ്റ. പതിവു ഇന്‍ഡിക്ക രൂപത്തില്‍ നിന്നും കമ്പനി മാറി ചിന്തിച്ചപ്പോള്‍ വിപണിയില്‍ തകര്‍പ്പന്‍ ടാറ്റ മോഡലുകള്‍ പിറക്കുകയാണ്.
ടാറ്റ അടുത്തിടെ കാഴ്ചവെച്ച കോണ്‍സെപ്റ്റ് മോഡലുകളും ഈ പതിവു തെറ്റിക്കുന്നില്ല. വരാനുള്ള പുതിയ ടാറ്റ H5X എസ്‌യുവി വിപണിയില്‍ സംസാരവിഷയമായി മാറിക്കഴിഞ്ഞു.

എസ്‌യുവിയുമായി കൊണ്ടുപിടിച്ച പരീക്ഷണയോട്ടമാണ് ടാറ്റ നടത്തുന്നത്. ഏറ്റവുമൊടുവില്‍ പൂനെയില്‍ നിന്നും വീണ്ടും H5X -നെ ക്യാമറ പകര്‍ത്തി. കനത്തമറ മോഡലില്‍ തുടരുന്നു. ഹെഡ്‌ലാമ്പുകളും ടെയില്‍ലാമ്പുകളും താത്കാലികം മാത്രം.

അതേസമയം എസ്‌യുവിയുടെ രൂപഭാവങ്ങളിലേക്ക് പുതിയ ദൃശ്യങ്ങള്‍ വെളിച്ചം വീശുന്നുണ്ട്. പക്വതയേറിയ ഷൗള്‍ഡര്‍ ലൈനാണ് H5X -ന്. പിന്നിലേക്ക് വരുമ്പോള്‍ ഷൗള്‍ഡര്‍ ലൈന്‍ മുഴച്ചുനില്‍ക്കുന്നു. ചെരിഞ്ഞൊഴുകുന്ന ശൈലി മേല്‍ക്കൂരയില്‍ കാണാം.

ടാറ്റയുടെ ഏറ്റവും പുതിയ ഇംപാക്ട് ഡിസൈന്‍ 2.0 രൂപകല്‍പന സ്വീകരിക്കുന്ന ആദ്യ അവതാരമാണ് H5X. ഹെക്‌സഗണല്‍ ഗ്രില്ല് മോഡലില്‍ ഇടംപിടിക്കും. 4,575 mm നീളവും 1,960 mm വീതിയും 1,686 mm ഉയരവും ടാറ്റ H5X കോണ്‍സെപ്റ്റ് എസ്‌യുവിക്കുണ്ട്. വീല്‍ബേസ് 2,740 mm.

നെക്‌സോണില്‍ കണ്ട ഹ്യുമാനിറ്റി ലൈനിനെ H5X -ലേക്കും ടാറ്റ കൊണ്ടുവരും. 'ഊതിവീര്‍പ്പിച്ച' വീല്‍ആര്‍ച്ചുകള്‍, സ്‌കിഡ് പ്ലേറ്റുകള്‍, ഇരട്ടനിറമുള്ള ബമ്പര്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, പിറകിലേക്ക് വലിഞ്ഞുനീണ്ട ടെയില്‍ലാമ്പുകള്‍ എന്നിവ എസ്‌യുവിയുടെ രൂപകല്‍പനയില്‍ പ്രതീക്ഷിക്കാം.

പിറകിലേക്ക് എത്തിനില്‍ക്കുന്ന് ക്യാരക്ടര്‍ ലൈനിന് വീതിയേറും. അടുത്തവര്‍ഷം ആദ്യപാദത്തില്‍ അഞ്ചു സീറ്റര്‍ H5X എസ്‌യുവി വിപണിയില്‍ യാഥാര്‍ത്ഥ്യമാകും. ഹ്യുണ്ടായി ക്രെറ്റ, റെനോ ഡസ്റ്റര്‍, നിസാന്‍ ടെറാനോ, മാരുതി എസ്-ക്രോസ് എന്നിവര്‍ക്കുള്ള ടാറ്റയുടെ മറുപടിയാണ് പുതിയ H5X.

എഞ്ചിന്‍ വിവരങ്ങള്‍ ടാറ്റ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഫിയറ്റില്‍ നിന്നുള്ള 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് II ഡീസല്‍ എഞ്ചിന്‍ എസ്‌യുവിക്ക് തുടിപ്പേകുമെന്നാണ് സൂചന. ജീപ് കോമ്പസിലും ഇതേ എഞ്ചിനാണ്. മാനുവല്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷന്‍ ടാറ്റ എസ്‌യുവിയില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

2018 ഓട്ടോ എക്‌സ്‌പോയില്‍ വെച്ചാണ് H5X കോണ്‍സെപ്റ്റ് എസ്‌യുവിയെ ടാറ്റ ആദ്യം അവതരിപ്പിച്ചത്. എസ്‌യുവി വരുന്നത് കമ്പനിയുടെ പുതിയ ഒമേഗ (ഒപ്റ്റിമല്‍ മൊഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സസ്) അടിത്തറയില്‍.

പേരുകേട്ട ലാന്‍ഡ് റോവര്‍ LR4 ഷാസിയാണ് ഒമേഗയ്ക്ക് അടിസ്ഥാനം. 12 ലക്ഷം രൂപയ്ക്ക് താഴെ H5X -നെ ടാറ്റ അണിനിരത്തുമെന്നാണ് പ്രതീക്ഷ. നിലവില്‍ ശ്രേണി കൈയ്യടക്കിയ ഹ്യുണ്ടായി ക്രെറ്റയ്ക്ക് എതിരെ വില നിര്‍ണായക ഘടകമായി മാറും.

പത്തു ലക്ഷം രൂപ മുതലാണ് ഹ്യുണ്ടായി ക്രെറ്റയുടെ ഡീസല്‍ വകഭേദങ്ങള്‍ക്ക് തുടക്കം. ടാറ്റ നിരയില്‍ ഹെക്‌സയ്ക്കും നെക്‌സോണിനും ഇടയിലാകും H5X എസ്‌യുവിയുടെ സ്ഥാനം. H5X ന് പുറമെ H7X എന്ന ഏഴു സീറ്റര്‍ എസ്‌യുവി പതിപ്പിനെയും അണിയറിയില്‍ ഒരുക്കുന്നുണ്ട് ടാറ്റ.

H7X ന് H5X നെക്കാളും നീളം കൂടുതലുണ്ട്. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, വീതിയേറിയ പില്ലറുകള്‍, വലിയ അലോയ് വീലുകള്‍ എന്നിവ H7X നെ H5X ല്‍ നിന്നും വേറിട്ടു നിര്‍ത്തും. C പില്ലറിലേക്ക് ചെരിഞ്ഞിറങ്ങുന്ന മേല്‍ക്കൂരയാണ് H5X ന്. എന്നാല്‍ ചതുര മേല്‍ക്കൂരയാണ് H7X എസ്‌യുവിക്ക്.

മൂന്നാം നിര സീറ്റുകളെ ഉള്‍ക്കൊള്ളാന്‍ വേണ്ടിയാണിത്. ഈ വ്യത്യാസങ്ങള്‍ ഒഴിച്ചാല്‍ ഡിസൈനില്‍ H5X എസ്‌യുവിയുടെ തനി പകര്‍പ്പാണ് H7X. വിശാലമായ ആഢംബരം നിറഞ്ഞ അകത്തളമായിരിക്കും ടാറ്റയുടെ ഫ്ളാഗ്ഷിപ്പ് എസ്‌യുവികള്‍ക്ക്.

HD ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ, സണ്‍റൂഫ്, സറൗണ്ട് സംവിധാനം, ആറു എയര്‍ബാഗുകള്‍ പോലുള്ള പ്രീമിയം ഫീച്ചറുകള്‍ ടാറ്റ H7X ല്‍ പ്രതീക്ഷിക്കാം. ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, ഹോണ്ട CR-V എന്നിവര്‍ക്കുള്ള ടാറ്റയുടെ ഉത്തരമാണ് വരാനിരിക്കുന്ന H7X എസ്‌യുവി.
Spy Image Source: Rushlane


Click it and Unblock the Notifications








