അപകടത്തില്‍ കത്തിയമര്‍ന്ന് ഹെക്‌സ എസ്‌യുവി; രണ്ടു യുവാക്കള്‍ കൊല്ലപ്പെട്ടു!
കഴിഞ്ഞ ദിവസം മുംബൈയില്‍ അപകടത്തില്‍പ്പെട്ട ഹെക്‌സ എസ്‌യുവി നടുറോഡില്‍ കത്തിയമര്‍ന്നു. ഞായറാഴ്ച പുലര്‍ച്ചെ മുംബൈ ലാല്‍ബാഗ് മേല്‍പ്പാലത്തില്‍ വെച്ചു നടന്ന അപകടത്തില്‍ രണ്ടു യുവാക്കളാണ് കൊല്ലപ്പെട്ടത്. ഹെക്‌സയിലായിരുന്നു ഇരുവരും.

അമിതവേഗത്തില്‍ സഞ്ചരിച്ച എസ്‌യുവി നിയന്ത്രണം തെറ്റി മുന്‍സിപ്പാലിറ്റിയുടെ ശുചീകരണ ട്രക്കില്‍ ഇടിച്ചാണ് അപകടം. ശുചീകരണ നടപടികളില്‍ ഏര്‍പ്പെട്ടതിനാല്‍ ട്രക്ക് വളരെ പതുക്കെയാണ് നീങ്ങിയിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ട്രക്കില്‍ കൂട്ടിയിടിയുടെ ആഘാതത്തില്‍ റോഡിന് വെളിയിലേക്ക് തെറിച്ച ഹെക്‌സ, സമീപമുള്ള ഡിവൈഡറില്‍ ഇടിച്ചാണ് നിന്നത്. അപകടത്തിന് പിന്നാലെ പ്രദേശവാസികള്‍ ഓടിക്കൂടി ഉള്ളില്‍ അകപ്പെട്ടവരെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

കുടുങ്ങിയ നിലയിലായിരുന്നു എസ്‌യുവിയുടെ ഡോറുകള്‍. ശേഷം ഡോര്‍ വെട്ടിപ്പൊളിച്ചാണ് മുന്‍ യാത്രക്കാരന്റെ സീറ്റിലുണ്ടായിരുന്ന യുവാവിനെ ആളുകള്‍ പുറത്തെടുത്തത്. അതേസമയം കാറോടിച്ചിരുന്ന യുവാവിനെ പുറത്തെടുക്കാന്‍ ശ്രമിക്കുമ്പോഴേക്കും ഹെക്‌സയ്ക്ക് തീപിടിച്ചു.

അഗ്നിശമന സേനയെത്തി യുവാവിനെ പുറത്തെടുത്തപ്പോഴേക്കും ഏറെ വൈകിയിരുന്നു. പൂര്‍ണമായും കത്തി നശിച്ച നിലയിലാണ് ഹെക്‌സയും. അപകടത്തെ തുടര്‍ന്ന് ഡിവൈഡറില്‍ നിന്നുള്ള കേബിള്‍ വയറിലുണ്ടായ തീപ്പൊരിയാണ് തീപിടുത്തത്തിന് കാരണം.

ഡിവൈഡറില്‍ ഇടിച്ചു നിന്ന ഹെക്‌സയിലേക്ക് തീപടരുകയായിരുന്നെന്ന് കല്‍ചൗക്കി പൊലീസ് വ്യക്തമാക്കി. എസ്‌യുവി ഓടിച്ചിരുന്ന യുവാവിന്റെ അശ്രദ്ധമായ ഡ്രൈവിംഗാണ് അപകടത്തിന് കാരണം. അപകടസമയത്ത് നൂറു കിലോമീറ്ററിന് മേലെയാണ് എസ്‌യുവി സഞ്ചരിച്ചതെന്ന് പൊലീസ് റിപ്പോര്‍ട്ട് പറയുന്നു.

സാധാരണയായി കാറിന് തീപിടിക്കാനുള്ള ഏഴു വലിയ കാരണങ്ങള്‍ ഇവിടെ പരിശോധിക്കാം —
ഇന്ധനചോര്‍ച്ച
അപകടങ്ങള്‍ക്ക് പിന്നാലെ കാറില്‍ തീപടരുന്ന സംഭവങ്ങള്‍ പതിവാണ്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ഫ്യൂവല്‍ ലൈന്‍ തകര്‍ന്ന് ഇന്ധനം ചോരുന്ന സന്ദര്‍ഭം മിക്കപ്പോഴും തീപടരുന്ന സ്ഥിതിഗതികളിലേക്ക് നയിക്കും. ഫ്യൂവല്‍ ലൈനില്‍ (Fuel Line) നിന്നും ചോര്‍ന്നൊലിക്കുന്ന ഇന്ധനം എഞ്ചിനില്‍ കടക്കുമ്പോഴാണ് തീപിടിക്കാറുള്ളത്. എഞ്ചിനിലെ ഉയര്‍ന്ന താപത്തില്‍ ഇന്ധനം ആളിക്കത്തും.

സാധാരണയായി വാഹനം രൂപകൽപന ചെയ്യുമ്പോൾ ഇതിനു വേണ്ട മുന്‍കരുതലുകള്‍ നിര്‍മ്മാതാക്കള്‍ സ്വീകരിക്കാറുണ്ട്. ചെറിയ അപകടങ്ങളെ ഫ്യൂവല്‍ ലൈന്‍ പ്രതിരോധിക്കുമെങ്കിലും ആഘാതം വലുതെങ്കില്‍ ഫ്യൂവല്‍ ലൈന്‍ തകരാനുള്ള സാധ്യത കൂടുതലാണ്.

ബോണറ്റിനടിയില്‍ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കള്‍ മറന്നു വെയ്ക്കുക
ബോണറ്റ് തുറന്ന് എഞ്ചിന്‍ ബേ (Engine Bay) വൃത്തിയാക്കിയതിന് ശേഷം തുണിയും മറ്റു ക്ലീനറുകളും ബോണറ്റിനുള്ളില്‍ വെച്ചു പൂട്ടുന്ന ശീലം ചിലര്‍ക്കുണ്ട്. ഈ നടപടിയും കാറില്‍ തീപിടിക്കുന്നതിന് കാരണമാകാറുണ്ട്. എഞ്ചിന്‍ ക്രമാതീതമായി ചൂടാകുമ്പോള്‍ ബോണറ്റിനടിയില്‍ വെച്ചു മറന്ന തുണിയിലും ക്ലീനറിലും തീ കത്തി പിടിച്ചേക്കാം.

വയറിംഗില്‍ കൃത്രിമം
ആഫ്റ്റര്‍മാര്‍ക്ക്റ്റ് ആക്സസറികളോട് മിക്കവര്‍ക്കും വലിയ പ്രിയമാണ്. തിളക്കമാര്‍ന്ന ലാമ്പുകളും ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനങ്ങളും കാറിന്റെ ചന്തം കൂട്ടുമെന്ന കാര്യത്തില്‍ സംശയമില്ല.
എന്നാല്‍ ഇത്തരം ആക്‌സസറികള്‍ക്ക് വേണ്ടി ചെയ്യുന്ന വയറിംഗ് കൃത്യമല്ലെങ്കില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിന് വഴിതെളിക്കും. ചെറിയ ഷോട്ട് സര്‍ക്യൂട്ട് മതി കാറിലെ മുഴുവന്‍ വൈദ്യുത സംവിധാനവും താറുമാറാകാന്‍. കാറില്‍ തീപിടിക്കുന്നതിന് ഷോട്ട് സര്‍ക്യൂട്ടും കാരണമാണ്.

അനധികൃത സിഎന്‍ജി/എല്‍പിജി കിറ്റുകള്‍
പെട്രോള്‍, ഡീസലുകള്‍ക്ക് ബദലായുള്ള സിഎന്‍ജി, എല്‍പിജി കിറ്റുകള്‍ക്ക് ഇന്ന് പ്രചാരമേറുന്നുണ്ട്. സിഎന്‍ജി, എല്‍പിജി കിറ്റുകള്‍ക്ക് പണം ഏറെ ചെലവാകില്ലെന്നത് തന്നെ പ്രചാരത്തിന് കാരണം. സിലിണ്ടറിലുള്ള സമ്മര്‍ദ്ദമേറിയ വാതകങ്ങളെ പ്രത്യേക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് എഞ്ചിനിലേക്ക് കടത്തി വിടുന്നത്.

അതിനാല്‍ ഡെലിവറി ലൈനില്‍ അല്ലെങ്കില്‍ കിറ്റില്‍ ഉണ്ടാകുന്ന ചെറിയ പിഴവ് പോലും വലിയ അപകടങ്ങള്‍ക്ക് വഴിതെളിക്കും. ഗുണനിലവാരം കുറഞ്ഞ കിറ്റെങ്കില്‍ തീ കത്തി പിടിക്കാനുള്ള സാധ്യത കൂടുതലാണ്.

ഡിസൈന്‍ പാളിച്ചകള്‍
ഡിസൈന്‍ പാളിച്ചകളും കാര്‍ തീപിടിക്കാനുള്ള കാരണങ്ങളില്‍ ഒന്നാണ്. ആദ്യ കാലത്ത് ടാറ്റ നാനോയില്‍ തീപിടിക്കുന്ന സംഭവങ്ങള്‍ പതിവായിരുന്നു. ഡിസൈന്‍ പാളിച്ചയാണ് തീപിടുത്തതിന് കാരണമെന്ന തിരിച്ചറിഞ്ഞ ഡിസൈനര്‍മാര്‍ അടിയന്തരമായി പ്രശ്‌നം പരിഹരിച്ചാണ് നാനോകളെ ശേഷം പുറത്തിറക്കിയത്.

ഗുണനിലവാരം കുറഞ്ഞ ആഫ്റ്റര്‍മാര്‍ക്കറ്റ് എക്‌സ്‌ഹോസ്റ്റ്
കാറിന്റെ കരുത്തും എക്‌സ്‌ഹോസ്റ്റ് ശബ്ദവും കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ആഫ്റ്റര്‍മാര്‍ക്കറ്റ് എക്‌സ്‌ഹോസ്റ്റുകളുടെ പ്രധാന ലക്ഷ്യം. എക്‌സ്‌ഹോസ്റ്റ് വാതകങ്ങളെ സുഗമമായി പുറന്തള്ളുന്ന വിധത്തിലാണ് ഇത്തരം എക്‌സ്‌ഹോസ്റ്റുകളുടെ രൂപകല്‍പനയും.

ചില അവസരങ്ങളില്‍ എക്‌സ്‌ഹോസ്റ്റ് വാതകങ്ങളുടെ താപം 900 ഡിഗ്രി സെല്‍ഷ്യല്‍ വരെ വര്‍ധിക്കാറുണ്ട്. ആഫ്റ്റര്‍മാര്‍ക്കറ്റ് എക്‌സ്‌ഹോസ്റ്റിന് ഗുണനിലവാരം കുറവെങ്കില്‍ കാറിൽ തീപിടിക്കാനുള്ള സാധ്യത വർധിക്കും.

എക്‌സ്‌ഹോസ്റ്റിലെ 'തീക്കളികള്‍'
സൂപ്പര്‍കാറുകളില്‍ കണ്ടു വരുന്ന ആഫ്റ്റര്‍ബേണ്‍ പ്രതിഭാസത്തെ (എക്‌സ്‌ഹോസ്റ്റില്‍ നിന്നും തീ തുപ്പുക) സാധാരണ കാറുകളിലേക്ക് പകര്‍ത്താനുള്ള ശ്രമങ്ങള്‍ ഇന്ത്യയില്‍ തകൃതിയായി നടക്കുന്നുണ്ട്. മറ്റുള്ളവര്‍ക്ക് മുമ്പില്‍ ആളാവാന്‍ വേണ്ടി വ്യാജ ആഫ്റ്റര്‍ബേണ്‍ എക്‌സ്‌ഹോസ്റ്റുകളെ കാറില്‍ ഘടിപ്പിച്ചു വിലസുന്നവരാണ് പലരും.

എക്‌സ്‌ഹോസ്റ്റ് പൈപിനുള്ളില്‍ ഘടിപ്പിച്ച സ്പാര്‍ക്ക് പ്ലഗ് മുഖേന എക്‌സ്‌ഹോസ്റ്റ് വാതകങ്ങളെ കത്തിച്ചാണ് ഇത്തരക്കാര്‍ നിര്‍വൃതി അണയാറുള്ളത്. ഇവിടെയും എക്‌സ്‌ഹോസ്റ്റിലുണ്ടാകുന്ന ചെറിയ ഒരു പാളിച്ച മതി തീ കത്തിപിടിക്കാന്‍.


Click it and Unblock the Notifications








