പ്രതീക്ഷ വാനോളം; പുതിയ സെഡാന്റെ ടീസര്‍ ടാറ്റ പുറത്തുവിട്ടു, മത്സരം ഹോണ്ട സിറ്റിയുമായി
ഇനി വാഹനനിര്‍മ്മാതാക്കളെല്ലാം കച്ചമുറുക്കി ജനീവയിലേക്ക്. ഇക്കുറി ജനീവ മോട്ടോര്‍ഷോയ്ക്കായി ടാറ്റ കാത്തുവെച്ചിട്ടുള്ള പുതിയ കോമ്പാക്ട് സെഡാനിലേക്കാണ് ഇന്ത്യന്‍ കണ്ണുകള്‍. ടാറ്റ പുറത്തുവിട്ട കാറിന്റെ ആദ്യ ടീസര്‍ തന്നെ പ്രതീക്ഷ വാനോളമുയര്‍ത്തി.

ഇപ്പോള്‍ പുതിയ ഫ്‌ളാഗ്ഷിപ്പ് സെഡാന്റെ രണ്ടാം ടീസറും ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ പുറത്ത് വിട്ടിരിക്കുകയാണ്. ഭാവി ഡിസൈനിലുള്ള ഹെഡ്‌ലാമ്പാണ് ടാറ്റുടെ പുതിയ കോണ്‍സെപ്റ്റ് സെഡാന്.

പാതി ഗ്രില്ലില്ലേക്കും ടീസര്‍ ചിത്രം വെളിച്ചം വീശുന്നുണ്ട്. നെക്‌സോണില്‍ കണ്ട ഹ്യുമാനിറ്റി ലൈന്‍ പുതിയ സെഡാനിലുമുണ്ടാകും. ഗ്രില്ലിനും ഹെഡ്‌ലാമ്പുകള്‍ക്കും കീഴെ ഒരുങ്ങുന്ന വെള്ള വരയാണ് 'ഹ്യുമാനിറ്റി ലൈന്‍'.

വരും ഭാവിയില്‍ ടാറ്റയുടെ പുതിയ മുഖമുദ്രയാകും ഹ്യുമാനിറ്റി ലൈന്‍. മള്‍ട്ടി-ഹെഡ്‌ലാമ്പാണ് കാറിന് ലഭിച്ചിട്ടുള്ളതെന്നാണ് സൂചന. ലൈറ്റുകള്‍ക്ക് താഴെ ചെറിയ സില്‍വര്‍ അടിവരയും കാണാന്‍ സാധിക്കുന്നുണ്ട്.

ചാഞ്ഞിറങ്ങുന്ന എന്നാല്‍ മൂര്‍ച്ചയേറിയ ബോണറ്റാണ് സെഡാനെന്ന് ആദ്യം പുറത്ത് വന്ന ടീസര്‍ വെളിപ്പെടുത്തിയിരുന്നു. അഗ്രസീവ് ഹെഡ്‌ലാമ്പുകളുടെ പശ്ചാത്തലത്തില്‍ 'കൂര്‍ത്തു' നില്‍ക്കുന്ന മുഖഭാവമാകും പുതിയ കോണ്‍സെപ്റ്റ് സെഡാന് ലഭിക്കുക.
Recommended Video


ടാറ്റയുടെ ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷയില്‍ അഡ്വാന്‍സ്ഡ് മോഡ്യുലാര്‍ അടിത്തറയില്‍ നിന്നുമാകും പുതിയ സെഡാന്റെയും ഒരുക്കം. 2018 ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ അവതരിപ്പിച്ച 45X ഹാച്ച്ബാക്കും ഇതേ അടിത്തറയില്‍ നിന്നുമാണ്.

വലിയ വീലുകള്‍, ഊതി വീര്‍പ്പിച്ച വീല്‍ ആര്‍ച്ചുകള്‍, ഭീമന്‍ ഫെന്‍ഡറുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷ. പുതിയ സെഡാനിലും ഇതൊക്കെ പ്രതീക്ഷിക്കാം.

45X ഹാച്ച്ബാക്കിനും, H5X എസ്‌യുവിയ്ക്കും ശേഷം ടാറ്റ അവതരിപ്പിക്കുന്ന മൂന്നാമത്തെ കോണ്‍സെപ്റ്റ് മോഡലാണിത്. കോണ്‍സെപ്റ്റുകളെ യാഥാര്‍ത്ഥ്യമാക്കാനുള്ള ടാറ്റയുടെ കഴിവില്‍ വിപണിയ്ക്ക് പൂര്‍ണ വിശ്വാസമുണ്ട്.

മുമ്പ് ടിയാഗൊയും, ടിഗോറും ശേഷം നെക്‌സോണും ഇതിനുത്തമ ഉദ്ദാഹരണങ്ങളാണ്. കമ്പനിയുടെ പ്രീമിയം നിരയിലേക്കാകും പുതിയ സെഡാന്റെ ഉത്പാദന പതിപ്പ് കടന്നുവരിക.

ഇന്ത്യന്‍ നിര്‍മ്മാതാക്കളുടെ റെവട്രൊണ്‍, റെവടോര്‍ഖ് എഞ്ചിനുകളാകും സെഡാനില്‍ ഒരുങ്ങുക. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളെ പ്രീമിയം സെഡാനില്‍ പ്രതീക്ഷിക്കുന്നതിലും തെറ്റില്ല.

ഹോണ്ട സിറ്റി, ഹ്യുണ്ടായി വേര്‍ണ, മാരുതി സിയാസ് എന്നിവരോടാകും ടാറ്റ സെഡാന്‍ വിപണിയില്‍ മത്സരിക്കുക. എന്തായാലും മാര്‍ച്ച് ആറിന് ആരംഭിക്കുന്ന ജനീവ മോട്ടോര്‍ ഷോയില്‍ പുതിയ വിസ്മയങ്ങള്‍ ടാറ്റ കാത്തുവെച്ചിട്ടുണ്ടെന്ന സൂചന ലഭിച്ചു കഴിഞ്ഞു.


Click it and Unblock the Notifications