പ്രളയക്കെടുതിയില്‍ സഹായവുമായി ടാറ്റയും
പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ ടാറ്റ. കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് സൗജന്യ റോഡ്‌സൈഡ് അസിസ്റ്റന്‍സ് ടാറ്റ മോട്ടോര്‍സ് പ്രഖ്യാപിച്ചു. വെള്ളത്തില്‍ മുങ്ങിയ വാഹനങ്ങള്‍ സമീപമുള്ള ഡീലര്‍ഷിപ്പുകളില്‍ സൗജന്യമായി ടാറ്റ എത്തിക്കും. ഇതിനായി 1802-09-7979 എന്ന ടോള്‍ഫ്രീ നമ്പറില്‍ ഉപഭോക്താക്കള്‍ക്ക് ബന്ധപ്പെടാം.

പ്രളയക്കാലത്ത് വാഹനമോടിക്കുമ്പോള്‍ ഉപഭോക്താക്കള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ടാറ്റ അറിയിച്ചു. ടാറ്റയ്ക്ക് പുറമെ ബിഎംഡബ്ല്യു, ഫോക്‌സ്‌വാഗണ്‍, മെര്‍സിഡീസ് ബെന്‍സ് എന്നീ വാഹന നിര്‍മ്മാതാക്കളും കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് പ്രത്യേക സര്‍വീസ് സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിലെ ഡീലര്‍ഷിപ്പുകള്‍ മുഴുവന്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജമാണെന്നു കമ്പനികള്‍ വ്യക്തമാക്കി. എണ്ണമറ്റ വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതിനാല്‍ വിദഗ്ധരടങ്ങുന്ന പ്രത്യേക സംഘത്തെ അതത് നിര്‍മ്മാതാക്കള്‍ കേരളത്തിലെ ഡീലര്‍ഷിപ്പുകളില്‍ നിയോഗിച്ചു കഴിഞ്ഞു.

ഡീലര്‍ഷിപ്പുകളില്‍ എത്തുന്ന വാഹനങ്ങള്‍ എത്രയുംപെട്ടെന്നു റിപ്പയര്‍ ചെയ്തു നല്‍കാന്‍ തങ്ങള്‍ പരമാവധി ശ്രമിക്കുമെന്ന് പത്രക്കുറിപ്പില്‍ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. ഇതിനുവേണ്ടി ഡീലര്‍ഷിപ്പുകളില്‍ സ്‌പെയര്‍പാര്‍ട്‌സുകളുടെ ലഭ്യത കമ്പനികള്‍ ഉറപ്പുവരുത്തും.

മാത്രമല്ല ഇന്‍ഷുറന്‍സ് ക്ലെയിം നടപടികള്‍ ഡീലര്‍ഷിപ്പുകളില്‍ ദ്രുതഗതിയില്‍ നടപ്പിലാകും. വെള്ളക്കെട്ടില്‍ വാഹനം നിന്നുപോയാല്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കരുതെന്നാണ് നിര്‍മ്മാതാക്കള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന പ്രധാന നിര്‍ദ്ദേശം.

വെള്ളത്തില്‍ വെച്ച് വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ പുകക്കുഴലിലൂടെ വെള്ളം എഞ്ചിനകത്തേക്ക് കയറും. എഞ്ചിനില്‍ വെള്ളം കടന്നുകയറിയാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍ സാധ്യത കുറയും.

ഇക്കാര്യം മുന്‍നിര്‍ത്തി സൗജന്യ റോഡ്‌സൈഡ് അസിസ്റ്റന്‍സ് നമ്പറില്‍ ബന്ധപ്പെട്ട് വാഹനം ഡീലര്‍ഷിപ്പുകളില്‍ എത്തിക്കാനാണ് ഉപഭോക്താക്കള്‍ ശ്രമിക്കേണ്ടത്.


Click it and Unblock the Notifications