ഐപിഎല്‍ ലഹരിയിൽ ടാറ്റ; മുംബൈ ഇന്ത്യന്‍സിന്റെ ജേഴ്‌സി അണിഞ്ഞ് നെക്‌സോണ്‍!
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഔദ്യോഗിക പങ്കാളിയാണ് ടാറ്റ നെക്‌സോണ്‍. മാന്‍ ഓഫ് ദി സീരീസായി തെരഞ്ഞെടുക്കുന്ന താരത്തെ കാത്ത് കളത്തിന് പുറത്ത് ഒരു നെക്‌സോണ്‍ എസ്‌യുവി ഒരുങ്ങി നില്‍പ്പുണ്ട്.

എന്നാല്‍ ഇപ്പോള്‍ ക്രിക്കറ്റ് മാമാങ്കത്തിന്റെ ആവേശം ഉള്‍ക്കൊണ്ട ടാറ്റ, നെക്‌സോണ്‍ മുംബൈ ഇന്ത്യന്‍സ് പതിപ്പിനെ അണിയിച്ചൊരുക്കി കഴിഞ്ഞു. കമ്പനിയുടെ മുംബൈ ഡീലര്‍ഷിപ്പില്‍ നിന്നുമാണ് നെക്‌സോണ്‍ മുംബൈ ഇന്ത്യന്‍സ് ലിമിറ്റഡ് എഡിഷന്റെ ആദ്യ ചിത്രങ്ങള്‍.

മുംബൈ ഇന്ത്യന്‍സിന്റെ ലോഗോയാണ് കോമ്പാക്ട് എസ്‌യുവിയില്‍ മുഴുവന്‍. മുന്‍ വീല്‍ ആര്‍ച്ചുകളിലും പിന്നിലെ ഹാച്ച് ഡോറിലും ലോഗോ തെളിഞ്ഞു കാണാം.

മുംബൈ ഇന്ത്യന്‍സിന്റെ ടീം ജേഴ്‌സിയെ അനുസ്മരിപ്പിക്കുന്ന നിറങ്ങളാണ് ലിമിറ്റഡ് എഡിഷനില്‍. നീലയും സില്‍വറുമാണ് നിറങ്ങള്‍; ബമ്പറുകള്‍ക്ക് മഞ്ഞയും.

ഫോഗ് ലാമ്പുകള്‍ക്ക് ചുറ്റും ഇതേ മഞ്ഞ നിറം കാണാം. ഇതിനെല്ലാം പുറമെ കോണ്‍ട്രാസ്റ്റ് ലുക്ക് നല്‍കാന്‍ ബോണറ്റില്‍ കറുത്ത ജിടി വരകളുമുണ്ട്. മേല്‍ക്കൂരയ്ക്ക് മാറ്റ് ബ്ലൂ നിറമാണ്.

സ്‌പോയിലറും ഷൗള്‍ഡര്‍ ലൈനും ഒഴുകുന്നത് ഇതേ നിറത്തില്‍ തന്നെ. നെക്‌സോണ്‍ മുംബൈ ഇന്ത്യന്‍സ് പതിപ്പിനെ ടാറ്റ വിപണിയില്‍ എത്തിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഏറ്റവും ഉയര്‍ന്ന XZ പ്ലസ് വകഭേദത്തെ അടിസ്ഥാനപ്പെടുത്തിയാണ് ലിമിറ്റഡ് എഡിഷന്റെ ഒരുക്കം. അതേസമയം അകത്തളത്തിലും മെക്കാനിക്കല്‍ മുഖത്തും മാറ്റങ്ങള്‍ ഒന്നുമില്ലെന്നാണ് വിവരം.

അടുത്ത മൂന്നു വര്‍ഷത്തേക്ക് ടാറ്റ നെക്‌സോണാണ് ഐപിഎല്ലിന്റെ ഔദ്യോഗിക പങ്കാളി. ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ക്രിക്കറ്റ് പിച്ചിലേക്കുള്ള ടാറ്റയുടെ തിരിച്ചുവരവ്.

ടിയാഗൊ ഹാച്ച്ബാക്കിന് ശേഷം ടാറ്റ നിരയില്‍ നിന്നും ഏറ്റവുമധികം വില്‍ക്കപ്പെടുന്ന മോഡലാണ് നെക്സോണ്‍. മാരുതി വിറ്റാര ബ്രെസ്സ അടക്കിവാഴുന്ന കോമ്പാക്ട് എസ്‌യുവി നിരയിലേക്ക് 5.85 ലക്ഷം രൂപ ആരംഭവിലയിലാണ് നെക്സോണ്‍ പെട്രോള്‍ പതിപ്പിനെ ടാറ്റ അവതരിപ്പിച്ചത്.

6.85 ലക്ഷം രൂപ ആരംഭവിലയിലാണ് നെക്സോണ്‍ ഡീസല്‍ പതിപ്പ് വിപണിയില്‍ എത്തുന്നതും. വിലയില്‍ ഉപരി ബെസ്റ്റ്-ഇന്‍-ക്ലാസ് ഫീച്ചറുകളും ഡിസൈനും ടാറ്റ നെക്സോണിന്റെ പ്രചാരം വര്‍ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.

108.5 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് റെവട്രൊണ്‍ പെട്രോള്‍ എഞ്ചിനും, 108.5 bhp കരുത്തും 260 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ റെവടോര്‍ഖ് ഡീസല്‍ എഞ്ചിനുമാണ് നെക്സോണില്‍ ടാറ്റ ഒരുക്കുന്നത്.

ഇരു എഞ്ചിന്‍ പതിപ്പുകളും ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പമാണ് ലഭ്യമാകുന്നതും. ടാറ്റ നെക്സോൺ എഎംടി പതിപ്പ് വിപണിയിൽ ഉടൻ എത്താനിരിക്കുകയാണ്.


Click it and Unblock the Notifications